ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് രാജിവെച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചു. സംസ്ഥാന ബിജെപിയിൽ തർക്കങ്ങൾ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ രാജി. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ രാജ്ഭവനിലെത്തിയ റാവത്ത് ഗവർണർ ബേബി റാണി മൗര്യയ്ക്ക് രാജികത്ത് കൈമാറി.
നാല് വർഷം മുഖ്യമന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കാൻ അവസരം തന്നതിൽ ബിജെപി നേതൃത്വത്തിന് നന്ദിയറിക്കുന്നതായി രാജിവെച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ റാവത്ത് പറഞ്ഞു. താനൊരു ചെറു ഗ്രാമത്തിലാണ് ജനിച്ചത്. ഇത്രയധികം ബഹുമാനവും അവസരങ്ങളും ഒരു ചെറുഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ നിന്നുള്ള ഒരാൾക്ക് നൽകാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണകക്ഷിയായ ബി.ജെ.പിയിൽ കലാപങ്ങൾ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം റാവത്ത് ഡൽഹിയിലെത്തി ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് ജനപിന്തുണ നഷ്ടമായെന്നാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും പരാതി. മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് പല എം.എൽ.എമാരും ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടർന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം റാവത്തിനെ ഡൽഹിക്ക് വിളിപ്പിച്ചത്.
പാർട്ടി എം.എൽ.എമാർക്കിടയിൽ വർധിച്ച് വരുന്ന നീരസവും മന്ത്രിസഭ വിപുലീകരണത്തിനായുള്ള മുറവിളികളും കണക്കിലെടുത്ത് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിങിന്റെ നേതൃത്വത്തിൽ നേരത്തെ സംസ്ഥാന കോർ ഗ്രൂപ്പ് യോഗം ചേർന്നിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് നേതൃമാറ്റം വരുന്നതായുള്ള സൂചനകൾ ശക്തിപ്പെട്ടത്.
അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ ഈ രാഷ്ട്രീയ പ്രതിസന്ധി ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

