കഫ്‌സിറപ്പുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തിട്ടില്ലെന്ന് സംഘടന; കമ്പനിക്ക് നോട്ടീസയക്കാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന ചുവപ്പുകൊടി കാണിച്ച കഫ്‌സിറപ്പുകള്‍ ഇന്ത്യയില്‍ വില്‍പന നടത്തിയിട്ടില്ലെന്ന് മരുന്ന് നിര്‍മാതാക്കളുടെ സംഘടനയായ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്‍ഡ്
ഡ്രഗ്ഗിസ്റ്റ്. ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയ പ്രസ്തുത മരുന്നുകള്‍ കയറ്റുമതി ചെയ്യുകമാത്രമാണ് ചെയ്യുന്നത്. ഉത്പാദനമോ വിതരണമോ സംബന്ധിച്ച് എന്തെങ്കിലും മാര്‍ഗനിര്‍ദേശങ്ങള്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ചാല്‍ അത് പിന്തുടരാന്‍ ബാധ്യസ്ഥരാണെന്നും സംഘടന വ്യക്തമാക്കി.
ഇതിനിടെ, കമ്പനിക്കെതിരേ കാരണംകാണിക്കന്‍ നോട്ടീസ് നല്‍കാന്‍ കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡി.എസ്.സി.ഒ) ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മരുന്നിനെതിരേ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ സി.ഡി.എസ്.സി.ഒ കൂടിയാലോചനകള്‍ നടത്തിയതായും വ്യാഴാഴ്ച തന്നെ കമ്പനിക്ക് നോട്ടീസ് നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കമ്പനിക്കെതിരേ കേന്ദ്രസർക്കാർ നിലവില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ മരുന്ന് നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും വിഷയത്തില്‍ ഗൗരവപൂര്‍വമായ അന്വേഷണമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മരുന്നുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനാ കേന്ദ്രങ്ങളിലേക്ക് അയച്ചതായും അവർ പറഞ്ഞു. ലോകാരോഗ്യസംഘടന ഈ നാല് കഫ് സിറപ്പുകളെക്കുറിച്ച് ഡിസിജിഐക്ക് സെപ്റ്റംബര്‍ 29ന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡിസിജിഐ ഉടൻ തന്നെ ഹരിയാണ അധികൃതരുമായി ഈ വിഷയം ചർച്ച ചെയ്തെന്നും വിശദമായ അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ചെന്നുമാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്

