ഗാസയിലെ ക്രൂരത അവസാനിപ്പിക്കാന്‍ ഇന്ത്യ എല്ലാശേഷിയും ഉപയോഗിക്കണം; മോദിയോട് ഇറാന് പ്രസിഡന്റ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി ടെലഫോണില്‍ സംസാരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് ഇരുവരും ചര്‍ച്ച ചെയ്തത്. ഗാസയ്ക്കെതിരായ സയണിസ്റ്റുകളുടെ ക്രൂരത അവസാനിപ്പിക്കാന്‍ ഇന്ത്യ എല്ലാ ശേഷിയും ഉപയോഗിക്കണമെന്ന് ഇബ്രാഹിം റൈസി മോദിയോട് ആവശ്യപ്പെട്ടു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യന്‍ മേഖലയിലെ സാഹചര്യം ഇരുനേതാക്കളും വിലയിരുത്തി. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ സാധ്യമാക്കാനും ഉപരോധം അവസാനിപ്പിക്കാനും ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുമായി ആഗോളതലത്തിലുള്ള ഏത് കൂട്ടായ പരിശ്രമങ്ങളെയും ഇറാന് പിന്തുണയ്ക്കുമെന്ന് ഇബ്രാഹിം റൈസി അറിയിച്ചു. ‘പലസ്തീനിലെ ജനങ്ങളെ തുടര്‍ച്ചയായി കൊന്നുകൊണ്ടിരിക്കുന്നത് എല്ലാ ലോകരാജ്യങ്ങളെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഇത് പശ്ചിമേഷ്യന്‍ മേഖലയ്ക്ക് പുറത്തും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും’, ഇറാന് പ്രസിഡന്റ് പറഞ്ഞു. അടിച്ചമര്‍ത്തലില്‍നിന്നുള്ള സ്വാതന്ത്ര്യത്തിനായി പൊരുതുന്ന പലസ്തീന് ജനതയ്ക്കൊപ്പം നില്ക്കാന് എല്ലാ രാജ്യങ്ങളോടും ആഹ്വാനംചെയ്ത റൈസി അമേരിക്കയ്ക്കെതിരെയും ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ഇസ്രയേല്‍ സര്‍ക്കാറിനെ എല്ലാ തരത്തിലും സഹായിക്കുന്ന യു.എസ്സും ഗാസയിലെ ക്രൂരതകള്‍ക്ക് ഉത്തരവാദിയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭാഷണത്തില്‍ ഇസ്രയേല്‍-പലസ്തീന് വിഷയത്തിലെ ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള സുസ്ഥിര നിലപാട് മോദി ആവര്‍ത്തിച്ചു. സംഘര്‍ഷം രൂക്ഷമായ ഗാസയില്‍ എത്രയുംവേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കണമെന്നും മോദി ഇറാന് പ്രസിഡന്റിനോട് പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഛബഹാര്‍ തുറമുഖം ഉള്‍പ്പെടെ ഇന്ത്യയും ഇറാനും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണത്തിലെ പുരോഗതിയും ടെലഫോണ്‍ സംഭാഷണത്തിനിടെ ഇരുനേതാക്കളും ചര്‍ച്ചചെയ്തു.

