മത്തിയുടെ ജനിതകരഹസ്യം കണ്ടെത്തി CMFRI; ഇന്ത്യന്‍ സമുദ്രമത്സ്യ മേഖലയില്‍ നാഴികക്കല്ല്

കൊച്ചി: സമുദ്രമത്സ്യ ജനിതക പഠനത്തില്‍ നിര്‍ണായക ചുവടുവെയ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കേരളീയരുടെ ഇഷ്ടമത്സ്യമായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂര്‍ണ ശ്രേണീകരണമെന്ന അപൂര്‍വനേട്ടമാണ് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഒരു കടല്‍മത്സ്യത്തിന്റെ ജനിതകഘടന കണ്ടെത്തുന്നത്. ഇന്ത്യന്‍ സമുദ്രമത്സ്യ മേഖലയിലെ നാഴികക്കല്ലാണിതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.എ ഗോപാലകൃഷ്ണന് പറഞ്ഞു. മത്തിയുടെ ഫലപ്രദമായ പരിപാലനത്തിന് ഏറെ സഹായകരമാകുന്നതാണ് ഈ ജനിതകരഹസ്യം. അവയുടെ പൂര്‍ണമായ ജീവശാസ്ത്രം, പരിണാമം എന്നിവ കൃത്യമായി മനസ്സിലാക്കാനാകും. ഇത് മത്തിയുടെ പരിപാലനവും സംരക്ഷണവും കൂടുതല്‍ എളുപ്പമാക്കും. കാലാവസ്ഥാപഠനം എളുപ്പമാകും കടലിലെ ഏതൊക്കെതരം പ്രത്യേകതകളാണ് മത്തിയെ സ്വാധീനിക്കുന്നതെന്ന് തിരിച്ചറിയാനാകും. ഇതുവഴി, ഇടയ്ക്കിടെയുണ്ടാകുന്ന മത്തിയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് പിന്നിലെ കാരണങ്ങളറിയാനും സഹായിക്കും. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന മത്സ്യമാണ് മത്തി. ജനിതകരഹസ്യം സ്വന്തമായതോടെ കാലാവസ്ഥാവ്യതിയാനം ഏതൊക്കെ രീതിയിലാണ് സമുദ്രസമ്പത്തിന് ഭീഷണിയാകുന്നതെന്ന് കണ്ടെത്താനാകും. സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് പുതുതലമുറ ശ്രേണീകരണ സാങ്കേതിവിദ്യകളുപയോഗിച്ച് ഈ നേട്ടം സ്വന്തമാക്കിയത്. അതിര്ത്തികള്കടന്നു സഞ്ചരിക്കുന്ന മീനായതിനാല്‍ സര്ട്ടിഫിക്കേഷന് പോലുള്ളവയ്ക്ക് മത്തിയുടെ ഉറവിടസ്ഥലമേതെന്ന് കണ്ടെത്താനും എവിടെനിന്ന് പിടിച്ചതാണെന്ന് തിരിച്ചറിയാനും ജനിതകവിവരങ്ങള്‍ സഹാകരമാകും. മത്തിയെന്ന് പൊതുവെ വിളിക്കപ്പെടുന്ന Indian oil sardine-ന്റെ രണ്ട് പ്രധാന സ്റ്റോക്കുകളാണ് (വംശം) ശാസ്ത്രജ്ഞര്‍ ഈ പഠനത്തിലൂടെ കണ്ടെത്തിയത്. ഇന്ത്യ, ഒമാന്‍ തീരങ്ങളിലുളളവയാണ് ഈ രണ്ട് സ്റ്റോക്കുകള്‍. ഒമേഗ-3 മത്തിയിലടങ്ങിയിട്ടുള്ള ഒമേഗ-3 ഉള്‍പ്പെടെയുള്ള പോഷകസമ്പുഷട്മായ ഘടകങ്ങളുടെ ജനിതകസ്വഭാവവും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരുടെ ആരോഗ്യസംരക്ഷണത്തിന് വളരെയേറെ ഗുണംചെയ്യുന്ന പോഷകമൂല്യമടങ്ങുന്ന മത്സ്യമാണ് മത്തി. ഈ ഘടകങ്ങള്‍ ചേര്‍ത്തുള്ള പോഷകസമൃദ്ധമായ ഭക്ഷ്യപൂരകങ്ങളുടെ (ഫുഡ് സപ്ലിമെന്റ്) നിര്‍മാണമുള്‍പ്പെടെയുള്ള സാധ്യതകളിലേക്ക് ഈ നേട്ടം വഴിതുറക്കും. മത്തിയുടെ ഈ ജീനുകളെ വേര്‍തിരിച്ച് മറ്റ് മീനുകളിലേക്ക് സന്നിവേശിപ്പിക്കാനും ഭാവിയില്‍ കഴിഞ്ഞേക്കും. മത്തിയുടെ 46,316 പ്രോട്ടീന്‍ ജനിതകഘടനകളുടെ ശ്രേണീകരണമാണ് സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ നടത്തിയത്. ഈ പഠനം ഏറെ പ്രശസ്തമായ അന്താരാഷ്ട്ര ജേണലായ നേച്ചറിന്റെ സയന്റിഫിക് ഡേറ്റയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

