KSDLIVENEWS

Real news for everyone

അച്ഛന്‍ കാത്തിരുന്നു… ഭക്ഷണം കഴിക്കാൻ അവൻ എത്തിയില്ല; വന്നത്‌ മരണവാർത്ത

SHARE THIS ON

കോവളം: മുട്ടത്തറ-കല്ലുമൂട് ബൈപ്പാസ് മേൽപ്പാതയിൽ കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. നിയന്ത്രണംവിട്ട കാർ ബൈപ്പാസിലെ ഡിവൈഡറിലേക്കു പാഞ്ഞുകയറി മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികന്റെ ഇടതുകൈ അറ്റു തെറിച്ചു. അപകടത്തിനിടയാക്കിയ കാറിൽനിന്ന് ഇറങ്ങിയോടിയ ആറ്റിങ്ങൽ സ്വദേശികളായ മൂന്നു പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.

പോത്തൻകോട് അയിരൂപ്പാറ പാറവിളാകം സൂര്യാഭവനിൽ സുനിൽ കുമാറിന്റെയും മോളിയുടെയും മകൻ സൂരജ് എസ്.(23) ആണ് മരിച്ചത്. കാറോടിച്ചിരുന്ന ആറ്റിങ്ങൽ മൂന്നുമുക്ക് സ്വദേശി ബ്രൗൺ(52), സഹോദരങ്ങളായ ബിനു രാജു(36), വിമൽ രാജു(33) എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റുചെയ്തത്. ഇവർ മദ്യപിച്ചിരുന്നോയെന്നു പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. തിരുവല്ലത്തുനിന്ന് ഈഞ്ചക്കൽ ഭാഗത്തേക്കു പോകുകയായിരുന്നു കാറും ബൈക്കും. നഴ്സിങ് വിദ്യാർഥിനിയായ ഭാര്യ മിഥുനയെ തിരുവല്ലത്തെ നഴ്സിങ് സ്കൂളിലാക്കിയ ശേഷം തിരികെ പോത്തൻകോട്ടുള്ള വീട്ടിലേക്കു മടങ്ങുകയായിരുന്നു സൂരജ്. ഇതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് 100 മീറ്ററോളം നിരങ്ങി നീങ്ങി. കാറിന്റെ ഒരു വശം പൂർണമായും തകർന്നു.

ഇറങ്ങിയോടിയ കാർയാത്രക്കാരെ ജനക്കൂട്ടം പിന്തുടർന്നു പിടികൂടി തടഞ്ഞുവച്ചു. ചീറ്റ പട്രോളിങ്ങിലെ പോലീസുകാരാണ് ഇവരെ ഫോർട്ട് പോലീസ് സ്റ്റേഷനിലെത്തിച്ചത്. ഇവരുടെ വാഹനത്തിൽനിന്ന് ഒരാൾ മദ്യക്കുപ്പികളെടുത്തുമാറ്റിയതായി നാട്ടുകാർ പോലീസിനു വിവരം നൽകി. ഫോർട്ട് പോലീസ് സ്ഥലത്തെത്തി ഉടൻതന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും അപകടസ്ഥലത്തുതന്നെ സൂരജ് മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.

കാറിലുണ്ടായിരുന്നവരുടെ വൈദ്യപരിശോധന നടത്തി. രക്തസാമ്പിളിന്റെ ഫലം ലഭിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്ന് ഫോർട്ട് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി കോവളത്തെത്തിയ കാർയാത്രക്കാർ ഞായറാഴ്ച വീടുകളിലേക്കു മടങ്ങുകയായിരുന്നു. സൂരജിന്റെ സഹോദരി: സൂര്യ.

കാത്തിരുന്നു… ഭക്ഷണം കഴിക്കാൻ അവൻ എത്തിയില്ല

കോവളം: ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാമെന്നു പറഞ്ഞ് പുറപ്പെട്ട മകനെയോർത്ത് സങ്കടമടക്കാനാകാതെ കരയുകയാണ് ഈ അച്ഛൻ.

Mathrubhumi Malayalam News
അപകടത്തിൽ മരിച്ച സൂരജിന്റെ അച്ഛൻ സുനിൽകുമാർ
ഫോർട്ട് പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ.

മുട്ടത്തറ-കല്ലുമൂട് ബൈപ്പാസിലെ മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സൂരജ് മരിച്ചതറിഞ്ഞ് തളർന്നുപോയി അച്ഛൻ സുനിൽകുമാർ.

ലോക്ഡൗണായതിനാൽ നഴ്സിങ്ങിനു പഠിക്കുന്ന ഭാര്യ മിഥുനയെ തിരുവല്ലത്തെ കോളേജിൽ എത്തിക്കാനായിരുന്നു സൂരജിന്റെ യാത്ര. ഒൻപതരയോടെ മടങ്ങിവരുമെന്ന് പറഞ്ഞായിരുന്നു യാത്ര. പക്ഷേ, എത്തിയത് മകന്റെ മരണവാർത്ത. ”കുടുംബത്തിന്റെ അത്താണിയാണ് വിട്ടുപോയത്” – അദ്ദേഹം പറഞ്ഞു.

Mathrubhumi Malayalam News
സൂരജ്

രണ്ടുവർഷം മുമ്പായിരുന്നു സൂരജിന്റെ വിവാഹം. കടകളിൽ പായ്ക്കറ്റ് ഫുഡുകൾ മിനിലോറിയിൽ എത്തിക്കുന്ന ജോലിചെയ്താണ് കുടുംബം പോറ്റിയിരുന്നത്

ഇനി കുടുംബത്തെ സംരക്ഷിക്കാൻ ആരുമില്ലാതായി- സുനിലിനു കരച്ചിലടക്കാനാകുന്നില്ല.

കാറോടിച്ചവരുടെ അശ്രദ്ധയാണ് മകന്റെ ജീവനെടുത്തതെന്നും സുനിൽകുമാർ പറയുന്നു.

പോത്തൻകോട് അയിരൂപ്പാറ പാറവിളാകത്ത് സൂര്യ ഭവനിൽ സുനിൽകുമാറിന്റെയും മോളിയുടെയും രണ്ടാമത്തെ മകനാണ് സൂരജ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!