KSDLIVENEWS

Real news for everyone

നീലേശ്വരം മാട്ടുമ്മൽ പാലം പണിക്കെത്തിയ തമിഴ്‌നാട് സ്വദേശിയുടെ കൊലപാതകം:
ചുരുളഴിഞ്ഞത് പ്രതികൾ സമർഥമായി മറച്ചു വയ്ക്കാൻ ശ്രമിച്ച കൊലപാതകം; തുമ്പുണ്ടാക്കിയത് 24 മണിക്കൂറിനകം

SHARE THIS ON

നീലേശ്വരം ∙ കോട്ടപ്പുറം മാട്ടുമ്മൽ പാലം പണിക്കെത്തിയ തമിഴ്നാട് മധുര സ്വദേശി രമേശൻ(42) കൊല്ലപ്പെട്ട സംഭവത്തിൽ 3 പേർ അറസ്റ്റിലായതോടെ ചുരുളഴിഞ്ഞതു പ്രതികൾ സമർഥമായി മറച്ചു വയ്ക്കാൻ ശ്രമിച്ച കൊലപാതകം. കോട്ടപ്പുറം ഗ്രീൻസ്റ്റാർ ക്ലബ്ബിനു സമീപം മാട്ടുമ്മൽ പാലം പണിക്കെത്തിയ തൊഴിലാളികൾ താമസിക്കുന്ന കോട്ടപ്പുറം ഗ്രീൻസ്റ്റാർ ക്ലബ്ബിനു സമീപത്തെ വാടക വീട്ടിൽ ശനിയാഴ്ച രാത്രി വൈകി രമേശൻ ഹൃദയസ്തംഭനം മൂലം മരിച്ചു കിടക്കുന്നതായി പ്രതികൾ തന്നെയാണു നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാർ ഈ വിവരം നീലേശ്വരം പൊലീസിനു കൈമാറി. പൊലീസ് ഉടൻ സ്ഥലത്തു കുതിച്ചെത്തി മൃതദേഹം ഇവിടെ നിന്നു മാറ്റിയ ശേഷം പൊലീസ് കാവൽ ഏർപ്പെടുത്തി. സമീപങ്ങളും നിരീക്ഷണത്തിലാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിനു മുൻപു തന്നെ ഫൊറൻസിക് വിദഗ്ധനെ എത്തിച്ചു വിശദമായ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.രമേശന്റെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നതു കണ്ടപ്പോൾ തന്നെ മരണത്തിൽ പൊലീസ് സംശയം പുലർത്തിയിരുന്നു. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ തലക്കടിയേറ്റ ക്ഷതമാണു മരണകാരണമെന്ന സൂചന ലഭിച്ചപ്പോൾ മുതൽ നീലേശ്വരം സിഐ കെ.പ്രേംസദൻ, എസ്ഐമാരായ കെ.സജേഷ്, ടി.വിശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രമേശന്റെ കൂടെ താമസിക്കുന്ന എല്ലാവരെയും വിശദമായി ചോദ്യം ചെയ്തു തുടങ്ങി. ചോദ്യംചെയ്യൽ പൂർത്തിയായതോടെ 3 പ്രതികളെയും വലയിലാക്കുകയും ചെയ്തു. ഒന്നാം പ്രതി കെ.പി. ബൈജു കൊടും ക്രിമിനൽ രമേശനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി എറണാകുളം വാത്തുരുത്തി കാളക്കഞ്ചേരി ഹൗസിൽ കെ.പി.ബൈജു (54) കൊടുംക്രിമിനൽ. എറണാകുളം ജില്ലയിൽ മാത്രം 14 ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.  തോപ്പുംപടി, ഐലൻഡ് ഹാർബർ, വൈപ്പിൻ, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലാണ് എറണാകുളം ജില്ലയിലെ കേസുകൾ. സംസ്ഥാനത്തെ മറ്റു പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്നും ഇതിന്റെ വിശദാംശങ്ങൾ ശേഖരിച്ചു വരുന്നതായും നീലേശ്വരം സിഐ കെ.പ്രേംസദൻ പറഞ്ഞു. കേസിനു തുമ്പുണ്ടാക്കിയത് 24 മണിക്കൂറിനകം കോട്ടപ്പുറത്തെ വാടകവീട്ടിൽ തമിഴ്നാട് സ്വദേശി രമേശൻ കൊല്ലപ്പെട്ട സംഭവത്തിനു പൊലീസ് തുമ്പുണ്ടാക്കിയത് 24 മണിക്കൂറിനകം. കൊലപാതക വിവരം മറച്ചു വയ്ക്കാൻ പ്രതികൾ ശ്രമിച്ചിട്ടും സംഭവം നടന്ന് 24 മണിക്കൂറിനകം തന്നെ മരണത്തിനു തുമ്പുണ്ടാക്കി. ചോദ്യം ചെയ്യൽ ആരംഭിച്ച് 12 മണിക്കൂർ പൂർത്തിയാകും മുൻപ് രമേശന്റെ കൂടെ താമസിച്ചിരുന്ന 11 പേരെയും ചോദ്യം ചെയ്ത് 3 പ്രതികളെയും വലയിലാക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ നേതൃത്വം നൽകിയ അന്വേഷണ സംഘത്തിൽ നീലേശ്വരം സിഐ കെ.പ്രേംസദൻ, എസ്ഐമാരായ കെ.ശ്രീജേഷ്, ടി.വിശാഖ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി.ഗിരീഷ്, കെ.വിനോദ്, എൻ.മഹേഷ്, പ്രഭേഷ് വൈക്കത്ത്, എൻ.കുഞ്ഞബ്ദുല്ല, കെ.വി.പ്രദീപൻ, ഒ.വി.ഷജിൽകുമാർ, കെ.അജിത്ത് കുമാർ, പി.ഷിജു, കെ.വി.ജയേഷ്, സ്ക്വാഡ് അംഗങ്ങളായ രാജേഷ് മാണിയാട്ട്, കെ.ഹരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സിഐ കെ.പ്രേംസദൻ ദിവസങ്ങൾക്കു മുൻപാണ് നീലേശ്വരത്ത് ചുമതലയേറ്റത്”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!