KSDLIVENEWS

Real news for everyone

8500 ല്‍ അധികം കിലോ മീറ്റര്‍ സഞ്ചരിച്ച്‌ കാല്‍നടയായി ഹജ്ജിന് പോകുന്ന ശിഹാബ് കാസര്‍കോട്ടെത്തി; ഉജ്വല സ്വീകരണം

SHARE THIS ON

കാസര്‍കോട്: മനസില്‍ മക്കയുമായി ഹജ്ജിന് കാല്‍നടയായി പോകുന്ന മലപ്പുറം വളാഞ്ചേരിയിലെ ശിഹാബ് കാസര്‍കോട്ടെത്തി. ആബാലവൃദ്ധം ജനങ്ങള്‍ ഉജ്വല സ്വീകരണമൊരുക്കിയാണ് ശിഹാബിനെ കാസര്‍കോട്ട് വരവേറ്റത്. പ്രസ് ക്ലബ് ജംക്ഷനില്‍ ശിഹാബിനെ കാണുന്നതിനായി വന്‍ ജനാവലിയെത്തിയിരുന്നു. ഫോടോയെടുത്തും വിശേഷങ്ങള്‍ പറഞ്ഞും അവര്‍ ഒപ്പം കൂടി.

ഇനി കര്‍ണാടകയിലേക്ക് കടക്കുമെന്നും ഓരോ ദിവസവും കഴിവിന്റെ പരമാവധി നടക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ശിഹാബ്‌ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഭക്ഷണവും ഉറക്കവും ആരാധനാലയങ്ങളിലും അതത് നാട്ടുകാരുടെ കരുണയിലുമാണ്. വ്യാഴാഴ്ച സുബ്ഹി നിസ്കാരത്തിന് ശേഷമാണ് ശിഹാബ് തന്‍റെ സ്വപ്നയാത്ര ആരംഭിച്ചത്. 300 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ 8640 കിലോമീറ്റര്‍ ദൂരമാണ് ഇദ്ദേഹം സഞ്ചരിക്കുക. വസ്ത്രങ്ങള്‍, സ്ലീപിങ് ബാഗ്, കുട തുടങ്ങി അത്യാവശ്യസാധനങ്ങള്‍ മാത്രമാണ് കയ്യിലുള്ളത്.

വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്ബാടന്‍ തറവാട്ടില്‍ നിന്നാണ് ശിഹാബ് യാത്ര തിരിച്ചത്. കുറച്ചുദൂരം നാട്ടുകാരും ബന്ധുക്കളും ശിഹാബിനെ അനുഗമിച്ചു. പിന്നെ ഓരോ നാട്ടിലും സ്നേഹവായ്പയോടെ ശിഹാബിനെ വരവേല്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. സലാം പറഞ്ഞും പ്രാര്‍ഥനകളോടെയും ഇതുവരെ ഒരുപരിചയവുമില്ലാത്തവര്‍ ശിഹാബിന് യാത്രാമംഗളങ്ങള്‍ നേരുകയാണ് എല്ലായിടത്തും. വിവിധ മസ്‌ജിദ്‌ കമിറ്റികള്‍, ക്ലബുകള്‍, കൂട്ടായ്‌മകള്‍ തുടങ്ങിയവരൊക്കെ സ്വീകരിച്ചാനയിക്കുന്നു.

വാഗാ അതിര്‍ത്തി വഴി പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ് എന്നിവിടങ്ങളിലൂടെ സഊദി അറേബ്യയിലേക്ക് പ്രവേശിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള വഴികളും തയ്യറാക്കിയിയിയുണ്ട്. കൂടാതെ അഞ്ച്‌ രാജ്യങ്ങളുടെയും വിസയും ശരിയാക്കി. സഊദിയില്‍ ചെന്നശേഷം 2023-ലെ ഹജ്ജിന് അപേക്ഷിക്കും. നേരത്തെ സഊദിയില്‍ ആറു വര്‍ഷം ശിഹാബ് ജോലി ചെയ്തിട്ടുണ്ട്. പിന്നീട് നാട്ടില്‍ സൂപര്‍മാര്‍കറ്റ് തുടങ്ങി. ഈ യാത്രയ്ക്ക് ശിഹാബിന് വീട്ടുകാരുടെ മുഴുവന്‍ പിന്തുണയുണ്ട്. ലബ്ബൈക്ക വിളികളുമായി ശിഹാബ് നടന്നുനടന്ന് നീങ്ങുകയാണ്, മനസില്‍ ഒരൊറ്റ ലക്ഷ്യവുമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!