സാമ്പത്തിക ഇടപാടുകള്‍ ദുരൂഹം; മോന്സണ് ഒക്ടോബര്‍ ഏഴ് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽവിട്ടു. വയനാട് എസ്റ്റേറ്റ് തട്ടിപ്പ് കേസിലാണ് മോൻസണെ ഒക്ടോബർ ഏഴ് വരെ കസ്റ്റഡിയിൽവിട്ടത്. വിശദമായി ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പണമിടപാട് നടത്തിയതെന്നും ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു. ഇതെല്ലാം അംഗീകരിച്ചാണ് മോൻസണെ വ്യാഴാഴ്ച വരെ കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്.
ക്രൈംബ്രാഞ്ചിന്റെ എറണാകുളം യൂണിറ്റ് രണ്ട് കേസുകളാണ് മോൻസണെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയശേഷം ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റും പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. വിവിധ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആകെ അഞ്ച് കേസുകളാണ് മോൻസണെതിരേ നിലവിലുള്ളത്.

