കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് ഇന്ന് 5 മരണം

കോട്ടയം∙ സംസ്ഥാനമെമ്പാടും കനത്ത മഴതുടരുന്നതിനിടെ മഴക്കെടുതികളിൽ ഇന്നു മാത്രം 5 മരണം. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് വിവിധ അപകടങ്ങളിലായി ആളുകൾ മരിച്ചത്. വെള്ളക്കെട്ടിൽ വീണ് അയ്മനത്തു വയോധികൻ മരിച്ചു. അയ്മനം പുലിക്കുട്ടിശേരി മുട്ടേൽ സ്രാമ്പിത്തറ വീട്ടിൽ ഭാനുകറുമ്പനാണു (73) മരിച്ചത്. വീട്ടിലെ കന്നുകാലിക്കു പുല്ല് നൽകാനായി വീട്ടുമുറ്റത്തെ വെള്ളക്കെട്ടിലൂടെ പോയപ്പോഴാണ് അപകടം. വെള്ളക്കെട്ടിൽ കാൽവഴുതി വീണാണ് അപകടം. ഏറെ നേരം കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. കോട്ടയം തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ആദിത്യ ബിജു (18) ആണ് മരിച്ചത്. കോഴിക്കോട് വടകര മണിയൂരിൽ ഇലക്ട്രിക് ലൈൻ പൊട്ടിവീണ് പതിനേഴുകാരൻ മരിച്ചു. വടകര മണിയൂർ മുതുവന കടയക്കൂടി ഹമീദിന്റെ മകൻ നിഹാൽ (17) ആണ് മരിച്ചത്. വൈകിട്ട് സൈക്കിളിൽ പോകുമ്പോൾ തെങ്ങ് പൊട്ടി വീണ ഇലക്ട്രിക് കമ്പിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. വീടിനു മുകളിൽ വീണ മരം വെട്ടിമാറ്റുന്നതിനിടെ തിരുവനന്തപുരം പാറശാലയിൽ ഗൃഹനാഥൻ മരിച്ചു. ചെറുവാരക്കോണത്ത് ചന്ദ്രനാണ് മരിച്ചത്. ആര്യനാട് 15 വയസ്സുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. അക്ഷയ് ആണ് മരിച്ചത്.

