മൊഗ്രാലിൽ കടലേറ്റത്തിന് ശമനമില്ല; തെങ്ങുകളും കടൽഭിത്തികളും കടപുഴകുന്നു, നെടുവീർപ്പോടെ തീരദേശവാസികൾ

കുമ്പള: മഴ കുറഞ്ഞെങ്കിലും കടലേറ്റഭീതിയിൽനിന്ന് തീരപ്രദേശത്തിന് മോചനമില്ല. അനുദിനം തീരം കടലെടുക്കുകയും തെങ്ങുകളും കടൽ ഭിത്തികളും ഇല്ലാതാകുന്നതും നെടുവീർപ്പോടെ നോക്കിനിൽക്കുകയാണ് തീരദേശവാസികൾ. മൊഗ്രാലിലെ ഒരുകിലോമീറ്റർ തീരം കടലേറ്റത്താൽ ഇല്ലാതാകുകയാണ്. മൊഗ്രാൽ നാങ്കി കടപ്പുറം മുതൽ കൊപ്പളം വരെയുള്ള ഒരുകിലോമീറ്റർ തീരദേശത്താണ് കടലേറ്റം തുടരുന്നത്. ഇവിടെ മുൻപ് വീടും സ്ഥലവും നഷ്ടപ്പെട്ടവരേറെയാണ്. നിർധനരായ മത്സ്യത്തൊഴിലാളികളടക്കമുള്ളവർ ബന്ധുവീടുകളിൽ അഭയം തേടുന്നു. ഈ പ്രദേശങ്ങളിൽ ഇതുവരെയുണ്ടായ തീരശോഷണത്തിന് കണക്കൊന്നുമില്ല. പുറമ്പോക്കാണെന്ന് പറഞ്ഞ് എഴുതിത്തള്ളുകയാണ് അധികൃതർ. തീരസംരക്ഷണത്തിനായി ചെറിയ കല്ലുകൾകൊണ്ട് നിർമിച്ച കടൽ ഭിത്തികൾ പ്രദേശത്ത് ഇപ്പോൾ എവിടെയും കാണാനില്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് അതുകൊണ്ടുണ്ടായത്. ഇക്കുറിയും കുറെ കല്ല് കടൽത്തീരത്ത് കൊണ്ടിട്ടിട്ടുണ്ട്. എന്തിനാണ് ചെറിയ കല്ലുകൾ കടലിൽ കൊണ്ടിടുന്നതെന്ന പ്രദേശവാസികളുടെ ചോദ്യംകേട്ട് കരാറുകാർ അവ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നുവെന്ന് പറയുന്നു. തീരത്ത് ഉപേക്ഷിച്ച കല്ലും ഇപ്പോൾ കടലെടുക്കുന്നു. ഇല്ലാതാകുന്നത് വരുമാനമാർഗം തീരദേശവാസികളുടെ ഏക വരുമാനമാർഗമായ തെങ്ങുകളാണ് ദിവസേന കടലെടുക്കുന്നത്. ഇളനീർ വിറ്റും തേങ്ങ വിറ്റും ഉപജീവനമാർഗം കണ്ടെത്തുന്നവരുടെ കണ്ണീരാണ് മൊഗ്രാൽ തീരത്ത് ഇപ്പോൾ കാണാൻ കഴിയുന്നത്. വീട്, റിസോർട്ട് സംരക്ഷണത്തിനായി കെട്ടിയ മതിലുകൾ വരെ കടലെടുത്തുകഴിഞ്ഞു. ശാസ്ത്രീയമായി നിർമിച്ച കടൽഭിത്തികൾ ജില്ലയിലെ പല ഭാഗങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വലിയ കരിങ്കല്ലുകൾ കൊണ്ടാണ് ഇവിടെയൊക്കെ കടൽ ഭിത്തികൾ നിർമിച്ചിരിക്കുന്നത്. നാങ്കി -കൊപ്പളം തീരമേഖലയിൽ അത്തരത്തിലുള്ള തീരസംരക്ഷണ പദ്ധതികളാണ് ആവശ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

