കനത്തമഴയിൽ കാഞ്ഞങ്ങാട് കള്ളാറിൽ വീട് തകർന്നു; സംഭവ സമയം വീട്ടിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസർകോട്: കള്ളാറിൽ കനത്തമഴയിൽ വീട് തകർന്നു. വലിയ ശബ്ദം കേട്ട് വീട്ടുകാർ ഉടൻ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കള്ളാറിലെ ഗീതയുടെ ഓടിട്ട വീടാണ് ബുധനാഴ്ച രാവിലെ തകർന്ന് വീണത്. അപകട സമയത്ത് ഗീതയും ഭർത്താവ് ശക്തിവേലുവും മകനും വീട്ടിനുള്ളിലുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് മൂവരും വീട്ടിൽ നിന്ന് ഇറങ്ങിയോടിയത്. അപ്പോഴേയ്ക്കും വീട് തകർന്നുവീണു. ഓടുന്നതിനിടെ വീണ് ശക്തവേലുവിൻ്റെ കാലിന് പരിക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലെത്തിച്ചു. ഗീതയുടെ പുതിയ വീടിൻ്റെ നിർമാണം പൂർത്തിയായിവരികയായിരുന്നു. അപകട വിവരമറിഞ്ഞ് നിരവധി പേർ സംഭവ സ്ഥലത്തെത്തി.
കള്ളാറിലെ വണ്ണാത്തിക്കാനത്ത് പറയകോണത്ത് എംഎൽ ചാക്കോയുടെ ഉടമസ്ഥതയിലുള്ള വീട് തെങ്ങ് വീണ് തകർന്നു. വള്ളിപ്പായിൽ ജിജോയും കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞ് അടക്കം അഞ്ചുപേർ അപകടസമയത്ത് വീട്ടിലുണ്ടായിരുന്നു. അടുക്കളയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തെങ്ങ് വീടിന് മുകളിൽ വീണത്. ഇവർ കിടന്നുറങ്ങാറുള്ള രണ്ട് മുറികൾ പൂർണ്ണമായും തകർന്നു.

