ജവാദ് ചുഴലിക്കാറ്റ് ഭീതി; ആന്ധ്രയില്‍ 50,000-ലധികം പേരെ ഒഴിപ്പിച്ചു

അമരാവതി: ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച വടക്കൻ ആന്ധ്രപ്രദേശിൽ ആഞ്ഞടിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് മൂന്ന് ജില്ലകളിൽ നിന്നായി 54,008 പേരെ സംസ്ഥാന സർക്കാർ ഒഴിപ്പിച്ചു. ശ്രീകാകുളം ജില്ലയിൽ നിന്ന് 15,755 പേരെയും വിജയനഗരത്തിൽ നിന്ന് 1700 പേരെയും വിശാഖപട്ടണത്ത് നിന്ന് 36,553 പേരെയും രക്ഷാസംഘം ഒഴിപ്പിച്ചു.
സ്കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലുമായി 197 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 11 ടീമുകളെ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) അഞ്ച് ടീമുകളും കോസ്റ്റ് ഗാർഡിന്റെ ആറ് ടീമുകളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് ഹെലികോപ്റ്ററുകൾ സജ്ജമാണ്.
വില്ലേജ് സെക്രട്ടറിമാരും ജില്ലാ കളക്ടറേറ്റുകളും രാത്രി മുഴുവൻ പ്രവർത്തിക്കുമെന്നും സർക്കാർ അറിയിച്ചു.അപ്രതീക്ഷിതമായ ഏത് സാഹചര്യവും നേരിടാൻ ഒരു കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

