1000-ത്തിലേറെ റെയ്ഡ് നടത്തി, ഒരുരൂപ പോലും കണ്ടെത്താനായില്ല; ഇ.ഡി റെയ്ഡിനെ വിമര്‍ശിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട ആം ആദ്മി എം.പി സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ ഇ.ഡി പരിശോധന നടത്തിയതിനു പിന്നാലെ സഞ്ജയ് സിങ്ങിനെ പിന്തുണച്ച് എ.എ.പി. കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഇതിനോടകം ആയിരത്തിലേറെ റെയ്ഡുകളെങ്കിലും ഇ.ഡി. നടത്തിയിട്ടുണ്ടാകുമെന്നും എന്നാല്‍ അനധികൃതമായി സമ്പാദിച്ച ഒരു രൂപ പോലും കണ്ടെത്താനായില്ലെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് എതിരാളികളെ അട്ടിമറിക്കാന്‍ തോല്‍വി കാത്തിരിക്കുന്ന ഒരു പാര്‍ട്ടി നടത്തുന്ന തീവ്രശ്രമങ്ങളാണിതെന്ന് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യെ പേരെടുത്ത് പറയാതെയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ വിമര്‍ശനം. ‘ഞങ്ങള്‍ക്കെതിരെ അവര്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. ബസ് വാങ്ങിയതില്‍, വൈദ്യുതി വിതരണത്തില്‍, ക്ലാസ് റൂമുകളും റോഡുകളും നിര്‍മിച്ചതില്‍ അങ്ങനെ എല്ലാത്തിലും ആരോപണങ്ങളുയര്‍ത്തി. കഴിഞ്ഞ കുറച്ചുനാളായി അവര്‍ മദ്യനയത്തില്‍ അഴിമതി നടന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ്. എന്നാല്‍ അവരുടെ ആരോപണത്തെ സാധൂകരിക്കുന്ന യാതൊന്നും കണ്ടെത്താനായില്ല. സഞ്ജയ് സിങിന്റെ വീട്ടില്‍നിന്നും ഒന്നും ലഭിക്കാന്‍ പോകുന്നില്ല. തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനിരിക്കുന്ന ഒരു പാര്‍ട്ടിയുടെ അവസാന ശ്രമങ്ങളാണിതെല്ലാം.’ – കെജ്‌രിവാള്‍ പറഞ്ഞു. ന്യൂസ് ക്ലിക്കിനെതിരെ യു.എ.പി.എ. ചുമത്തിയ നടപടിയ അപലപിച്ച കെജ്‌രിവാള്‍ തങ്ങളെ എതിര്‍ക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും ഇല്ലാതെയാക്കാന്‍ ബി.ജെ.പി. ദേശീയ ഏജന്‍സികളെ ദുര്‍വിനിയോഗം ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി. ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവിച്ചു, ഇന്ന് സഞ്ജയ് സിങ്ങിനു നേരെ. തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കൂ, നിങ്ങള്‍ ഓരോരുത്തര്‍ക്കും ഇത് സംഭവിച്ചേക്കാം. – കേജ്‌രിവാള്‍ വ്യക്തമാക്കി. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് ആരോപണത്തിലായിരുന്നു എ.എ.പി. നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞ ഫെബ്രുവരിയില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കേസില്‍ സിബിഐ ചോദ്യംചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു എഎപി നേതാവുകൂടി കേസില്‍ നടപടി നേരിടുന്നത്.

