KSDLIVENEWS

Real news for everyone

ആവേശം നുരഞ്ഞുപൊന്തി കലാശക്കൊട്ട്; യുവത്വത്തിന്റെ പോരിൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്

SHARE THIS ON

കോട്ടയം∙ രാഷ്ട്രീയ കേരളം ഏറെക്കുറെ പൂർണമായും പുതുപ്പള്ളിയുടെ നാലതിരുകളിലേക്ക് ചുരുങ്ങിയ നാല് ആഴ്ചകൾ. രാഷ്ട്രീയ സംവാദങ്ങളും അതിൽനിന്ന് ഉരുത്തിരിഞ്ഞ രാഷ്ട്രീയ വിവാദങ്ങളും ചൂടുപിടിപ്പിച്ച പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലങ്ങൾക്ക് പാമ്പാടി നഗരമധ്യത്തിൽ ചാറ്റൽ മഴയുടെ അകമ്പടിയോടെ കലാശക്കൊട്ട്. പുതുപ്പള്ളിയുടെ വികസനം കേരളത്തിന്റെ ‘ദേശീയ പ്രശ്ന’മായി മാറിയ ബഹളമയമായ പ്രചാരണ നാളുകൾക്ക് തൽക്കാലം വിട. രാഷ്ട്രീയ സംവാദങ്ങളും പ്രസ്താവനകളും വിവാദങ്ങളുമായി ഏതാനും ആഴ്ചകളായി കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായി മാറിയ പുതുപ്പള്ളിയിൽ ഇനി ഒരു ദിവസം നിശബ്ദ പ്രചാരണം. അതിനുശേഷം രണ്ടാം പിണറായി സർ‍ക്കാർ നേരിടുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിനായി പുതുപ്പള്ളിയിലെ വോട്ടർമാർ ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. എട്ടിന് വോട്ടെണ്ണൽ.

കഴിഞ്ഞ അര നൂറ്റാണ്ടിനിടെ പുതുപ്പള്ളിയുടെ മറുപേരായി മാറിയ കേരള രാഷ്ട്രീയത്തിലെ ഒരേയൊരു ഉമ്മൻ ചാണ്ടിയുെട പൈതൃകവുമായി മകൻ ചാണ്ടി ഉമ്മൻ യുഡിഎഫിനായും, ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് സ്പന്ദനങ്ങൾ ഏറ്റവും നന്നായി അറിയാവുന്ന യുവത്വത്തിന്റെ കരുത്ത് ജയ്ക് സി. തോമസ് എൽഡിഎഫിനായും, ഒരു രാജ്യം ഒന്നടങ്കം തോളേറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങളുടെ പുതുപ്പള്ളിയിലെ പതാകവാഹകനാകാൻ ലിജിൻ ലാൽ എൻഡിഎയ്ക്കായും പോരാടിക്കുന്ന തിരഞ്ഞെടുപ്പിന് രാഷ്ട്രീയ മാനങ്ങൾ ഒട്ടേറെ. ഈ ഉപതിരഞ്ഞെടുപ്പിന്റെ അലയൊലികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും പ്രതിഫലിച്ചേക്കാമെന്ന് കരുതുന്നവരുണ്ട്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായി ഗണിക്കപ്പെടാവുന്ന ഹിതപരിശോധനയായി കാണുന്നവരുമുണ്ട്.


കലാശക്കൊട്ടിനിടെ പ്രവർത്തകർക്ക് ആവേശം പകർന്ന് വാഹനത്തിനു മുകളിൽ കയറി പതാക വീശുന്ന ഷാഫി പറമ്പിൽ എംഎൽഎ.

ഒരു മാസത്തോളം നീണ്ട പ്രചാരണ ബഹളങ്ങളുടെ പരിസമാപ്തി എന്ന നിലയിൽ, പ്രവർത്തകരുടെ ആവേശം കൊടുമുടിയേറുന്ന കാഴ്ചയായിരുന്നു കലാശക്കൊട്ടു നടന്ന പാമ്പാടിയിൽ. ഏതാനും ആഴ്ചകളായി കേരള രാഷ്ട്രീയത്തിലെ ‘സൂപ്പർ താര’ങ്ങൾ ഇളക്കിമറിച്ചിട്ട പുതുപ്പള്ളിയുടെ മണ്ണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സുസജ്ജമെന്ന് തെളിയിച്ച ആവേശം. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വാഹനപര്യടനങ്ങളിലൂടെ സ്ഥാനാർഥികൾ കൊളുത്തിവിട്ട ആവേശമത്രയും വൈകിട്ടോടെ പാമ്പാടിയിൽ സംഗമിച്ചു. അവസാന ഘട്ടത്തിലും അണുവിട പിന്നിൽ പോകില്ലെന്ന നിശ്ചയദാർഢ്യവുമായി പ്രവർത്തകർ നിലയുറപ്പിച്ചതോടെ, കലാശക്കൊട്ടിന്റെ പ്രകമ്പനം പാമ്പാടിയെ വിറപ്പിച്ചു.


കലാശക്കൊട്ടിനിടെ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ജെയ്‌ക് സി.തോമസ്.
സ്ഥാനാർഥികൾക്കൊപ്പം പാർട്ടി പ്രവർത്തകർക്ക് ആവേശം പകർന്ന് ഒട്ടേറെ നേതാക്കളാണ് കലാശക്കൊട്ടിനായി പാമ്പാടിയിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, എംഎൽഎമാരായ ടി.സിദ്ദിഖ്, ഷാഫി പറമ്പിൽ, ഉമാ തോമസ്, സിപിഎം നേതാവ് ഷിജു ഖാൻ, കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ കലാശക്കൊട്ടിലെ താരങ്ങളായി. പാമ്പാടിയിൽ കലാശക്കൊട്ട് കത്തിക്കയറുമ്പോൾ ട്രെൻഡായി മാറിയ അതിവേഗ ചുവടുവയ്പ്പോടെ വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ


കലാശക്കൊട്ടിനിടെ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ എന്നിവർ.

ഓഗസ്റ്റ് എട്ടിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ കേരള രാഷ്ട്രീയത്തിന്റെ ചലനങ്ങൾ പുതുപ്പള്ളി കേന്ദ്രീകരിച്ചായിരുന്നു. പുതുപ്പള്ളിയുടെ എല്ലാമെല്ലാമായിരുന്ന ഉമ്മൻ ചാണ്ടി അന്തരിച്ച് 26 ദിവസത്തിനുള്ളിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പിന്നാലെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുമായതോടെ പോരാട്ട ചിത്രം തെളിഞ്ഞു. പുതുപ്പള്ളിയിലെ സ്ഥാനാർഥികളിൽ ചാണ്ടി ഉമ്മനും ജെയ്ക് സി.തോമസും പാർട്ടിയുടെ യുവജനവിഭാഗം ദേശീയ ഭാരവാഹികളാണ്. ബിജെപി ജില്ലാ പ്രസിഡന്റായ ലിജിൻ ലാൽ മുൻപു യുവമോർച്ച സംസ്ഥാന സെക്രട്ടറി പദവി വഹിച്ചു.


കലാശക്കൊട്ടിനിടെ ടി.സിദ്ദിഖ് എംഎൽഎ, യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി തുടങ്ങിയവർ.
കേരള രാഷ്ട്രീയത്തിൽ വളരെ അപൂർവമായ യുവത്വത്തിന്റെ പോരിനു കൂടിയാണ് പുതുപ്പള്ളി ഒരുങ്ങുന്നത്. പ്രധാന മുന്നണികളുടെ സ്ഥാനാർഥികൾക്കെല്ലാം നാൽപതോ അതിൽ താഴയോ മാത്രമാണ് പ്രായം. ഇത്രയും ചെറുപ്പക്കാരായ മുന്നണി സ്ഥാനാർഥികൾ ഏറ്റുമുട്ടുന്നതു കേരള നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽത്തന്നെ ആദ്യം. പുതുപ്പള്ളിയിലെ സ്ഥാനാർഥികളിൽ ജെയ്ക് സി.തോമസിന് 33 ആണ് പ്രായം. ചാണ്ടി ഉമ്മന് 37 വയസ്സും ജി.ലിജിൻലാൽ 40 വയസ്സും. സ്ഥാനാർഥികളുടെ ശരാശരി പ്രായം 37. ഫലത്തിൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് യുവത്വത്തിന്റെ ആഘോഷം കൂടിയാകുന്നു.


കലാശക്കൊട്ടിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,000 വോട്ടിന്റെ ഭൂരിപക്ഷം മകൻ ചാണ്ടി ഉമ്മൻ കന്നിയങ്കത്തിൽ മറികടക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. ഉമ്മൻ ചാണ്ടിയുടെ വ്യക്തിപ്രഭാവത്തിനു മുന്നിൽ രണ്ടു തവണ കൈവിട്ടു കളഞ്ഞ പുതുപ്പള്ളിക്കാർ, മൂന്നാം വരവിൽ ജെയ്ക്കിനെ ചേർത്തു പിടിക്കുമെന്ന ആത്മവിശ്വാസമാണ് എൽഡിഎഫിന്റെ കൈമുതൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങളുടെ ഭാഗമാകാൻ പുതുപ്പള്ളിക്കാർ ഒപ്പമുണ്ടാകുമെന്ന ഉറപ്പിൽ എൻഡിഎയും ആത്മവിശ്വാസത്തിലാണ്. തീരുമാനിക്കേണ്ടത് പുതുപ്പള്ളിയിലെ വോട്ടർമാരാണ്. അവർ ഇതിൽ ആരെ തള്ളും, ആരെ കൊള്ളും? ഉത്തരം ഈ മാസം എട്ടിനു കിട്ടും. അതുവരെ കാത്തിരിപ്പ്.

കലാശക്കൊട്ടിനിടെ തൃക്കാക്കര എംഎൽഎ ഉമാ തോമസ്.

കലാശക്കൊട്ടിനിടെ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പ്രവർത്തകർക്കൊപ്പം.

കലാശക്കൊട്ടിനിടെ പതാക വീശുന്ന ഷാഫി പറമ്പിൽ എംഎൽഎ.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിനം പുതുപ്പള്ളിയിലെ എഎപി സ്ഥാനാർഥി ലൂക്ക് തോമസ് പ്രവർത്തകർക്കൊപ്പം.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിനം റോഡ് ഷോയ്‌ക്കിടെ ശശി തരൂർ എംപി. റോജി ജോൺ എംഎൽഎ സമീപം.

പാമ്പാടിയിൽ ആവേശം വാനോളം ഉയർത്തി കലാശക്കൊട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!