ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സർക്കാർ നൽകിയത് 285.17 കോടി രൂപ-

കാസർകോട് ∙ ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി വിവിധ ഘട്ടങ്ങളിൽ നഷ്ട പരിഹാരമായും ആനുകൂല്യങ്ങളായും സംസ്ഥാന സർക്കാർ നൽകിയത് 285.17 കോടി രൂപയുടെ സഹായമെന്നു വിശദീകരണം. ദുരിതബാധിതർക്കു സാമ്പത്തിക സഹായം, സൗജന്യ റേഷൻ, ആംബുലൻസ് സൗകര്യം എന്നിവയ്ക്കായി 171.10 കോടി രൂപയും ചികിത്സയിനത്തിൽ 16.83 കോടി രൂപയും ദുരിതബാധിതരുടെ കുടുംബങ്ങളുടെ വായ്പ എഴുതിത്തള്ളിയ ഇനത്തിൽ 6.83 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിൽ ഈ വിഷയങ്ങൾ ഉന്നയിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചിരുന്നു.
പെൻഷൻ ഇനത്തിൽ 81.42 കോടി, ദുരിത ബാധിതരെ പരിചരിക്കുന്നവർക്ക് ആശ്വാസ കിരണം പദ്ധതിയിൽ പ്രതിമാസ പെൻഷനായി 4.54 കോടി, ദുരിതബാധിത കുടുംബങ്ങളിലെ 12ാം തരം വരെയുള്ള കുട്ടികൾക്കു സ്‌കോളർഷിപ് ഇനത്തിൽ 4.44 കോടി എന്നിവയും ചെലവഴിച്ചു. മൊബൈൽ മെഡിക്കൽ യൂണിറ്റ്, ഉത്സവ ബത്ത എന്നീ ഇനങ്ങളിലും ജില്ലയിലെ എൻഡോസൾഫാൻ സെൽ വഴി സാമ്പത്തിക സഹായം നൽകുന്നുണ്ട്.6727 എൻഡോസൾഫാൻ ദുരിത ബാധിതർക്കാണ് ആനുകൂല്യങ്ങൾ നൽകുന്നത്. എൻഡോസൾഫാൻ കീടനാശിനി തളിച്ച 11 ഗ്രാമപഞ്ചായത്തുകളെ ദുരിത ബാധിതമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

