KSDLIVENEWS

Real news for everyone

ഉദുമ പിടിക്കാൻ കണക്കുകളുമായി യുഡിഎഫ് ; ആത്മവിശ്വാസത്തിൽ എൽഡിഎഫ്

SHARE THIS ON

ഉദുമ ∙ കാഞ്ഞങ്ങാട്-കാസർകോട് നിയമസഭാ മണ്ഡലങ്ങൾ വിഭജിച്ച് 1977 ൽ നിലവിൽ വന്ന ഉദുമ മണ്ഡലം മൂന്നു പതിറ്റാണ്ടായി ഇടതുമുന്നണി സുരക്ഷിതമെന്നു കരുതിപ്പോരുന്ന മണ്ഡലമാണ്. എന്നാൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നു കെ.സുധാകരനെന്ന കരുത്തനെ യുഡിഎഫ് പോരിനിറക്കിയപ്പോൾ സ്ഥിതി മാറി. വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും 2011ലെ 11,380 എന്ന കെ.കുഞ്ഞിരാമന്റെ ഭൂരിപക്ഷം 3,347 ആയി കുറയ്ക്കാൻ സുധാകരനായി.

വോട്ടു നിലയിലെ ഈ ആത്മവിശ്വാസവുമായി 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫിനു പിഴച്ചില്ല, രാജ്മോഹൻ ഉണ്ണിത്താന് ഉദുമ മണ്ഡലം നൽകിയത് ഒമ്പതിനായിരത്തോളം വോട്ടിന്റെ ലീഡ്. ഈ കണക്കിലെ പ്രതീക്ഷയുമായി യുഡിഎഫ് ഇത്തവണ ആത്മവിശ്വാസത്തോടെ പടയൊരുക്കം നടത്തുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നടത്തിയ മുന്നേറ്റമാണ് എൽഡിഎഫിന്റെ പിൻബലം.

ആദ്യം തിരഞ്ഞെടുത്തത് സോഷ്യലിസ്റ്റിനെ

പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരിക്കെ 1977 ൽ സ്വതന്ത്രനായി മത്സരിച്ച എൻ.കെ.ബാലകൃഷ്ണനെയാണ് ഉദുമ ആദ്യം സ്വീകരിച്ചത്. ഭാരതീയ ലോക്ദൾ സ്ഥാനാർഥിയായി മത്സരിച്ച കെ.ജി.മാരാരെ 3,545 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു എൻ.കെ.ബാലകൃഷ്ണൻ പരാജയപ്പെടുത്തിയത്. പക്ഷേ, 1980 ലെ രണ്ടാമങ്കത്തിൽ ഉദുമയിൽ എൻ.കെ.ബാലകൃഷ്ണൻ പരാജയമറിഞ്ഞു. സിപിഎമ്മിലെ കെ.പുരുഷോത്തമനോട് 4,625 വോട്ടിനായിരുന്നു എൻ.കെയുടെ തോൽവി. 1982ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണിയിൽ നിന്നു തെറ്റിപ്പിരിഞ്ഞ് ഇടതു പിന്തുണയോടെ മത്സരിച്ച എം.കുഞ്ഞിരാമൻ നമ്പ്യാർ വിജയിച്ചു.

യുഡിഎഫിലെ പി.മുഹമ്മദ്കുഞ്ഞിയെയാണു തോൽപിച്ചത്. മാതൃസംഘടനയിലേക്കു മടങ്ങിയ എം.കുഞ്ഞിരാമൻ നമ്പ്യാർ ഇടതു പിന്തുണയോടെ ലഭിച്ച എംഎൽഎ സ്ഥാനം രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായെങ്കിലും ജയിക്കാനായില്ല. 1987 ൽ കെ.പി.കുഞ്ഞിക്കണ്ണനിലൂടെ കോൺഗ്രസ് മണ്ഡലത്തിൽ ജയിച്ചു. മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ആകെ കോൺഗ്രസിനവകാശപ്പെടാവുന്ന വിജയം ഇതു മാത്രമാണ്.

91 മുതൽ 2001 വരെ പി.രാഘവനും 2001 മുതൽ 2011 വരെ കെ.വി.കുഞ്ഞിരാമനും 2011 മുതൽ കെ.കുഞ്ഞിരാമനും എൽഡിഎഫിനായി വിജയിച്ച മണ്ഡലത്തിൽ മൂന്നു പതിറ്റാണ്ടിനു ശേഷം വീണ്ടുമൊരു അട്ടിമറിവിജയം പ്രതീക്ഷിച്ച് അങ്കത്തിനിറങ്ങുന്ന യുഡിഎഫിൽ പോരാളിയാരെന്ന ചിത്രം ഇനിയും വ്യക്തമല്ല. സിപിഎമ്മിൽ സി.എച്ച്.കുഞ്ഞമ്പുവിന്റെ പേരിനാണു ജില്ലാ സെക്രട്ടേറിയറ്റ് പ്രഥമ പരിഗണന നൽകിയത്. 1991നു ശേഷം സിപിഎമ്മിനു അനായാസ ജയം നൽകിയ മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.സുധാകരൻ മത്സരിച്ചപ്പോൾ മാത്രമാണു പാർട്ടി കിതച്ചത്. രാജ്മോഹൻ ഉണ്ണിത്താൻ മണ്ഡലത്തിൽ  അപ്രതീക്ഷിത‍ ലീഡ് നേടിയത് സിപിഎം കേന്ദ്രങ്ങളിലും ഞെട്ടലുണ്ടാക്കി.

ആശുപത്രി, എയർസ്ട്രിപ്, ബേക്കൽ ടൂറിസം

ചികിത്സാരംഗത്തെ അപര്യാപ്തത തന്നെയാണു മണ്ഡലത്തിന്റെ പ്രധാന പരാധീനത. കോവിഡ് കാലത്ത് തുറന്ന തെക്കിലിലെ ടാറ്റാ ആശുപത്രി പൂർണതോതിൽ ഇനിയും പ്രവർത്തന സജ്ജമാകാത്തത് പോരായ്മയായി അവശേഷിക്കുന്നു. രാജ്യാന്തര ടൂറിസം രംഗത്ത് കേരളത്തെ അടയാളപ്പെടുത്തിയ ബേക്കലിനു പ്രതീക്ഷിച്ച കുതിപ്പുണ്ടായില്ല. ടൂറിസം സാധ്യത മുന്നിൽ കണ്ട് ആവിഷ്കരിച്ച പെരിയ എയർസ്ട്രിപ്പ് പദ്ധതി എല്ലാ ബജറ്റുകളിലും പരാമർശിക്കപ്പെടുന്നതല്ലാതെ പ്രാരംഭപ്രവർത്തനം ഇനിയും തുടങ്ങാനായില്ല. രാഷ്ട്രീയമായി നോക്കിയാൽ പെരിയ ഇരട്ടക്കൊലപാതകം നടന്ന മണ്ഡലത്തിൽ ഈ തിരഞ്ഞെടുപ്പിലും ഇത് ചർച്ചയാകുമെന്ന കാര്യത്തിൽ സംശയമില്ല. കേസിൽ സിബിഐ അന്വേഷണം നടക്കുന്ന സമയമായതിനാൽ പ്രത്യേകിച്ചും. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!