തൃക്കരിപ്പൂർ ചുവപ്പുകോട്ട, ലോക്സഭാ വോട്ടിങ് നിലയിൽ പ്രതീക്ഷയർപ്പിച്ച് യുഡിഎഫ്

തൃക്കരിപ്പൂർ ∙ സിപിഎം ഉറച്ച മണ്ഡലമായി കരുതിപ്പോന്നതാണ് തൃക്കരിപ്പൂർ. 1977 ൽ മണ്ഡലം നിലവിൽ വന്ന ശേഷം നടത്തിയ 10 തിരഞ്ഞെടുപ്പുകളിലും വിജയക്കൊടി നാട്ടിയത് ഇടതുപക്ഷമാണ്. ഇ.കെ. നായനാർ മത്സരിക്കുന്നതിനു തൃക്കരിപ്പൂർ തിരഞ്ഞെടുത്തത് ചുവപ്പിന്റെ കരുത്തിലാണ്. മണ്ഡലം പിറന്നതു മുതൽ ഇടതുമുന്നണിയിൽ സിപിഎം മാത്രമാണ് ഇവിടെ മത്സരിക്കുന്നത്.
ഇത്തവണയും വിജയത്തിൽ കുറഞ്ഞതൊന്നും ഇടതുപക്ഷവും സിപിഎമ്മും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം.രാജഗോപാലൻ 79286 വോട്ടു നേടി. യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥി കെ.പി.കുഞ്ഞിക്കണ്ണന് നേടാനായത് 62327 വോട്ടുകളാണ്.
16959 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി പാരമ്പര്യം തുടർന്നു. പക്ഷേ, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഇടതുമുന്നണിയെ വിറപ്പിച്ചു. ഇടതുമുന്നണിയിലെ കെ.പി.സതീഷ് ചന്ദ്രൻ 76403 വോട്ടും രാജ്മോഹൻ ഉണ്ണിത്താൻ 74504 വോട്ടും നേടി. 1899 വോട്ടുകൾ മാത്രമായിരുന്നു ഇടതിന്റെ ഭൂരിപക്ഷം. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥിതി വീണ്ടും മാറി.
ഇടതുമുന്നണി 79171 വോട്ടും യുഡിഎഫ് 67473 വോട്ടും നേടി. 11698 വോട്ടുകളുടെ മേധാവിത്തം എൽഡിഎഫ് നേടി. ജില്ലാ സെക്രട്ടറി മത്സരിക്കുമോ എന്ന ആശയക്കുഴപ്പങ്ങൾ മാറി നിലവിലെ എംഎൽഎ എം. രാജഗോപാലൻ തന്നെ വീണ്ടും സ്ഥാനാർഥി ആകാനുള്ള തീരുമാനങ്ങളിലാണ് പാർട്ടി എത്തിയിരിക്കുന്നത്.
യുഡിഎഫിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റാണിത്. ജില്ലക്കകത്തും പുറത്തുമുള്ള അര ഡസനിലേറെ പേരുകൾ യുഡിഎഫിൽ ഉയർന്നിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള ഒരു മഹിളാ നേതാവിന്റെ പേരും സജീവമായി പ്രചരിക്കുന്നുണ്ട്. എൻഡിഎയിൽ സ്ഥാനാർഥി ആരെന്നത് സംബന്ധിച്ച് ചർച്ച തുടങ്ങിയിട്ടില്ല.
∙ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തവർ…..
ബാലറ്റിലൂടെ അധികാരം കയ്യേറിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ നയിച്ച ഇഎംഎസ് നമ്പൂതിരിപ്പാട് നിയമസഭയിൽ എത്തിയത് തൃക്കരിപ്പൂർ ഉൾപ്പെട്ട നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ നിന്നാണ്. 1957 ലെ തിരഞ്ഞെടുപ്പിൽ പിഎസ്പിയിലെ ടി.വി.കോരനായിരുന്നു മുഖ്യ എതിരാളി. ഇഎംഎസ് 37968 വോട്ടും ടി.വി.കോരൻ 24127 വോട്ടും നേടി.
കോൺഗ്രസ്സിലെ പി.ഉണ്ണിക്കൃഷ്ണൻ തിരുമുമ്പ് 20818 വോട്ട് നേടി മൂന്നാമാനായി. കോൺഗ്രസ്സും പിഎസ്പിയും തമ്മിലുള്ള ധാരണ പൊളിഞ്ഞില്ലായിരുന്നെങ്കിൽ കേരളത്തിന്റെയും ഒപ്പം ഇഎംഎസിന്റെയും രാഷ്ട്രീയ ചിത്രവും ചരിത്രവും മറ്റൊന്നായാനേ.
സംവരണ സീറ്റിലും കമ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു. ജയം. കല്ലളൻ വൈദ്യർ അച്ചു കൊയോനെ പരാജയപ്പെടുത്തി ജയം നേടി. 1960 ൽ നടന്ന തിരഞ്ഞെടുപ്പിൽ നൂറിൽ താഴെ വോട്ടുകൾക്ക് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി എ.വി.കുഞ്ഞമ്പുവിനെ കോൺഗ്രസ്സിലെ പി.കുഞ്ഞിക്കൃഷ്ണൻ നായർ പരാജയപ്പെടുത്തി അട്ടിമറി ജയം നേടി.
65 ലും 67 ലും 70 ലും നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ വി.വി.കുഞ്ഞമ്പു വിജയിച്ചു. 73 ൽ വി.വി.കുഞ്ഞമ്പുവിന്റെ മരണം മൂലം നടത്തിയ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ടി.കെ.ചന്തൻ ജയിച്ചു. നീലേശ്വരം മണ്ഡലത്തിലെ ഒടുവിലത്തെ തിരഞ്ഞെടുപ്പായിരുന്നു അത്. 1977ൽ തൃക്കരിപ്പൂർ മണ്ഡലം നിലവിൽ വന്നു. 77ലും 80 ലും പി.കരുണാകരൻ വിജയിച്ചു. 82 ൽ സിഐടിയു നേതാവ് ഒ.ഭരതനായിരുന്നു ജയം.
87 ൽ കേരളം ശ്രദ്ധിക്കപ്പെട്ട മണ്ഡലമായി തൃക്കരിപ്പൂർ. ഇ.കെ.നായനാർ മത്സരിക്കാൻ എത്തിയതും ഇവിടെ നിന്നു മുഖ്യമന്ത്രിയായതും മണ്ഡലത്തിന് കീർത്തിയുണ്ടാക്കി. 91 ലും നായനാർ വിജയിച്ചു. 1996 മുതൽ 2006 വരെ കെ.പി.സതീഷ് ചന്ദ്രനായിരുന്നു എംഎൽഎ. 2006 ലും 2011 ലും കെ.കുഞ്ഞിരാമൻ തിരഞ്ഞെടുക്കപ്പെട്ടു. 2016ൽ എം.രാജഗോപാലനായി വിജയം.
∙ കുടിവെള്ളം, ടൂറിസം, വ്യവസായം….
കിഫ്ബിയിൽ ഉൾപ്പെടുത്തിയ ബീരിച്ചേരി ഉൾപ്പെടെ അഞ്ചിടങ്ങളിലെ റെയിൽവേ മേൽപാലങ്ങൾക്ക് കാത്തിരിക്കുകയാണ് ജനത. നാടിന്റെ വികസനത്തെ ശ്വാസം മുട്ടിക്കുന്ന റെയിൽവേ ഗേറ്റുകൾ ഒഴിഞ്ഞു പോകണമെന്നതാണ് നാടിന്റെ വലിയ ആവശ്യങ്ങളിലൊന്ന്. മറ്റൊന്നു കുടിനീർ ക്ഷാമത്തിനുള്ള പരിഹാരമാണ്.
നീലേശ്വരം പാലായി പദ്ധതിയിലൂടെ ഇതിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കടലും കായലും സംഗമിക്കുന്ന വലിയപറമ്പിലെ വിവിധ ടൂറിസം പദ്ധതികൾ കടലാസിൽ ഉറങ്ങുകയാണ്. മണ്ഡലത്തിന്റെ തീരമേഖല കാത്തിരിക്കുന്നത് ടൂറിസത്തിലും മീൻകൃഷിയിലും പുതിയ പദ്ധതികളാണ്. കടലോര മേഖയുടെ അവികസിതാവസ്ഥ പരിഹരിക്കാൻ ഇതിലൂടെ കഴിയുമെന്ന പ്രതീക്ഷയുണ്ട് ജനങ്ങൾക്ക്.
ചീമേനിയിലെ വ്യവസായ പാർക്കിനു വേണ്ടിയുള്ള കാത്തിരിപ്പും തുടരുന്നു. മണ്ഡലത്തിന്റെ കിഴക്കൻ മലയോരം ഉപരി പഠനത്തിനുള്ള സൗകര്യവും മിനി കെഎസ്ആർടിസി ഡിപ്പോയും ആഗ്രഹിക്കുന്നു. ചികിത്സാ സൗകര്യവും മെച്ചപ്പെടണം

