KSDLIVENEWS

Real news for everyone

പണം കൊണ്ടുവന്നത് വെൽഫയർ കാറിലെന്ന് ബിജെപി; ഒരുകാർ സംശയാസ്പദമായി പുറത്തേക്ക് പോയെന്ന് സിപിഎം

SHARE THIS ON

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വലിയ തോതില്‍ പണംകൊണ്ടുവന്നുവെന്നും അത് തിരിച്ചുകടത്താൻ ശ്രമം നടന്നെന്നും എ.എ. റഹീം എം.പി. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. പോലീസ് പരിശോധന സജീവമാക്കിയ സമയത്ത് കോണ്‍ഗ്രസിന്റെ രണ്ട് എം.പിമാര്‍ അക്രമം അഴിച്ചുവിട്ടുവെന്നും റഹീം പറഞ്ഞു.

‘വലിയ തോതില്‍ പണം കൊണ്ടുവന്നു. തിരിച്ചു കടത്താനുള്ള ശ്രമം നടന്നു. കടത്തിയോ ഇല്ലയോയെന്ന് പരിശോധിക്കണം. സമഗ്രമായ അന്വേഷണം വേണം. യു.ഡി.എഫ്. സ്ഥാനാര്‍ഥി ആരോപണ വിധേയമായ സമയത്ത് ഹോട്ടലില്‍ വന്നിട്ടുണ്ടോ? ആ സമയത്ത് ആരൊക്കെയാണ് വന്നത്. ഹോട്ടലില്‍നിന്ന് ഒരു കാര്‍ സംശയാസ്പദമായി പുറത്തേക്ക് പോയിട്ടുണ്ടോ? ആ കാറ് എങ്ങോട്ടാണ് പോയത്. ആ സമയത്ത് ഹോട്ടലിലില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണം’, റഹീം ആവശ്യപ്പെട്ടു.

‘ബിന്ദു കൃഷ്ണയും ടി.വി. രാജേഷും പരിശോധനയുമായി സഹകരിച്ചു. ഷാനിമോള്‍ ഉസ്മാന്റെ മുറിയിലേക്ക് എത്തിയപ്പോഴാണ് പരിശോധന പൂര്‍ണമായി തടസ്സപ്പെട്ടത്. പരിശോധനയ്ക്ക് സമ്മതിച്ചില്ല. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണവും സി.സി.ടി.വി. പരിശോധനയും സജീവമാക്കിയ നേരത്ത് അട്ടിമറിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ എം.പിമാര്‍ പ്രകോപനപരമായി ആക്രമിച്ചു. വടകര എം.പി. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. പോലീസിനോട് തട്ടിക്കയറി, അക്രമം അഴിച്ചുവിട്ടു. മണിക്കൂറുകളോളം സംഘര്‍ഷം സൃഷ്ടിച്ചു’, റഹീം ആരോപിച്ചു.


സംഘര്‍ഷമുണ്ടാക്കി അകത്തുണ്ടായിരുന്ന പണം മാറ്റുന്നതിനും കൃത്രിമം കാണിച്ചവരെ രക്ഷപ്പെടുത്തുന്നതിനുമുള്ള സമയം എടുക്കുകയായിരുന്നുവെന്ന് പൂര്‍ണമായും വിശ്വസിക്കുന്നു. സമഗ്രമായ അന്വേഷണം നടത്തണം. ഒരു ഉളുപ്പുമില്ലാതെ കാര്യങ്ങളെ വളച്ചൊടിക്കുന്നു. രണ്ടു എം.പിമാരുടെ നേതൃത്വത്തില്‍ നിയമവാഴ്ചയെ തടഞ്ഞു. നിയമം കൈയിലെടുത്തു. പോലീസുകാരെ തടഞ്ഞുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു.


‘വനിതാ പോലീസിനെ ഷാനിമോള്‍ ഉസ്മാന്‍ എന്തിനാണ് തല്ലിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോടിക്കണക്കിന് രൂപ കൊണ്ടുവന്നു എന്നതാണ് ആരോപണം. സംശയനിവാരണം നടത്തേണ്ടേ. അന്വേഷിക്കാനും പരിശോധിക്കാനും വന്ന പോലീസുകാരെ തടസ്സപ്പെടുത്തി ബഹളം കൂട്ടിയാല്‍ എന്താ ചെയ്യുക. നിയമം കൈയിലെടുക്കുകയല്ലേ ചെയ്യുന്നത്. സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. ഇപ്പോള്‍ പരാതി നല്‍കിയിട്ടുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതിയുമായ ഫെനി എന്നയാളാണ് ഹോട്ടലിലേക്ക് സ്യൂട്ട്‌കേസുമായി എത്തിയതെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു. ‘വെല്‍ഫയര്‍ വണ്ടിയിലാണ് സ്യൂട്‌കേസ് വന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്ത്, വ്യാജ ഐഡി കാര്‍ഡ് അടിച്ച കേസിലെ പ്രതിയായ ഫെനിയാണ് സ്യൂട്‌കേസില്‍ പണം കൊണ്ടുവന്നത്’, പ്രഫുല്‍ ആരോപിച്ചു.

കള്ളപ്പണംകൊണ്ടുവന്നിട്ടുണ്ട്. സി.സി.ടി.വി. പിടിച്ചെടുക്കണം. സംഘര്‍ഷസാഹചര്യമുണ്ടാക്കി രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാക്കി. പണം മാറ്റുവാനുള്ള എല്ലാ സാഹചര്യവും പോലീസ് ഉണ്ടാക്കി. ശക്തമായ നിയമനടപടി സ്വീകരിക്കും. രണ്ട് എം.പിമാര്‍ തെരുവുഗുണ്ടകളെപ്പോലെ പോലീസ് ഉദ്യോഗസ്ഥരേയും മാധ്യമപ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തി. അവര്‍ക്ക് മടിയില്‍ കനമുണ്ട്. പോലീസ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഓടിക്കിതച്ച് കോഴിക്കോട് എത്താനുള്ള സമയം കൊടുത്തുവെന്നും ബി.ജെ.പി. നേതാവ് വി.വി. രാജേഷും സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!