നഗ്നതാ പ്രദര്‍ശനക്കേസിലെ പ്രതി സവാദിന് സ്വീകരണം; ജാമ്യം അതിജീവിതകളെ അപമാനിക്കാനുള്ള ലൈസന്‍സ് അല്ലെന്ന് വനിതാ കമ്മിഷന്‍

ബസിനുള്ളില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ കോടതി ജാമ്യം അനുവദിച്ച വ്യക്തിക്ക് സ്വീകരണം നല്‍കിയതില്‍ രൂക്ഷ പ്രതികരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. പ്രതിക്ക് സ്വീകരണം നല്‍കിയത് അതിജീവിതകളെ അങ്ങേയറ്റം അപമാനിക്കുന്ന സംഭവമാണ്. അതിജീവിതകള്‍ എല്ലാക്കാലത്തും നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും സതീദേവി പറഞ്ഞു. സാങ്കേതികവും അല്ലാത്തതുമായ പല കാരണങ്ങളാല്‍ ജാമ്യം ലഭിക്കാം, ലഭിക്കാതിരിക്കാം. എന്നാല്‍ അത് അതിജീവിതകളെ അപമാനിക്കുന്നതിനുള്ള ലൈസൻസല്ല എന്നും പി സതീദേവി കൂട്ടിച്ചേര്‍ത്തു. നഗ്നതാ പ്രദര്‍ശനം നടത്തിയതിന് നിയമം നടപടികള്‍ നേരിടുന്ന ആള്‍ക്ക് സ്വീകരണം നല്‍കിയ സംഭവത്തെ ശക്തമായി അപലപിക്കുന്നതായും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. കേരള വനിതാ കമ്മിഷൻ അധ്യക്ഷയുടെ പ്രതികരണത്തിന്‍റെ പൂര്‍ണരൂപം: ബസില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായി, ശേഷം കോടതി ജാമ്യം അനുവദിച്ച വ്യക്തിക്ക് ഒരു സംഘടന സ്വീകരണം നല്‍കിയെന്ന വാര്‍ത്ത കണ്ടു. എന്ത് അസംബന്ധമാണ് നടക്കുന്നത്?! ആ സംഭവത്തിലെ മാത്രമല്ല, ഏത് വിഷയത്തിലെയും അതിജീവിതകളെ അങ്ങേയറ്റം അപമാനിക്കുന്ന ഒരു സംഭവമാണിത്. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിനെ കൂട്ടാനാണ് ഇങ്ങനൊരു പരാതി നല്‍കിയതെന്നാണ് സ്വീകരണം നല്‍കിയവരുടെ ആരോപണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന അതിജീവിതകള്‍ എല്ലാക്കാലത്തും നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ ആരോപണവും. ലൈംഗിക പീഡനത്തിന് ഇരയാകുന്നവര്‍ ഏല്‍ക്കേണ്ടി വരുന്ന മാനസിക പീഡനവും മാനസികവ്യഥയും പറഞ്ഞറിയിക്കാനാവാത്ത വിധം പ്രയാസകരമാണ്. പീഡന സമയത്തേല്‍ക്കേണ്ടി വരുന്ന മാനസിക വ്യഥയെക്കാള്‍ വലിയ മാനസികാഘാതം ഉണ്ടാക്കാൻ ഇടവരുത്തുന്ന പരാമര്‍ശങ്ങളും നിലപാടുകളും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. അടുത്തകാലത്തായി യാത്രാവേളകളിലും മറ്റും തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളെ സംബന്ധിച്ച് തുറന്നു പറയാനും പരാതിപ്പെടാനും സ്ത്രീകള്‍ മുന്നോട്ടുവരുന്നുണ്ട്. എന്നാല്‍ തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാൻ ആവാത്ത സാഹചര്യമുണ്ടാവുമ്ബോള്‍ പലപ്പോഴും ഇത്തരത്തിലുള്ള പീഡനക്കേസുകളിലെ അതിജീവിതകള്‍ പരാതിപ്പെടാൻ പോലും തയ്യാറാവാത്ത മാനസികാവസ്ഥയില്‍ എത്തും. അതുണ്ടാവാൻ പാടില്ല. സ്ത്രീകളെ തങ്ങളുടെ ലൈംഗിക ആസ്വാദനത്തിനുള്ള ഉപകരണങ്ങള്‍ ആയിട്ട് കാണുന്ന മനോനിലക്ക് മാറ്റം ഉണ്ടാക്കിയെടുക്കാൻ കഴിയണമെങ്കില്‍ ഒരു സ്ത്രീ സൗഹൃദ അന്തരീക്ഷം പുലരുന്ന നാടായി നമ്മുടെ നാടിനെ മാറ്റിയെടുക്കേണ്ടതുണ്ട്. തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും യാത്രാവേളകളിലും എല്ലാം സ്ത്രീക്ക് സുരക്ഷിതത്വം ലഭ്യമാക്കി കൊടുക്കാനുള്ള നിയമങ്ങള്‍ ശക്തമാണെങ്കിലും നിയമങ്ങളുടെ പ്രയോജനം സ്ത്രീകള്‍ക്ക് ലഭ്യമാകുന്നില്ല എന്നുള്ളത് പലപ്പോഴും പൊതുസമൂഹത്തിന്റെ വീക്ഷണഗതി സ്ത്രീവിരുദ്ധമാണ് എന്നുള്ളതുകൊണ്ടാണ്. അതുകൊണ്ട് സ്ത്രീകള്‍ക്ക് അന്തസ്സോടെ, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ പൊതുസമൂഹത്തിന്റെ ജാഗ്രത അനിവാര്യമാണ്. ലിംഗനീതി എന്നത് ഒന്നിച്ചുള്ള മുന്നേറ്റത്തിലൂടെ മാത്രമേ നമുക്ക് കൈവരിക്കാൻ സാധിക്കുകയുള്ളൂ. കോടതി ജാമ്യം അനുവദിക്കുന്നത് കുറ്റവിമുക്തനാക്കുന്നതിന് തുല്യമല്ല. സാങ്കേതികവും അല്ലാത്തതുമായ പല കാരണങ്ങളാല്‍ ജാമ്യം ലഭിക്കാം, ലഭിക്കാതിരിക്കാം. അത് പക്ഷേ, അതിജീവിതകളെ അപമാനിക്കുന്നതിനുള്ള ലൈസൻസല്ല. നഗ്നതാ പ്രദര്‍ശനം നടത്തിയതിന് നിയമം നടപടികള്‍ നേരിടുന്ന ആള്‍ക്ക് സ്വീകരണം നല്‍കിയ സംഭവത്തെ ശക്തമായി അപലപിക്കുന്നു. The post നഗ്നതാ പ്രദര്‍ശനക്കേസിലെ പ്രതി സവാദിന് സ്വീകരണം; ജാമ്യം അതിജീവിതകളെ അപമാനിക്കാനുള്ള ലൈസൻസ് അല്ലെന്ന് വനിതാ കമ്മിഷൻ appeared first on Kairali News | Kairali News Live.

