മന്ത്രി അജയ് മിശ്രയുടെ മകന് സമന്‍സ്; ലഖിംപുര്‍ ഖേരി സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക സമരത്തിന് നേരെ വാഹനം ഇടിച്ച് കയറ്റി രണ്ട് കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുമായി അടുത്ത ബന്ധം പുലർത്തുന്ന രണ്ട് പേരാണ് അറസ്റ്റിലായത്. ആശിഷിന് സമൻസ് അയക്കും. കൊലക്കുറ്റത്തിന് ലവ്കുഷ് റാണ, ആശിഷ് പാണ്ഡെ എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് യു.പി പോലീസ് സമൻസ് അയച്ചു.
ലഖിംപുർ ഖേരി കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേസിൽ ഉത്തർപ്രദേശ് പോലീസ് വേഗത്തിൽ നടപടികൾ ആരംഭിച്ചതെന്നും ശ്രദ്ധേയമാണ്. ഇപ്പോൾ കസ്റ്റഡിയിലുള്ളവർ ആശിഷ് മിശ്രയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ്. ഇവരിൽ നിന്ന് കേസിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഐ.ജി ലക്ഷമി സിങ് പ്രതികരിച്ചു.
എട്ട് പേർ കൊല്ലപ്പെട്ട ലഖിപുരിൽ നിങ്ങൾ എന്ത് നടപടിയാണ് ഇതുവരെ സ്വീകരിച്ചത്. ആർക്കെതിരെ എഫ്.ഐ.ആർ ഇട്ടു. എത്രപേരെ അറസ്റ്റ് ചെയ്തു തുടങ്ങിയ ചോദ്യങ്ങളാണ് സുപ്രീം കോടതി ചോദിച്ചത്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെങ്കിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം തന്റെ മകന് ഈ കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കേന്ദ്ര മന്ത്രി അജയ് മിശ്ര ആവർത്തിക്കുന്നത്.
വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായപ്പോൾ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് കേന്ദ്രമന്ത്രിയുടെ വാദം. മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അജയ് മിശ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിൽക്കണ്ടത്.

