30 മണിക്കൂര്‍ കസ്റ്റഡിക്കൊടുവില്‍ പ്രിയങ്ക അറസ്റ്റില്‍; ഗസ്റ്റ് ഹൗസ് ജയിലാക്കും

ലഖ്നൗ: വിവിധ കുറ്റങ്ങൾ ചുമത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തു. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു, നിരോധനാജ്ഞ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സിതാപുർ പോലീസ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. 30 മണിക്കൂർ കസ്റ്റഡിയിൽവെച്ച ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രിയങ്കയെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ അറസ്റ്റ് പ്രിയങ്കാ ഗാന്ധിയുടെ ഓഫീസ് സ്ഥരീകരിച്ചിട്ടില്ല. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അറസ്റ്റ് സംബന്ധിച്ച് അറിയിപ്പ് ഒന്നും ഉണ്ടായിട്ടില്ലെന്ന് അവരുടെ ഓഫീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രിയങ്കയെ തടങ്കലിൽ ലഖ്നൗവിലെ ഗസ്റ്റ് ഹൗസ് താത്കാലിക ജയിൽ ആക്കിമാറ്റാനാണ് തീരുമാനം.
പ്രിയങ്കാ ഗാന്ധി അടക്കം 11 പേർക്കെതിരേ ഉത്തർപ്രദേശ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രിയങ്കക്ക് പുറമേ പാർട്ടി നേതാക്കളായ ദീപേന്ദ്ര ഹൂഡ, അജയ് കുമാർ ലല്ലു അടക്കമുള്ളവർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്ഐആർ ഇല്ലാതെയാണ് 28 മണിക്കൂറോളം തന്നെ തടവിൽവെച്ചതെന്ന് നേരത്തെ പ്രിയങ്കാ ഗാന്ധി ആരോപിച്ചിരുന്നു. എഫ്ഐആർ ഇല്ലാതെയാണ് ഇന്നലെ പ്രിയങ്കയെ അറസ്റ്റ് ചെയ്തതെന്ന് കോൺഗ്രസും ഉന്നയിച്ചിരന്നു.
ഇതിനിടെ ഉത്തർപ്രദേശിലെത്തിയ ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെ വിമാനത്താവളത്തിൽ തടഞ്ഞു. ഇതിനേ തുടർന്ന് അദ്ദേഹം വിമാനത്താവളത്തിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. സിതാപുർ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രിയങ്കാ ഗാന്ധിയെ കാണാനാണ് എത്തിയതെന്നാണ് ബാഘേൽ അറിയിച്ചത്. ഉത്തരവുകൾ ഒന്നുമില്ലാതെ തന്നെ വിമാനത്താവളത്തിന് പുറത്തു തടഞ്ഞുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വിമനത്താവളത്തിന് പുറത്തിരുന്ന പ്രതിഷേധിക്കുന്ന ചിത്രവും അദ്ദഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ് നിയമവിരുദ്ധവും ലജ്ജാകരവുമാണെന്ന് പി.ചിദംബരം പറഞ്ഞു. ‘സൂര്യനുദിക്കും മുമ്പേയാണ് അവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിട്ടില്ല. നിയമം ലംഘിക്കപ്പെട്ടു. ക്രമസമാധാനത്തിന് യുപിയിൽ മറ്റൊരു അർഥമാണെന്ന് തോന്നുന്നു. നിയമം എന്നാൽ അദിത്യനാഥിന്റെ നിയമം, ഉത്തരവ് എന്നാൽ ആദിത്യനാഥിന്റെ ഉത്തരവ്.’- ചിദംബരം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

