കത്തിലുള്ള തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല, പാര്‍ട്ടിയുമായി ആലോചിച്ച് പ്രതികരണം- മേയര്‍

തിരുവനന്തപുരം: നഗരസഭയിലേക്ക് കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം പൂര്‍ണ്ണമായും തള്ളാതെ മേയര്‍ ആര്യ രാജേന്ദ്രന്‍. കത്ത് നല്‍കിയ തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്നത് മാത്രമാണ് അവരുടെ വിശദീകരണം. കത്ത് എഴുതിയോ ഇല്ലയോ എന്ന് വ്യക്തമാക്കാതിരുന്ന ആര്യാ രാജേന്ദ്രന്‍ വിവാദം പാര്‍ട്ടി അന്വേഷിക്കുന്നുണ്ടെന്നും നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും വ്യക്തമാക്കി.
കത്ത് വ്യാജമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പറഞ്ഞിട്ടില്ല. ഇത്തരം ഒരു കത്ത് താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മറ്റു നേതാക്കളെ ആരെയും വിളിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നഗസഭയിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് നവംബര്‍ ഒന്നിനാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ കത്തയച്ചത്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കാണ് കരാര്‍ നിയമനം. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലായിരുന്നു കത്ത്. ഈ കത്ത് സിപിഎം ജില്ലാ നേതാക്കന്‍മാര്‍ അതാത് വാര്‍ഡുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. മേയറുടെ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും മേയര്‍ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

