11 നിലകള്‍, മൂന്നു രാത്രിക്ക് 30,000 രൂപ, രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പല്‍; ടൂറിസ്റ്റ്റുകളായി വേഷം മാറിയെത്തി എന്‍സിബി, ഏഴു മണിക്കൂര്‍ തെരച്ചില്‍

ആഡംബര കപ്പലില്‍ നടത്തിയ ലഹരിവേട്ടയില്‍ ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പടെയുള്ളവര്‍ ഇന്നലെയാണ് അറസ്റ്റിലാവുന്നത്. കോര്‍ഡിലിയ എന്ന രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പലാണ് ലഹരി മരുന്നു വിവാദത്തില്‍പ്പെട്ടത്. 11 നിലകളുള്ളതാണ് കാസിനോകളും ബാറുകളും ഉള്‍പ്പടെ എല്ലാം സൗകര്യങ്ങളുമുണ്ട്. ആഡംബര കപ്പലില്‍ വിനോദസഞ്ചാരികളായി വേഷം മാറിയെത്തിയാണ് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ഓപ്പറേഷന് നടത്തിയത്.
കപ്പലില്‍ ഒരു സംഘം ലഹരിവിരുന്നിനു പദ്ധതിയിടുന്നതായി സിഐഎസ്എഫില്‍ നിന്നു ലഭിച്ച സൂചനയാണു വഴിത്തിരിവായത്. ഒക്ടോബര്‍ രണ്ടുമുതല്‍ നാലു വരെയാണ് കപ്പലില്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. തുടര്‍ന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം വിനോദസഞ്ചാരികളായി വേഷമിട്ട് കപ്പലില്‍ കയറി. മുംബൈ തീരത്തുനിന്ന് നടുക്കടലില്‍ എത്തിയപ്പോള്‍ പാര്‍ട്ടി തുടങ്ങി. എന്‍സിബി ഉദ്യോഗസ്ഥര്‍ പാര്‍ട്ടിക്കിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചവരെ അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്ന് 7 മണിക്കൂറുകളോളം നീണ്ട തിരച്ചിലില്‍ വസ്ത്രങ്ങളിലും അടിവസ്ത്രങ്ങളിലും സാനിറ്ററി പാഡുകളിലും പഴ്സിലും സൂക്ഷിച്ചിരുന്ന നിലയിലാണ് ലഹരി കണ്ടെത്തിയത്.
സംഗീത പരിപാടി എന്ന നിലയിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. നൂറോളം ടിക്കറ്റ് വിറ്റുപോയി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയുമായി ചേര്‍ന്ന് ഫാഷന്‍ ടിവിയാണ് പരിപാടിയുടെ സംഘാടകര്‍. സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ വഴിയായിരുന്നു പാര്‍ട്ടിക്ക് ആളെക്കൂട്ടിയത്. സംഘാടകര്‍ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലില്‍ ടിക്കറ്റ് എടുത്തിട്ടില്ലെന്നും ആര്യന് ഖാന് അന്വേഷണസംഘത്തോടു പറഞ്ഞതായാണു വിവരം. താന്‍ വിരുന്നില്‍ ഉണ്ടെന്ന് അറിയിച്ച് സംഘാടകര്‍ ആളുകളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആര്യന് പറഞ്ഞു. സ്പെയ്നില്‍ ഷൂട്ടിങ് തിരക്കിലായിരുന്ന ഷാരുഖ് ഖാന് ചിത്രീകരണം നിര്‍ത്തിവച്ച് ഉടന്‍ മുംബൈയിലേക്കു മടങ്ങിയെത്തിയേക്കും.
1200 യാത്രികരുമായി ഈ മാസം 18നാണ് സീസണിലെ ആദ്യ യാത്ര ആരംഭിച്ചത്. ആഭ്യന്തര ക്രൂസ് ടൂറിസത്തിന്റെ പുതിയ തുടക്കമായാണു കപ്പലിന്റെ വരവ് ആഘോഷിക്കപ്പെട്ടത്. മൂന്ന് രാത്രിയും നാല് പകലും നീളുന്ന കപ്പല്‍ യാത്രയ്ക്ക് 22,000 രൂപ മുതല്‍ 30,000 രൂപ വരെയാണു നിരക്ക്. നീന്തല്‍ക്കുളം, മൂന്ന് റെസ്റ്റോറന്റുകള്‍, ഫിറ്റ്നസ് സെന്ററുകള്‍, സ്പാ, തിയേറ്റര്‍, കാസിനോ, നൈറ്റ് ക്ലബ്, ഡി.ജെ. പാര്‍ട്ടികള്‍, അഞ്ച് ബാറുകള്‍, ലൈവ് ബാന്‍ഡുകള്‍, ഷോപ്പിങ് തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ളതാണു കപ്പല്‍.

