KSDLIVENEWS

Real news for everyone

സമരം നിർത്തില്ല; ആവശ്യങ്ങള്‍ പൂർണമായും നിറവേറ്റാതെ കർഷകർ വീട്ടിലേക്ക് പോകില്ല- രാകേഷ് ടികായത്ത്

SHARE THIS ON

ന്യൂഡൽഹി: കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ പൂർണ്ണമായും നിറവേറ്റുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. കർഷകരുടെ ആവശ്യങ്ങൾ ഒരു പരിധി വരെ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ കർഷക സമരം അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ടികായത്തിന്റെ പ്രതികരണം.

‘ആവശ്യങ്ങൾ അംഗീകരിച്ചെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ഞങ്ങളോട് സർക്കാർ നിർദേശിച്ചു. എന്നാൽ നിർദേശങ്ങളിൽ ഒരു വ്യക്തതയുമില്ല’, സമരം അവസാനിപ്പിക്കാൻ പോകുകയാണോ എന്ന ചോദ്യത്തിന് ടികായത്ത് മറുപടി നൽകി.

കർഷകരുടെ ആശങ്കകൾ സംബന്ധിച്ച് കർഷക സംഘടനകൾ നാളെ രണ്ടു മണിക്ക് യോഗം ചേരും. കർഷകർ എങ്ങോട്ടേക്കും നിലവിൽ പോകാൻ ഉദ്ദേശിക്കുന്നില്ല. നിർദേശങ്ങളിൽ പലതും കേന്ദ്ര സർക്കാർ ഒരു വർഷമായി പറയുന്ന കാര്യങ്ങൾ തന്നെയാണ്. എന്നാൽ എല്ലാം പരിഹരിക്കുന്നത് വരെ ആരും വീട്ടിലേക്ക് മടങ്ങുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കർഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്ര സർക്കാർ പഞ്ചാബ് സർക്കാരിനെ മാതൃകയാക്കണമെന്ന് മറ്റൊരു കർഷക നേതാവ് ഗുർനാം സിങ് ചദുനി പറഞ്ഞു. അഞ്ചു ലക്ഷം രൂപയും ജോലിയും നൽകിയ പഞ്ചാബ് സർക്കാരിനെ കേന്ദ്ര സർക്കാരും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാർഷിക നിയമം പിൻവലിച്ചതിന് പിന്നാലെ കർഷകരുടെ മറ്റു ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അറിയിച്ച് കേന്ദ്ര സർക്കാർ ഇന്ന് കർഷക നേതാക്കൾക്ക് കത്ത് നൽകിയിരുന്നു. എംഎസ്പി സംബന്ധിച്ച കമ്മിറ്റിയിൽ സംസ്ഥാന സർക്കാരുകളുടേയും കർഷകരുടേയും വിദഗ്ധരുടേയും പങ്കാളിത്തം ഉറപ്പാക്കും. ഉത്തർപ്രദേശ്, ഹരിയാണ സർക്കാരുകൾ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കും. സമരം പിൻവലിക്കുന്ന മുറയ്ക്കാകും ഇതുണ്ടാകുക. മറ്റു സംസ്ഥാന സർക്കാരുകളോടും കേസുകൾ പിൻവലിക്കാൻ നിർദേശിക്കുമെന്നും കേന്ദ്രം നൽകിയ കത്തിൽ പറയുന്നുണ്ടെന്ന് കർഷകർ വ്യക്തമാക്കി.

പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ഹരിയാണ, ഉത്തർപ്രദേശ് സർക്കാരുകൾ നഷ്ടപരിഹാരം നൽകുമെന്ന് തത്വത്തിൽ അംഗീകരിച്ചതായും കത്തിൽ പറയുന്നു. പഞ്ചാബ് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.

വൈദ്യുതി ബിൽ സഭയിൽ വെക്കുന്നതിന് മുമ്പ് ചർച്ചകൾ നടത്തും. മലിനീകരണ നിയന്ത്രണ നിയമത്തിലെ കർഷകവിരുദ്ധമായ ക്രിമിനൽ നടപടി ഒഴിവാക്കുമെന്നും കത്തിൽ പറയുന്നു.

ലഖിംപുർ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കത്തിൽ പ്രതിപാദിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എംഎസ്പിയിലും വൈദ്യുത ബില്ലിലും വ്യക്തതയില്ലെന്നും കർഷക സഘടനാ പ്രതിനിധകൾ പറഞ്ഞു. അതുകൊണ്ടുതന്നെ കൂടുതൽ കൂടിയാലോചനകൾ നാളെ നടത്തും. അതിന് ശേഷം തീരുമാനമുണ്ടാകുമെന്നും കർഷക നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!