ഒറ്റക്കാലില് വേദന കടിച്ചമര്ത്തി പൊരുതി നേടിയ ഈ ഇരട്ടസെഞ്ചുറിയ്ക്ക് സമാനതകളില്ല

മുംബൈ: രക്ഷകൻ… ഒരേയൊരു പേര്… ഗ്ലെൻ മാക്സ്വെൽ. ഓസ്ട്രേലിയക്കാർക്ക് മാക്സ്വെൽ ഇന്ന് ദൈവതുല്യനാണ്. അത്രമേൽ ആ രാജ്യം ഈ സൂപ്പർ താരത്തോട് കടപ്പെട്ടിരിക്കുന്നു. ഒരു ഘട്ടത്തിൽ ആടിയുലഞ്ഞ ഓസീസ് ക്രിക്കറ്റ് ടീമിനെ വേദന സഹിച്ചും ക്ഷമിച്ചും ആഞ്ഞടിച്ചും വിജയതീരത്തെത്തിച്ച കപ്പിത്താൻ. ഒരു ഘട്ടത്തിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ തകർന്ന ഓസ്ട്രേലിയയെ ഇരട്ട സെഞ്ചുറി നേടി വിജയത്തിലെത്തിച്ച മാക്സ്വെൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്. സാക്ഷാൽ കപിൽ ദേവിന്റെ ഇന്നിങ്സിനോട് അടുത്തുനിൽക്കുന്ന പ്രകടനം.
മത്സരത്തിൽ താരം 128 പന്തുകളിൽ നിന്ന് 21 ഫോറിന്റെയും 10 സിക്സിന്റെയും സഹായത്തോടെ പുറത്താവാതെ 201 റൺസാണ് താരം അടിച്ചെടുത്തത്. വ്യക്തിഗത സ്കോർ 150-ൽ എത്തിയപ്പോഴേക്കും വലത്തേകാലിൽ പേശിവലിവ് അനുഭവപ്പെട്ടിട്ടും താരം പൊരുതി. ഒരു ഘട്ടത്തിൽ ഗ്രൗണ്ടിൽ തളർന്നുവീണ് റിട്ടയർ ഹർട്ട് ചെയ്യാനൊരുങ്ങി. പകരക്കാരനായി ആദം സാംപ ഗ്രൗണ്ടിലെത്തിയതാണ്. എന്നാൽ സ്വന്തം ആരോഗ്യം നോക്കാതെ ഒറ്റയ്ക്ക് ആ വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത മാക്സ്വെൽ പിന്നീട് നടത്തിയത് ലോകം കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന്. ഒറ്റക്കാലിന്റെ ബലത്തിൽ അഫ്ഗാൻ ബൗളർമാരെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി മാക്സ്വെൽ ഓസീസ് പടയ്ക്ക് വിജയം സമ്മാനിച്ച വീരനായകനായി.
മാക്സ്വെല്ലിന്റെ ഈ പ്രകടനത്തിന്റെ കരുത്തിൽ നിരവധി റെക്കോഡുകൾ തകർന്നുവീണു. ലോകകപ്പിന്റെ ചരിത്രത്തിൽ ചേസിങ്ങിൽ ആദ്യമായാണ് ഒരു താരം ഇരട്ടസെഞ്ചുറി നേടുന്നത്. ഇതിനുമുൻപ് 2011 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരേ ആൻഡ്രൂ സ്ട്രോസ് നേടിയ 158 ആയിരുന്നു ചേസിങ്ങിലെ ഉയർന്ന സ്കോർ. ആ റെക്കോഡ് ഇനി മാക്സ്വെല്ലിന് സ്വന്തം.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന വലിയൊരു റെക്കോഡും മാക്സ്വെൽ സ്വന്തമാക്കി. 185 റൺസെടുത്ത ഷെയ്ൻ വാട്സണിന്റെ റെക്കോഡ് മാക്സ്വെൽ തകർത്തു. ലോകകപ്പിൽ ഇരട്ടസെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് മാക്സ്വെൽ. ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ, വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ.
ഗപ്റ്റിൽ 2015-ൽ വിൻഡീസിനെതിരായ മത്സരത്തിൽ 237 റൺസെടുത്തു. ലോകകപ്പിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. ലോകകപ്പിൽ ആദ്യമായി സെഞ്ചുറി നേടിയത് വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ലാണ്. 2015-ൽ തന്നെയാണ് താരവും ഈ നേട്ടത്തിലെത്തിയത്. സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ താരം 215 റൺസാണ് അടിച്ചെടുത്തത്.
ഏകദിനത്തിൽ ചേസിങ്ങിൽ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ താരം എന്ന റെക്കോഡും മാക്സ്വെൽ സ്വന്തമാക്കി. ഏകദിനത്തിൽ ആദ്യമായി ഇരട്ടസെഞ്ചുറി നേടുന്ന ഓപ്പണറല്ലാത്ത താരം എന്ന റെക്കോഡും താരം സ്വന്തം പേരിൽ കുറിച്ചു. ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോഡ് മാക്സ്വെൽ സ്വന്തമാക്കി. ക്വിന്റൺ ഡികോക്കിന്റെ പേരിലുണ്ടായിരുന്ന 174 റൺസ് താരം മറികടന്നു. ബംഗ്ലാദേശിനെതിരെയാണ് ഡി കോക്ക് 174 റൺസ് അടിച്ചെടുത്തത്.
മാക്സ്വെല്ലിന്റെ ഈ പ്രകടനം എന്നും ക്രിക്കറ്റ് ലോകം ഓർത്തിരിക്കും. അഫ്ഗാനെതിരേ മൂന്ന് തവണയാണ് മാക്സ്വെല്ലിനെ ഭാഗ്യം തുണച്ചത്. രണ്ട് തവണ താരത്തിന്റെ ക്യാച്ച് അഫ്ഗാൻ താരങ്ങൾ കൈവിട്ടു. ഒരുതവണ വിക്കറ്റിന് മുന്നിൽ കുടുങ്ങി. അമ്പയർ ഔട്ട് വിളിച്ചെങ്കിലും പിന്നാലെ റിവ്യുവിന്റെ സഹായത്തോടെ താരം അതിജീവിച്ചു. ഇതെല്ലാം മുന്നോട്ടുവെയ്ക്കുന്നത് മാക്സ്വെൽ ഇന്ന് ഇരട്ട സെഞ്ചുറി നേടി ടീമിനെ വിജയിപ്പിക്കാനായി മാത്രമാണ് ബാറ്റെടുത്തത് എന്നാണ്. ഭാഗ്യവും പ്രതിഭയും ഒത്തിണങ്ങിയൊരു പ്രകടനമാണ് താരം ഇന്ന് പുറത്തെടുത്തത്. ഈ പ്രകടനം ഇനിയും തുടർന്നാൽ എതിരാളികൾ ഒരുപാട് വിയർക്കേണ്ടിവരും.

