KSDLIVENEWS

Real news for everyone

രണ്ട് തരം പൂട്ട്, 24 മണിക്കൂർ കാവൽ; 1,28,624 വോട്ടുകൾ ഈ സ്ട്രോങ് റൂമിൽ ഡബിൾ സ്ട്രോങ്

SHARE THIS ON

കോട്ടയം∙ 1,28,624 വോട്ടുകൾ! ഇന്നലെ പുതുപ്പള്ളിയിൽ രേഖപ്പെടുത്തിയ ഈ വോട്ടുകൾ എട്ടാം തീയതി വരെ കോട്ടയം ബസേലിയസ് കോളജിലെ സ്ട്രോങ് റൂമിൽ ഭദ്രം. കേന്ദ്ര സേനയും പൊലീസും രാഷ്ട്രീയ പ്രവർത്തകരും സ്ട്രോങ് റൂമിന് കണ്ണിലെണ്ണയൊഴിച്ച് കാവലുണ്ട്. യാതൊരു വിധത്തിലുമുള്ള തിരിമറികളും നടക്കാതിരിക്കാനാണ് ഓരോ സംഘത്തിന്റെയും ഉറക്കമൊഴിച്ചുള്ള കാവൽ. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് സ്ട്രോങ് റൂമുകൾ ക്രമീകരിക്കുന്നത്. എങ്ങനെയായിരിക്കണം സ്ട്രോങ് റൂമുകളെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമായി നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 


ഇവിഎം (ഇലക്ട്രോണിക് വോട്ടിങ് മെഷിൻ), വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപർ ഓഡിറ്റ് ട്രയൽ) എന്നിവ സൂക്ഷിക്കുന്നതിനുള്ള സീൽ ചെയ്ത മുറികളെയാണ് സ്ട്രോങ് റൂമുകൾ എന്നു പറയുന്നത്. സ്ഥാനാർഥികളുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരിക്കും യന്ത്രങ്ങൾ നിറച്ച മുറികൾ സീൽ ചെയ്യുന്നത്. കേന്ദ്രസേനയുടെ ഉൾപ്പെടെ നിരീക്ഷണത്തിലായിരിക്കും ഇത്തരം മുറികൾ. സിസിടിവിയും സ്ഥാപിച്ചിരിക്കും. സ്ഥാനാർഥികൾ അവരുടെ പ്രതിനിധികളെ സ്ട്രോങ് റൂമിന്റെ സുരക്ഷയ്ക്കായി നിരീക്ഷണം നടത്തുന്നതിനു നിയോഗിക്കാറുണ്ട്. 

വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇവിഎം, വിവിപാറ്റ് എന്നിവയുടെ സീരിയൽ നമ്പർ, പോൾ ചെയ്ത വോട്ട് തുടങ്ങിയവ രേഖപ്പെടുത്തിയ ഫോം 17 സി സ്ഥാനാർഥികളുടെ ഏജന്റിനു നൽകും. പോളിങ് പൂർത്തിയാക്കിയശേഷം ഇവിഎം, വിവിപാറ്റ് എന്നിവ പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ സീൽ ചെയ്യും. ഏജന്റുമാരുടെ ഒപ്പും രേഖപ്പെടുത്തും. 

നാല് കാറ്റഗറിയായി തിരിച്ച് സംരക്ഷണം; രണ്ട് തരം താക്കോൽ

ഇവിഎം, വിവിപാറ്റ് എന്നിവ സൂക്ഷിക്കുന്നത് നാല് വിഭാഗങ്ങളായി തരംതിരിച്ചാണ്.  

∙ കാറ്റഗറി എ: പോൾ ചെയ്ത, ഇവിഎം, വിവി പാറ്റ്. 

∙ കാറ്റഗറി ബി: പോൾ ചെയ്യുന്നതിനിടെ പ്രവർത്തനരഹിതമായ ഇവിഎം, വിവി പാറ്റ്.

∙ കാറ്റഗറി സി: പോൾ ചെയ്യാത്ത പ്രവർത്തനരഹിതമായ ഇവിഎം, വിവി പാറ്റ്

∙ കാറ്റഗറി ഡി: ഉപയോഗിക്കാതെ സൂക്ഷിച്ച ഇവിഎം, വിവിപാറ്റ്. 


കാറ്റഗറി, എ, ബി എന്നിവ പോൾഡ് ഇവിഎം സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. കാറ്റഗറി സി റിപ്പയർ സ്ട്രോങ് റൂമിലും കാറ്റഗറി ഡി റിസർവ് സ്ട്രോങ്ങ് റൂമിലും സൂക്ഷിക്കും. ഓരോ സ്ട്രോങ് റൂമുകളിലും സൂക്ഷിച്ചിരിക്കുന്ന ഇവിഎമ്മിനെക്കുറിച്ചും വിവി പാറ്റിനെക്കുറിച്ചും സ്ഥാർഥികൾക്ക് വിവരം എഴുതി നൽകും. ഒരു കാരണവശാലും സി, ഡി കാറ്റഗറിയിൽ വരുന്നവ എ, ബി എന്നിവയ്ക്കൊപ്പം സൂക്ഷിക്കില്ല.

സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം ഉണ്ടായിരിക്കണം. സിസിടിവി ദൃശ്യങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറാണു സൂക്ഷിക്കേണ്ടത്. സ്ട്രോങ് റൂമിന് ഒറ്റ വാതിലേ പാടുള്ളു. ഈ വാതിലിലൂടെ മാത്രമേ അകത്തേക്കു പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും സാധിക്കൂ. മറ്റെല്ലാ വാതിലുകളും ജനലുകളും അടച്ച് സീൽ ചെയ്യണം. 

സ്ട്രോങ് റൂമിന് രണ്ട് തരം പൂട്ടും താക്കോലും ആവശ്യമാണ്. ഒരു താക്കോൽ റിട്ടേണിങ് ഓഫിസറുടെ പക്കലും രണ്ടാമത്തെ താക്കോൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെ പക്കലുമായിരിക്കും സൂക്ഷിക്കുന്നത്. സ്ട്രോങ് റൂമിന്റെ മെയിൻ സ്വിച്ച്, മുറിക്കു പുറത്തായിരിക്കണം. റൂം സീൽ ചെയ്തശേഷം വൈദ്യുതി വിച്ഛേദിക്കണം. ഷോർട്ട് സർക്യൂട്ട് മൂലം അപകടം സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. തീപിടിത്തവും വെള്ളപ്പൊക്കവുമുണ്ടായാൽ നേരിടുന്നതിനാവശ്യമായ ക്രമീകരണങ്ങളും ഒരുക്കണം. 

മുടങ്ങരുത് വൈദ്യതി 

സ്ഥാനാർഥികളുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ ദിവസം സ്ട്രോങ് റൂം തുറക്കുന്നത്. റിട്ടേണിങ് ഓഫിസർ, തിരഞ്ഞെടുപ്പ് നിരീക്ഷകൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി വോട്ടെണ്ണൽ ആരംഭിക്കും. ഈ സമയത്ത് വൈദ്യുതി മുടങ്ങാതിരിക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും ഒരുക്കണം. വോട്ടെണ്ണലിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിലൂടെ ചിത്രീകരിക്കുകയും വേണം. ജില്ലാ ഭരണ കേന്ദ്രങ്ങളാണു സാധാരണ സ്ട്രോങ് റൂമുകൾക്കായി തിരഞ്ഞെടുക്കുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ സ്കൂളുകളോ മറ്റു സ്ഥാപനങ്ങളോ സ്ട്രോങ് റൂമായി മാറ്റാറുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക പരിശോധനകൾക്കും മറ്റും ശേഷമായിരിക്കും ഇത്തരം സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!