ഔറംഗസീബിന്റെ ചിത്രം വാട്‌സ്‌ആപ്പ് സ്റ്റാറ്റസാക്കിയതിനെ തുടര്‍ന്ന് സംഘര്‍ഷം; കോലാപൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

കോലാപൂര്‍: മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ മൂന്നുപേര്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ചിത്രം വാട്സ്‌ആപ്പ് സ്റ്റാറ്റസ് ഇട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്. സ്റ്റാറ്റസ് വൈറലായതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. കോലാപൂരിലെ ഛത്രപതി ശിവജി മഹാരാജ് ചൗക്കില്‍ ഹിന്ദുത്വ സംഘടനകള്‍ പ്രവര്‍ത്തകരോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. സ്റ്റാറ്റസ് ഇട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. കല്ലേറുണ്ടായതിന് പിന്നാലെ തെരുവില്‍ ആളുകള്‍ തടിച്ചുകൂടിയതാണ് സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു. എല്ലാവരും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഷിൻഡെ പറഞ്ഞു.

