KSDLIVENEWS

Real news for everyone

ആദ്യ മണിക്കൂറിൽ പുതുപ്പള്ളിൽ മികച്ച പോളിങ്; വോട്ടർമാരുടെ നീണ്ട ക്യൂ

SHARE THIS ON

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിനു പോളിങ് ആരംഭിച്ചതു മുതൽ മിക്ക ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. മഴ മാറി നിൽക്കുന്നതിനാൽ രാവിലെ തന്നെ പോളിങ് ശക്തമാകുമെന്നാണ് പ്രതീക്ഷ. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. നീണ്ട ക്യൂവിൽ ദീർഘനേരം കാത്തുനിന്നശേഷമാണ് ജെയ്ക്ക് വോട്ടു രേഖപ്പെടുത്തിയത്.  മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻ മുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയാകുന്നു എന്ന അപൂർവതയ്ക്കു പുതുപ്പള്ളി സാക്ഷ്യം വഹിക്കുകയാണ്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസാണു മുഖ്യ എതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർഥി. ആംആദ്മി പാർട്ടിയുടേത് ഉൾപ്പെടെ 7 പേർ മത്സരരംഗത്തുണ്ട്. വോട്ടർമാർ 1,76,417.

ഇന്നു പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർധ സർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്കു പൊതുഅവധിയാണ്. പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിൽ ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ സംരംഭങ്ങൾ, സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും വേതനത്തോടു കൂടിയ അവധി. പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. മണ്ഡലത്തിൽ ഇന്നു വൈകിട്ട് 6 വരെ നിരോധനാജ്ഞ നിലവിലുണ്ട്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകൾ ഒത്തുകൂടുന്നതും റാലികളും പൊതുസമ്മേളനങ്ങളും നടത്തുന്നതും വിലക്കി. പാമ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളൂർ സെൻട്രൽ എൽപി സ്കൂളിലെ 91,92,93,94 നമ്പർ ബൂത്തുകൾ അതീവജാഗ്രതാ ബൂത്തുകളായി കണ്ടെത്തി. ഈ 4 ബൂത്തുകളിലും സാധാരണ സുരക്ഷയ്ക്കു പുറമേ അധികമായി ഒരു സിവിൽ പൊലീസ് ഓഫിസറെ കൂടി നിയമിച്ചിട്ടുണ്ട്.

90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകളാണ് മണ്ഡലത്തിൽ. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തി. വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പൊലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഡിവൈഎസ്.പിമാർ, ഏഴ് സിഐമാർ, 58 എസ്ഐ/എഎസ്ഐമാർ, 399 സിവിൽ പൊലീസ് ഓഫിസർമാർ, 142 സായുധപൊലീസ് ബറ്റാലിയൻ അംഗങ്ങൾ, 64 കേന്ദ്രസായുധപൊലീസ് സേനാംഗങ്ങൾ (സിഎപിഎഫ്) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എഡിജിപി., ഡിഐജി, സോണൽ ഐജി, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ സ്ട്രൈക്കിങ് ഫോഴ്സും പ്രവർത്തിക്കും.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ രാവിലെ ഒൻപതിനു വോട്ട് ചെയ്യും. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കുമൊപ്പം എത്തിയാവും വോട്ട് രേഖപ്പെടുത്തുക. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല. മന്ത്രി വി.എൻ.വാസവൻ പാമ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തും. ചലച്ചിത്രതാരം ഭാമയുടെ വോട്ട് മണർകാട് സെന്റ് മേരീസ് ബൂത്ത് നമ്പർ 84ലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!