KSDLIVENEWS

Real news for everyone

സര്‍വം സജ്ജം; ഓപ്പറേഷന്‍ സിന്ദൂറിന് മിനിറ്റുകള്‍ക്ക് മുന്‍പ് വിഡിയോ പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ ആര്‍മി; വീഡിയോ കാണാം

SHARE THIS ON

പാക് ഭീകരതാവളങ്ങള്‍ക്കുനേരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് മിനിറ്റുകള്‍ക്ക് മുന്‍പ് വിഡിയോ പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ ആര്‍മി.

ഓപ്പറേഷന്‍ ആരംഭിക്കുന്നതിനു 15മിനിറ്റുകള്‍ മുന്‍പാണ് ആകാശത്തും കരയിലും കടലിലും ഞങ്ങള്‍ സര്‍വം സജ്ജം എന്നുവിളിച്ചോതും വിധമുള്ള വിഡിയോ ഇന്ത്യന്‍ ആര്‍മി പോസ്റ്റ് ചെയ്തത്. ‘പോരാട്ടത്തിനു തയ്യാര്‍, വിജയിക്കാന്‍ ശീലിച്ചു’ എന്നര്‍ത്ഥം വരുന്ന കാപ്ഷനാണ് വിഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ സൈന്യത്തിന്റെ പരിശീലനവും, യുദ്ധതന്ത്രങ്ങളും, ആയുധവിന്യാസങ്ങളുമാണ് കാണാന്‍ കഴിയുക. സംയുക്തസൈന്യത്തിന്റെ ശക്തിയാണ് സൈന്യം ബോധ്യപ്പെടുത്തുന്നത്. യുദ്ധടാങ്കുകളില്‍ നിന്നുള്ള ഫയറിങ്ങും, വിവിധ ടെറയിനുകളിലേക്കുള്ള മിസൈല്‍പ്രഹരവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സൈന്യത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കൂടിയാണ് ഓപ്പറേഷനു മിനിറ്റുകള്‍ മുന്‍പ് വിഡിയോ പങ്കുവച്ചത്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ചുട്ടെരിക്കാൻ ഇന്ത്യൻ സൈന്യം എടുത്തത് വെറും 23 മിനിറ്റ്. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ക്രൂസ് മിസൈലുകള്‍ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തത്. ഇന്ത്യയുടെ കര-വ്യോമ-നാവിക സേന സംയുക്തമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറില്‍ ഭീകര പരിശീലന കേന്ദ്രങ്ങള്‍, ഭീകരർ ആയുധം സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവ ചുട്ടെരിച്ചു.

ബഹാവല്‍പുരിലെ സുബ്ഹാനുള്ള മോസ്കില്‍ ആക്രമണം ഉണ്ടായെന്നും റിപ്പോർട്ടുണ്ട്. ജയ്ഷെ മുഹമ്മദിൻറെ കേന്ദ്രങ്ങളിലൊന്നാണ് സുബ്ഹാനുള്ള മോസ്ക്. മുരിദ്കെയിലെ ലഷ്കർ താവളമായ മർകസ് തയ്ബ, ജയ്ഷെ കേന്ദ്രമായ തെഹ്ര കാലാനിലെ സർജല്‍, സിയാല്‍ കോട്ടിലെ ഹിസ്ബുള്‍ മുജാഹിദ്ദീൻ കേന്ദ്രമാ മെഹ്മൂന ജോയ, ബർണാലയിലെ ജയ്ഷെ കേന്ദ്രമായ മർകസ് ആലെ ഹാദിത്ത്, കോട്ലിയിലെ ജയ്ഷെ കേന്ദ്രം മർകസ് അബ്ബാസ്, കോട്ലിയിലെ തന്നെ ഹിസ്ബുള്‍ താവളമായ മസ്കർ രഹീല്‍ ഷഹീദ്, മുസാഫറബാദിലെ ലഷ്കർ ക്യാംപായ ഷവായ് നല്ലാ ക്യാംപ്, ജയ്ഷെ താവളമായ സയ്യിദിന ബിലാല്‍ ക്യാംപ് എന്നിവിടങ്ങളിലാണ് 23 മിനിറ്റ് കൊണ്ട് സൈന്യം നാശം വിതച്ചത്.

ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാൻ സജ്ജമാക്കുന്ന ലോഞ്ച്പാഡുകളടക്കം സൈന്യം തകർത്തവയിലുണ്ട്. ലോഞ്ച്പാഡുകളുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിച്ച സൈന്യം അത് സാറ്റലൈറ്റ് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി കൃത്യമായ ആസൂത്രണമാണ് നടത്തിയത്. ഈ വിവരങ്ങള്‍പ്രകാരം റഫാലടക്കമുള്ളവ വിന്യസിക്കുകയും മാരകപ്രഹരം ഏല്‍പ്പിക്കാനും സൈന്യത്തിനായി.

അതിർത്തിയില്‍ ഏതുസാഹചര്യം നേരിടാനും സജ്ജമാണെന്ന് സൈന്യം അറിയിച്ചു. രാജ്യാന്തര അതിർത്തിയില്‍ ബിഎസ്‌എഫ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. കശ്മീർ താഴ്വരയിലും ശ്രീനഗറിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. അതേസമയം, അതിർത്തിയില്‍ പാകിസ്ഥാൻ കടുത്ത പ്രകോപനം തുടരുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ പൂഞ്ചിലെ ഫീല്‍ഡ് സ്റ്റേഷൻ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. പാക് ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക് സൈനികർക്കും പരുക്കേറ്റിട്ടുണ്ട്.

പാകിസ്ഥാന്റെ നുണ പ്രചരണം

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ആക്രമണം ഏതുസമയവും പാകിസ്ഥാൻ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അത് എങ്ങനെ, എപ്പോള്‍, എവിടെ എന്നത് സംബന്ധിച്ച്‌ പാക് സൈന്യത്തിനോ പാകിസ്ഥാൻ ഭരണകൂടത്തിനോ യാതൊരു ധാരണയുമുണ്ടായിരുന്നില്ല. പാക് അധിനിവേശ കശ്മീരിലെ ചില കേന്ദ്രങ്ങളില്‍ മുമ്ബ് ഇന്ത്യ സർജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെങ്കിലും സമീപകാലങ്ങളിലൊന്നും പാകിസ്ഥാന്റെ അതിർത്തിക്കുള്ളില്‍ ഇന്ത്യൻ സൈന്യം കടന്നുകയറി ആക്രമിച്ചിരുന്നില്ല. എന്നാല്‍, പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഉള്‍പ്പെടെയുള്ള ഭീകരരുടെ കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതോടെ പാക് സൈന്യവും ഭരണകൂടവും അക്ഷരാർത്ഥത്തില്‍ ഞെട്ടിത്തരിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും നഷ്ടപ്പെട്ട പാകിസ്ഥാൻ ഇതോടെ നുണപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്നു പുലർച്ചെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്ഥാൻ സൈന്യം തിരിച്ചടിച്ചെന്നാണ് പാക് അനുകൂല മാധ്യമങ്ങളും സമൂഹ മാധ്യമ പ്രൊഫൈലുകളും പ്രചരിപ്പിക്കുന്നത്. തീർത്തും അടിസ്ഥാന രഹിതമായ ഇത്തരം വാർത്തകള്‍ക്കൊപ്പം പഴയ ദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിക്കുകയാണ് പാകിസ്ഥാൻ.

ഇന്ത്യയില്‍ 15 സ്ഥലങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും പാകിസ്താൻ തിരിച്ചടിച്ചുവെന്നുമൊക്കെ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അവകാശപ്പെടുന്നു. ശ്രീനഗർ വ്യോമതാവളത്തില്‍ പാക് സേന ആക്രമണം നടത്തിയെന്നും ഇന്ത്യൻ സൈനിക താവളം നശിപ്പിച്ചുവെന്നുമെല്ലാം അവകാശവാദങ്ങളുണ്ട്. എന്നാല്‍, വിശ്വസനീയമായ ദൃശ്യങ്ങളോ ഉപഗ്രഹ ചിത്രങ്ങളോ തെറ്റായ വിവരങ്ങള്‍ ഉന്നയിക്കുന്നവർക്ക് കൊണ്ടുവരാനാവുന്നില്ല. പാക് സേനയുടെ മീഡിയ വിങ് ആയ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഉള്‍പ്പെടെ ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. നുണപ്രചാരണങ്ങള്‍ക്കൊപ്പംതന്നെ ഇതുമായി ബന്ധമില്ലാത്ത ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പങ്കുവെയ്ക്കുന്നുമുണ്ട്. ഇവ പലതും പഴയ സംഭവങ്ങളുടേതോ മുൻകാലങ്ങളിലെ മറ്റു സംഭവങ്ങളുമായി ബന്ധപ്പെട്ടതോ ആണെന്ന് വ്യക്തമായിട്ടുണ്ട്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി തുടങ്ങിയതോടെ പാകിസ്ഥാനിലെങ്ങും ആശങ്ക വ്യാപിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരില്‍ ഇന്ത്യ നടത്തിയ വ്യോമാക്രണ‌ത്തിന് പിന്നാലെ പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി‌. പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാക് പഞ്ചാബിലെ ബഹവല്‍പുരില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. പ്രദേശത്തെ പള്ളികളും മദ്രസകളും ഒഴിപ്പിച്ചു. ഇന്ത്യ യുദ്ധം അടിച്ചേല്‍പ്പിക്കുകയാണ് എന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം.

ഇന്ത്യ അടിച്ചേല്‍പ്പിച്ച യുദ്ധനടപടിയോട് പ്രതികരിക്കാൻ അവകാശമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രതികരിച്ചു. ഇന്ത്യ നടത്തിയ ആക്രമണം പാക് പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് പാക് വിദേശകാര്യമന്ത്രി ആരോപിച്ചത്. ഇന്ത്യയുടെ താല്‍കാലിക സന്തോഷത്തിന് ശാശ്വതമായ ദുഃഖമുണ്ടാക്കുമെന്നും പാകിസ്ഥാൻ ഭീഷണി മുഴക്കി. ഇന്ത്യയുടെ നടപടി യുദ്ധം തന്നെയാണെന്ന് ബിലാവല്‍ഭൂട്ടോയും പ്രതികരിച്ചു. ഇന്ത്യൻ ആക്രമണത്തെ ചെറുക്കാൻ മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടു. ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സുരക്ഷാസമിതി യോഗം വിളിച്ചിട്ടുണ്ട്.

ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തില്‍ എട്ടുപേർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചു. 35 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും രണ്ടുപേരെ കാണാതായെന്നും പാകിസ്ഥാൻ പറയുന്നു. പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ അഹമ്മദ് ഷരീഫാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ പാക് ഐടി മന്ത്രിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അഹമ്മദ് ഷരീഫ് ഇക്കാര്യം അറിയിച്ചത്.

പാകിസ്ഥാനിലെ എട്ട് പ്രദേശങ്ങളിലായി 24 ആക്രമണങ്ങളാണ് ഇന്ത്യ നടത്തിയത് എന്നാണ് പാകിസ്ഥാന്റെ ആരോപണം. അതേസമയം, പാകിസ്ഥാനിലെ നാലിടത്തും പാക് അധീന കശ്മീരിലെ അഞ്ചിടങ്ങളിലുമായി ഒമ്ബതിടങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യൻ ഭരണകൂടം വ്യക്തമാക്കുന്നു. ഇന്ത്യയുടെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇന്ന് രാവിലെ 10-ന് ദേശീയ സുരക്ഷാ സമിതി (NSC) യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യൻ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെയും പഞ്ചാബ് പ്രവിശ്യയിലേയും സ്‌കൂളുകള്‍ അടയ്ക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

പഹല്‍ഗാമില്‍ മതം ചോദിച്ച്‌ ഹിന്ദുക്കളായ പുരുഷന്മാരെ തെരഞ്ഞുപിടിച്ചായിരുന്നു ഭീകരർ കൊലപ്പെടുത്തിയത്. തങ്ങളുടെ മതം തിരിച്ചറിയാതിരിക്കാനും ഭർത്താക്കന്മാർ കൊല്ലപ്പെടാതിരിക്കാനും സിന്ദൂര രേഖയിലെ സിന്ദൂരം മായ്ച്ച്‌ ഭീകരരില്‍ നിന്നും രക്ഷപെട്ട സ്ത്രീകളുമുണ്ട്. ഭർതൃമതികളായ ഇന്ത്യൻ സ്ത്രീകള്‍ ആചാരപ്രകാരം സിന്ദൂര രേഖയില്‍ സിന്ദൂരം അണിയാറുണ്ട്. ഭർത്താവ് മരിക്കുന്നതോടെ ഈ സിന്ദൂരം മായ്ച്ചു കളയും. പിന്നീട് സ്ത്രീകള്‍ സിന്ദൂരം അണിയാറില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കുന്ന ഓപ്പറേഷന് സിന്ദൂർ എന്ന പേര് നല്‍കുമ്ബോള്‍ ഇനിയൊരിക്കലും ഭീകരരുടെ കൈകളാല്‍ ഇന്ത്യൻ പുരുഷന്മാർ കൊല്ലപ്പെടില്ലെന്ന ഉറപ്പാക്കണം ഇന്ത്യൻ സൈന്യവും ഭരണകൂടവും ഭാരതത്തിലെ സ്ത്രീകള്‍ക്ക് നല്‍കുന്നത്. അതേസമയം, ഓപ്പറേഷന് സിന്ദൂർ സംബന്ധിച്ച്‌ ഇന്നു രാവിലെ പത്തുമണിക്ക് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണമുണ്ടാകും.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ ഇന്ത്യ സർജിക്കല്‍ സ്ട്രൈക്ക് ‌നടത്തിയത് 12 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നെങ്കില്‍ പഹല്‍ഗാമിന് പകരം ചോദിക്കാൻ ഇന്ത്യ കാത്തിരുന്നത് 16 ദിവസമാണ്. 2019 ഫെബ്രുവരി 14 നാണ് പുല്‍വാമയില്‍ 40 ഇന്ത്യൻ സൈനികരെ പാക് പിന്തുണയുള്ള ഭീകരർ കൊലപ്പെടുത്തിയത്. 12 ദിവസത്തിനുശേഷം ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ബോംബിട്ടു. ഇത്തവണ പഹല്‍ഗാം ഭീകരാക്രമണത്തിനു 16-ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ടിലെ ഇന്ത്യയുടെ സർജിക്കല്‍ സ്ട്രൈക്ക് പുലർച്ചെ 2.45 നും 4.05നും ഇടയിലായിരുന്നു. ഓപ്പറേഷൻ സിന്ദൂർ നടത്തിയതും അർധരാത്രിക്കു ശേഷമാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് ഇന്നു പുലർച്ചെയാണ്. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യൻ ഭരണാധികാരികള്‍ ആവർത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. രാജ്യത്തിനകത്തും പുറത്തും ഇതിനായി ഇന്ത്യ തയ്യാറെടുപ്പ് നടത്തുകയും ചെയ്തു. 1971 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ പാകിസ്ഥാനില്‍ ആക്രമണം നടത്തുന്നത്. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയത്. പാക് സൈനിക ക്യാമ്ബുകളോ ജനവാസ കേന്ദ്രങ്ങളോ ആക്രമിക്കപ്പെട്ടില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

സ്കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇന്ത്യയുടെ സംയുക്ത സൈന്യം ഭീകരക്യാംപുകള്‍ തകർത്തത്. പാകിസ്ഥാൻ വ്യോമമേഖലയില്‍നിന്ന് ഇന്നലെ അർധരാത്രിയോടെ വിമാനങ്ങള്‍ കൂട്ടമായി വഴിതിരിച്ചു വിട്ടതോടെയാണ് ആക്രമണം സംബന്ധിച്ച്‌ അഭ്യൂഹം പരന്നത്. ഇതേ സമയത്തു തന്നെ പാകിസ്ഥാനോട് അടുത്ത‌ ഇന്ത്യൻ വ്യോമമേഖലയും ഒഴിഞ്ഞു കിടന്നു. കറാച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനവും അവിടെയിറങ്ങാതെ മടങ്ങുകയായിരുന്നു. പാക് അധിനിവേശ കശ്മീരി‍ല്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി കാണിച്ച്‌ സമൂഹമാധ്യമങ്ങളില്‍ വിഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ, പുലർച്ചെ 1.44ന് ഇന്ത്യ ആക്രമണവിവരം സ്ഥിരീകരിക്കുകയായിരുന്നു.

കര, വ്യോമ, നാവികസേനകള്‍ സംയുക്തമായാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് ആരംഭിച്ചതോടെ മേഖലയിലെ ജനങ്ങളെ ബങ്കറുകളിലേക്കു മാറ്റി. ശ്രീനഗർ, ജമ്മു, ലേ, ധരംശാല, അമൃത്‌സർ വിമാനത്താവളങ്ങള്‍ അടച്ചു.

ബഹവല്‍പൂർ, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂർ, മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ സൈനിക ആക്രമണങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്‌.

നീതി നടപ്പാക്കിയെന്ന് സൈന്യം

നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടൻ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു. ‘കൃത്യമായ രീതിയില്‍ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ ഇന്ത്യൻ സൈന്യം എക്സ് പോസ്റ്റില്‍ വിശേഷിപ്പിച്ചത്. പാക് സൈനിക കേന്ദ്രങ്ങളെയല്ല, ഭീകര കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യമിട്ടതെന്നും കൃത്യമായി സംയമനം പാലിച്ചുള്ള നടപടിയാണ് ഇന്ത്യയില്‍ നിന്നുണ്ടായതെന്നും സൈന്യം വ്യക്തമാക്കി. അതേസമയം കശ്മീരിലെ പൂഞ്ച്-രജൗരി മേഖലയിലെ ഭിംബർ ഗലിയില്‍ പാക്സൈന്യം വെടിവെപ്പ് നടത്തിയതായി സൈന്യം അറിയിച്ചു.

‘ഭാരത് മാതാ കീ ജയ്’ എന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്സില്‍ കുറിച്ചത്.ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച്‌ രാജ്യത്തുടനീളം ആസൂത്രണം ചെയ്ത മോക്ഡ്രില്ലിന് മണിക്കൂറുകള്‍ക്ക് മുൻപാണ് തിരിച്ചടിയെന്നതും ശ്രദ്ധേയമാണ്. 1971ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രവലിയ മോക്ഡ്രില്‍ സംഘടിപ്പിക്കപ്പെടുന്നത്. ഇന്ത്യ-പാക് സംഘർഷം എത്രയും വേഗം അവസാനിപ്പിക്കട്ടെയെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

ശ്രീനഗർ കൂടാതെ ജമ്മു, ലേ, ധരംശാല, അമൃത്സർ വിമാനത്താവളങ്ങളും അടച്ചു. ഭീകരക്യാമ്ബുകള്‍ തകർത്തത് സ്‌കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ചാണ്. ലഷ്‌കർ-ഇ-തൊയ്‌ബെ, ജെയ്ഷ്-ഇ-മുഹമ്മദ് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടത്. ലക്ഷ്യമിട്ടത് ഭീകരരെ മാത്രമാണെന്നും സൈനിക കേന്ദ്രങ്ങളേയോ സാധാരണക്കാരെയോ ഇന്ത്യലക്ഷ്യമിട്ടിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.

26 പേർ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പതിനാലാം ദിവസമാണ് ഇന്ത്യൻ തിരിച്ചടി.തന്ത്രപ്രധാന യോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്നത്. ഓപ്പറേഷൻ സിന്ദൂറിന് മണിക്കൂറുകള്‍ക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായും കൂടിക്കാഴ്ച നടത്തി. കൂടാതെ എയർ ചീഫ് മാർഷല്‍ അമർ പ്രീത് സിങ്ങ്, കരസേന, നാവികസേന, വ്യോമസേന മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു

തിരിച്ചടിക്കുമെന്ന് ആദ്യം മുതലേ സൂചന നല്‍കിയ ഇന്ത്യ സിന്ധു-നദീജല കരാർ മരവിപ്പിക്കുന്നതടക്കം നിർണായക തീരുമാനങ്ങള്‍ പാകിസ്താനെതിരെ കൈകൊണ്ടു. പാക് പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കിയ ഇന്ത്യ അട്ടാരി അതിർത്തിയും അടച്ചു. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്തിരുന്നു.

സന്തോഷം നല്‍കുന്ന കാര്യമെന്ന് രാമചന്ദ്രന്റെ മകള്‍

നമ്മള്‍ കാത്തിരുന്ന നിമിഷമാണ് ഇതെന്നായിരുന്നു ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച്‌ പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ മകള്‍ ആരതിയുടെ പ്രതികരണം. പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആരതി സന്തോഷം രേഖപ്പെടുത്തി.കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനെ മകള്‍ ആരതിയുടെ മുന്നില്‍ വച്ചായിരുന്നു ഭീകരർ കൊലപ്പെടുത്തിയത്.

അച്ഛന്റെ നഷ്ടം നഷ്ടമായി തന്നെ തുടരുമെങ്കിലും ഇപ്പോഴത്തെ ഈ തിരിച്ചടി സന്തോഷം തരുന്ന നിമിഷമാണെന്ന് ആരതി പറഞ്ഞു. കൃത്യമായ സമയത്താണ് ഇന്ത്യ തിരിച്ചടിച്ചത്. നമ്മള്‍ കാത്തിരുന്ന നിമിഷമാണിത്. ആക്രമണത്തില്‍ സാധാരണക്കാർക്ക് അപകടം സംഭവിച്ചിട്ടില്ല എന്നതും ആശ്വാസം പകരുന്ന കാര്യമാണെന്നും ആരതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!