ഇടുക്കി ആനച്ചാലിൽ ആറു വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന പ്രതിയുടെ ലക്ഷ്യം കൂട്ടകൊലയായിരുന്നുവെന്ന് പൊലീസ്.

അടിമാലി∙ ഇടുക്കി ആനച്ചാലിൽ ആറു വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന പ്രതിയുടെ ലക്ഷ്യം കൂട്ടകൊലയായിരുന്നുവെന്ന് പൊലീസ്. കുടുംബത്തിലെ നാലുപേരെയും കൊല്ലണം എന്ന ഉദ്ദേശത്തിലാണ് ആക്രമണം നടത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച് ആയുധം പ്രതി താമസിച്ചിരുന്ന വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. കൊലപ്പെടുത്തി വന്നാലെ ഭാര്യ സ്വീകരിക്കുവെന്ന് ആക്രോശിച്ചായിരുന്നു കൊലപാതകം. പ്രതിയെ ഇന്ന് കൊല നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
ബാലനെ ചുറ്റികകൊണ്ട് അടിച്ചു കൊലപാതകം; സഹോദരി രക്ഷപ്പെട്ടത് കുതറിയോടി
ആനച്ചാൽ ആമക്കണ്ടം റൈഹാനത്ത് മൻസിൽ റിയാസ് റഹ്മാന്റെ മകൻ അബ്ദുൽ ഫത്താഹ് റയ്ഹാനെയാണ് മാതൃസഹോദരിയുടെ ഭർത്താവ് സുനിൽ കുമാര്‍ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഉറങ്ങി കിടക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മാതാവ് സഫിയയെയും ചുറ്റിക കൊണ്ട് അടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ സഹോദരി ആഷ്നിയെയും മുത്തശ്ശി സൈനബയെയും നിഷ്കരുണം മർദിച്ചവശരാക്കി.
അതിർത്തിത്തർക്കവും കുടുംബ വഴക്കുമാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസ് നിഗമനം. സഫിയയുടെ ഭർത്താവ് റിയാസ് ഒരു വർഷമായി വേർപിരിഞ്ഞ് മൂന്നാറിലാണു താമസം. 2 മാസം മുൻപ് സുനിൽ കുമാറും ഭാര്യ ഷൈലയും തമ്മിൽ വഴക്കുണ്ടായി. മധ്യസ്ഥതയ്ക്കൊടുവിൽ ഇവർ വേർപിരിഞ്ഞു താമസിക്കാൻ തീരുമാനിച്ചു. ഇതിനു കാരണക്കാർ സഫിയയും മറ്റൊരു സഹോദരി സൈനബയുമാണെന്നു സുനിൽ കുമാർ വിശ്വസിച്ചിരുന്നു.

