80 വർഷത്തിനുള്ളിൽ ഇത്തരത്തിൽ ആദ്യം’: മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയില്‍ മരണം അഞ്ചായി, വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും അതീവജാഗ്രത. മഴ കനത്തതോടെ നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെന്നെെ വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് സർവീസുകൾ നിർത്തിവച്ചു. 80 വർഷത്തിനുള്ളിൽ ഇതാദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ചുഴലിക്കാറ്റിനെ തമിഴ്നാട് നേരിടുന്നതെന്ന് മന്ത്രി കെ.എൻ നെഹ്റു പറഞ്ഞു. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സർവീസുകളും തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നും തിരിച്ചുമുള്ള 40 സർവീസുകൾ നിലവിൽ റദ്ദാക്കിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമടക്കം ചൊവ്വാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു. അതിനിടെ, ഉച്ചയ്ക്കുശേഷം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

