ലഖിംപുര്‍ സുപ്രീംകോടതിയില്‍ വരുന്നതിന് തൊട്ടുമുമ്പ് അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ച് യുപി

ന്യൂഡൽഹി: കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ലഖിംപുർ സംഭവം അൽപസയമത്തിനകം സുപ്രീംകോടതി പരിഗണിക്കും. വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വാദം കേൾക്കുക.
കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നതിന് തൊട്ടുമുമ്പായി ഉത്തർപ്രദേശ് സർക്കാർ ഏകാംഗ കമ്മീഷനെ അന്വേഷണത്തിനായി പ്രഖ്യാപിച്ചു. അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി പ്രദീപ് കുമാർ ശ്രിവാസ്തവയാകും ലഖിംപുർ ഖേരി സംഭവം അന്വേഷിക്കുക.
രണ്ടു മാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. പൊതുപ്രധാന്യം കണക്കിലെടുത്ത് ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ നിർദേശത്തെ തുടർന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്ന് യുപി അഡീഷണൽ ചീഫ് സെക്രട്ടറി അവനിഷ് കുമാർ അശ്വതി ഉത്തരവിൽ വ്യക്തമാക്കി.
ലഖിംപുർ ഖേരിയിൽ ഞായറാഴ്ച നടന്ന സംഭവത്തിൽ കർഷകരും ബിജെപി പ്രവർത്തകരും ഒരു മാധ്യമ പ്രവർത്തകനുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. ലഖിംപുർ സംഭവത്തിൽ എത്രയും വേഗം സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽനിന്നുള്ള രണ്ട് അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. കുറ്റവാളികൾക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് ശിക്ഷാനടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നിർദേശം നൽകണമെന്നാണ് അഭിഭാഷകരായ ശിവ്കുമാർ ത്രിപാഠി, സി.എസ്. പാണ്ഡ എന്നിവർ കത്തിൽ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.

