സ്വര്‍ണക്കടത്ത് കേസിൽ കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായുള്ള നോട്ടീസ് അയച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് വിവാദമാവുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തി. ഐഎംഇഐ നമ്പര്‍ വഴി കസ്റ്റംസ് സിംകാര്‍ഡും കണ്ടെത്തിയത്. കോണ്‍സല്‍ ജനറലിന് നല്‍കിയ ഫോണ്‍ വിനോദിനിക്ക് എങ്ങനെ ലഭിച്ചെന്നും അന്വേഷിക്കും.
ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചത്. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിൽ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്.

