സമൂഹ മാധ്യമത്തിൽ ജില്ലാ ആശുപത്രിയിൽ കൂടിക്കാഴ്ചയ്ക്കായി വ്യാജ സന്ദേശം: വലഞ്ഞ് ഉദ്യോഗാർഥികൾ

കാഞ്ഞങ്ങാട് ∙ സമൂഹമാധ്യമത്തിൽ പ്രചരിച്ച വ്യാജ വാർത്ത വിശ്വസിച്ച് ജില്ലാ ആശുപത്രിയിൽ കൂടിക്കാഴ്ചയ്ക്കെത്തിയ ഉദ്യോഗാർഥികൾ നിരാശയോടെ മടങ്ങി. ജില്ലാ ആശുപത്രിയിൽ ആർഎസ്ബിവൈ പദ്ധതി പ്രകാരം കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുമെന്നും കൂടിക്കാഴ്ച 3ന് നടക്കുമെന്നുമുള്ള വ്യാജ സന്ദേശമാണു പ്രചരിച്ചത്.
ഉദ്യോഗാർഥികൾ ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയിൽ കൂടിക്കാഴ്ചയ്ക്ക് എത്തി. എന്നാൽ ഇത്തരത്തിലൊരു അറിയിപ്പ് ജില്ലാ ആശുപത്രിയിൽ നിന്നു നൽകിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പഴയ ഏതോ അറിയിപ്പ് ആരോ സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും അധികൃതർ അറിയിച്ചു.

