ദേശീയപാതാ നിർമാണം; ചെർക്കള പ്രൈമറി സ്കൂൾ മതിൽ പുനർനിർമിച്ചില്ല, ചെളിവെള്ളം മുറ്റത്തേക്ക്, നാട്ടുകാർ സമരത്തിന്

ചെർക്കള : ദേശീയപാതാ നിർമാണപ്രവൃത്തിക്കിടയിൽ ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രൈമറിവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്നുണ്ടായിരുന്ന മതിൽ തകർന്നിട്ട് മൂന്ന് വർഷം പിന്നിട്ടിടും പുനർനിർമിച്ചില്ല. മഴക്കാലത്ത് സ്കൂൾമുറ്റത്ത് ചെളിവെള്ളം കെട്ടിനിൽക്കുന്നതോടൊപ്പം വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നു.
മതിൽ പുനർനിർമിക്കണമെന്ന് ദേശീയപാതാ നിർമാണ കമ്പനിയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നുവെന്നാണ് പി.ടി.എ. ഭാരവാഹികൾ പറയുന്നത്. നിർമാണ കമ്പനിയുടെ അനാസ്ഥയ്ക്കെതിരേ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
ദേശീയപാതയോട് ചേർന്നുള്ള പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികൾ ഉൾപ്പെടെ ചെളിവെള്ളക്കെട്ട് കടന്നാണ് ക്ലാസ് മുറികളിലെത്തുന്നത്. മതിൽ തകർന്നതിനെ തുടർന്ന് രാത്രികാലങ്ങളിൽ സമൂഹവിരുദ്ധർ സ്കൂളിന് സമീപത്ത് മലമൂത്രവിസർജനം നടത്തുന്നു. സ്കൂളിന് മുൻഭാഗത്തുള്ള നടപ്പാതയുടെ നിർമാണവും പൂർത്തീകരിച്ചിട്ടില്ല. ദേശീയപാതയുടെ ഇരുവശത്തായി പ്രവർത്തിക്കുന്ന ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 3600 കുട്ടികളാണ് പഠിക്കുന്നത്.
മാർത്തോമ ബധിര വിദ്യാലയം, ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം, ചെങ്കള ഗ്രാമപ്പഞ്ചായത്ത് കാര്യാലയം, കൃഷി ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയവിടങ്ങളിലേക്ക് പോകുന്നതിന് ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിന്റെ നിർമാണവും ഇഴയുകയാണെന്ന് സ്കൂൾ പി.ടി.എ. യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡൻറ് മുനീർ പി. ചെർക്കളം അധ്യക്ഷനായി. കബീർ ചെർക്കളം, അബ്ബാസ് ബംബ്രാണി, എം.പി. സിദ്ദീഖ്, ഇബ്രാഹിം ബേർക്ക, സുബൈർ സിലോൺ, സമീറ അബ്ബാസ്, ഉമ്മാലി ഷാഫി, ഷാക്കീറ അഷറഫ്, ഹസിനാ റഷീദ് എന്നിവർ സംസാരിച്ചു.

