KSDLIVENEWS

Real news for everyone

പരാതി ലഭിച്ചാൽ ഗൾഫിലെ തൊഴിൽതട്ടിപ്പ് അന്വേഷിക്കും; കേരള സിലബസ് പിന്തുടരുന്ന സ്കൂളുകളുടെ പ്രശ്നം ചർച്ച ചെയ്യും: മന്ത്രി വി ശിവൻകുട്ടി

SHARE THIS ON

ദുബായ്∙ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ തൊഴിൽത്തട്ടിപ്പ് സംബന്ധിച്ച് മലയാളികളിൽ നിന്ന് പരാതി ലഭിച്ചാൽ അന്വേഷിക്കാമെന്ന് പൊതു വിദ്യാഭ്യാസ–തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. വിദേശങ്ങളിലെ വീസാ, ജോലി തട്ടിപ്പുകളെക്കുറിച്ച് ഒരുപാട് ബോധവത്കരണ പരിപാടികൾ നടത്തിയിട്ടുണ്ട്. എന്നിട്ടും ആളുകൾ തട്ടിപ്പിൽപ്പെടുന്നു. എല്ലാവരും ഇതേക്കുറിച്ച് ജാഗ്രത പുലർത്തണം. ആളുകളുടെ സമീപനത്തിൽ മാറ്റം വരാത്തിടത്തോളം കാലം ഇത്തരം തട്ടിപ്പുകൾ ആവർത്തിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം ദുബായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 


കേരളത്തിലെ മിക്ക ഭക്ഷണശാലകളിലും  ഒരുപാട് തവണ ഉപയോഗിച്ച് കീൽ പരുവത്തിലായ എണ്ണയാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്നും ഇവ ശേഖരിച്ച്  പുനരുപയോഗം നടത്താനുള്ള സാങ്കേതിക സഹായം നൽകാമെന്ന് യുഎഇയിലെ  ലൂത്താ ബയോ ഫ്യൂവൽസ് അധികൃതർ  അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  ഇത്തരം എണ്ണ സമൂഹത്തിന്‍റെ ആകമാനം ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണ്. ലൂത്താ ബയോ ഫ്യൂവൽസ് ഇതിൽ നിന്ന് ഡീസൽ ഉത്പാദിപ്പിക്കുന്നു. നമുക്ക് ഡീസൽ ഉത്പാദിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും അവ ശേഖരിക്കാൻ സാധിക്കണം. തിരുവനന്തപുരം കേന്ദ്രീകരിച്ച്  ഐ ടി വിദ്യാർഥികളുടെ സഹകരണത്തോടെ ഇത്തരം എണ്ണ ശേഖരിക്കാനുള്ള പദ്ധതി ആരംഭിക്കുമെന്നും ഇതിനായി ഒരു പ്ലാന്‍റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കോർപറേഷനുകളുടെ സഹായത്തോടെ പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നെങ്കിലും എണ്ണ ശേഖരണം നടത്തും. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും.

പാഠപുസ്തകങ്ങളിൽ കേന്ദ്രം കൊണ്ടുവരുന്ന പുതിയ മാറ്റങ്ങൾ എല്ലാം തള്ളിക്കളയില്ല. ജനാധിപത്യവിരുദ്ധമെന്ന് തോന്നുന്ന കാര്യങ്ങൾ നിരാകരിച്ചിട്ടുണ്ട്. കേന്ദ്രം നൽകുന്ന ഫണ്ട് കേരളം ഉപയോഗിച്ചുവരുന്നുണ്ട്. കേന്ദ്രവുമായി ഒരു ഏറ്റുമുട്ടലിനൊന്നും കേരള സർക്കാർ തയ്യാറല്ല. 

കേരളാ സിലബസ് ഉള്ള ഗൾഫിലെ സ്കൂളുകളിൽ പ്ലസ് ടു സീറ്റുകൾ ലഭ്യമാകുന്നില്ലെന്ന പരാതി പരിഹരിക്കാനുള്ള ശ്രമം നടത്തും. ഇതിനായി ഗൾഫിലെ 9 സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടേയും മാനേജർമാരുടേയും യോഗം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചർച്ച ചെയ്യുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.


യുഎ ഇയിൽ എംപ്ലോയേഴ്സ് മീറ്റ് നടത്തി
യു എ ഇ സന്ദർശനം നടത്തുന്ന  മന്ത്രി വി. ശിവൻകുട്ടി മലയാളി ഉദ്യോഗാർത്ഥികളുടെ കൂടുതൽ സാധ്യത മനസിലാക്കാൻ എംപ്ലോയേഴ്സ് മീറ്റ് നടത്തി. കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിന്റെ സാധ്യത യോഗത്തിൽ ചർച്ച ചെയ്തു. 

യുഎഇയിലെ പ്രമുഖ തൊഴിൽ ദാതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഈ സാമ്പത്തിക വർഷം ആയിരത്തോളം തൊഴിൽ അവസരങ്ങളാണ് ഒഡെപെക് മുഖേന സൃഷിടിക്കപ്പെടാൻ പോകുന്നത്. യോഗത്തിൽ പങ്കെടുത്ത പ്രധാനപ്പെട്ട എല്ലാ തൊഴിൽദാതാക്കളും അവരുടെ സ്ഥാപനത്തിലേക്ക് മലയാളി ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകുമെന്ന് ഉറപ്പു നൽകി.

അൽ ഫ്യൂതിം എഞ്ചിനീയറിങ്, ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട്,വോൾട്ടാസ്, കിങ്‌സ് കോളജ് ലണ്ടൻ ഹോസ്പിറ്റൽ ദുബായ്, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ, ലുലു എക്സ്ചേഞ്ച്, നെസ്റ്റോ ഗ്രൂപ്പ്, തദ് ബീർ, ടെക് പ്രൊ സൊല്യൂഷൻസ് തുടങ്ങിയ കമ്പനികൾ മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. ഒഡെപെക് ചെയർമാൻ കെ. പി. അനിൽകുമാർ, മാനേജിങ് ഡയറക്ടർ കെ. എ.അനൂപ്  എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!