വിശ്വകർമ്മ സൗഹൃദ സദസും ജില്ലാസമ്മേളനവും ശനിയാഴ്ച തുടങ്ങും

ചെറുവത്തൂർ: ട്രഡീഷണൽ ആർടിസാൻസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശ്വകർമ്മ സൗഹൃദ സദസും ജില്ലാ സമ്മേളനവും ശനിയാഴ്ചയും ഞായറാഴ്ചയും കാലിക്കടവ് വ്യാപാരഭവനിൽ (ചുഴലി മാധവൻ ഗുരുക്കൾ നഗർ) നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഈ വിഭാഗത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊടിക്കീഴിൽ അണിനിരത്തി മുഖ്യധാരയിലെത്തിക്കുന്നതിനാണ് ട്രഡിഷണൽ ആർടിസാൻസ് കോൺഗ്രസ് (ടി.എ.സി) രൂപവത്കരിച്ച് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി.
ജില്ലാ സമ്മേളന ഭാഗമായി ശനിയാഴ്ച രാവിലെ 9.30-ന് എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗം വിദ്യാർഥികളുടെ ചിത്രരചന (ജലഛായം) ജില്ലാതല മത്സരം നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം പിലിക്കോട് ഗ്രാമപ്പഞ്ചായത്തംഗം കെ.നവീൻ കുമാർ ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച രാവിലെ 10-ന് പഞ്ചായത്ത് കാര്യലയത്തിന് സമീപത്തുനിന്നും സമ്മേളന നഗരിയിലേക്ക് വിളംബര ജാഥ നടത്തും. 11-ന് പൊതുസമ്മേളനം ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്യും. സംസ്‌കാര സാഹിതി സംസ്ഥാന ഉപാധ്യക്ഷൻ എം.പ്രദീപ് കുമാർ മുഖ്യഭാഷണം നടത്തും. തുടർന്ന് കലാപരിപാടി അരങ്ങേറും.
വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ എ.ടി.ജനാർദ്ദനൻ, വി.വി.സി.ബാലൻ, ടി.വി.സുകുമാരൻ, രവി പിലിക്കോട്, കെ.വി.ദാമോദരൻ, രാഘവൻ കുളങ്ങര, ടി.വി.സുരേഷ് എന്നിവർ പങ്കെടുത്തു.

