തൃശ്ശൂരിൽ മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി, സ്‌കൂൾ മേൽക്കൂര തകർന്നു, വൻ നാശനഷ്ടം

തൃശ്ശൂർ: തൃശ്ശൂരിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. മിന്നൽ ചുഴലിയിൽ പലയിടത്തും മരങ്ങൾ വീണു. രാവിലെ ഒമ്പത് മണിയോടെയാണ് ശക്തമായ കാറ്റ് വീശിയത്. തൃശ്ശൂർ-താണിക്കുടം റൂട്ടിൽ രണ്ടിടത്ത് ഗതാഗതം തടസപ്പെട്ടു. തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വില്ലടം സ്കൂൾ വളപ്പിലും രണ്ട് മരങ്ങൾ വീണെങ്കിലും മറ്റു നാശനഷ്ടങ്ങളില്ല.
മണ്ണുത്തി, നടത്തറ, പൂച്ചട്ടി മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. അതിശക്തമായ കാറ്റിൽ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്‌കൂളിന്റെ പാർക്കിങ്ങിൽ നിന്നിരുന്ന 4 തേക്കുമരങ്ങൾ കടപുഴകി വീണു. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മരങ്ങൾ വീണത്. അപകടത്തിൽ മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറുമാണ് തകർന്നത്. അപകട സമയത്ത് കുട്ടികളോ മറ്റു ജീവനക്കാരോ സ്ഥലത്തില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
ക്ലാസ് തുടങ്ങുന്നതിനു മുമ്പ് ഓട്ടോറിക്ഷയിലും മറ്റ് വാഹനങ്ങളിലും കുട്ടികളെത്തുന്ന സമയത്തായിരുന്നു ശക്തമായ കാറ്റുണ്ടായത്. കാറ്റുണ്ടായ ഉടൻ ഓട്ടോ ഡ്രൈവർമാരും അധ്യാപകരും കുട്ടികളെ തൊട്ടടുത്ത വീടുകളിലേക്ക് എത്തിച്ചത് കൊണ്ടാണ് അപകടം ഒഴിവായത്. മരങ്ങൾ വീണ വാഹനങ്ങൾക്ക് തൊട്ടടുത്തും കുട്ടികൾ ഉണ്ടായിരുന്നു. എൽ.കെ.ജി. വിഭാഗത്തിൻ്റെ മേൽക്കൂര പൂർണമായും ഇളകി മാറി. സ്‌കൂൾ മുറ്റത്തെ വലിയ മാവും കടപുഴകി വീണിരുന്നു. തുടർന്ന് തൃശ്ശൂരിൽ നിന്നും എത്തിയ അഗ്നി രക്ഷാസേനാംഗങ്ങളും നാട്ടുകാരും മരങ്ങൾ മുറിച്ചുമാറ്റി.
ശക്തമായ കാറ്റിൽ പീച്ചി മലയോര ഹൈവേ വിലങ്ങന്നൂരിൽ റോഡിന് കുറുകെ മരത്തിൻ്റെ ചില്ല ഒടിഞ്ഞുവീണു. ഒടിഞ്ഞുവീണ കൂറ്റൻ മരച്ചില്ല വൈദ്യുതി കമ്പികളിൽ കുടുങ്ങിക്കിടന്നതിനാൽ വൻ ദുരന്തം ഒഴിവായി. മേഖലയിലെ പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്കൂളുകളിലേക്ക് കുട്ടികളുമായുള്ള വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ധാരാളം കടന്നുപോകുന്ന സമയമായിരുന്നു ഇത്. തുടർന്ന് മരച്ചില്ല മുറിച്ചു മാറ്റുന്നതുവരെ നേരിയതോതിൽ ഗതാഗത തടസ്സം ഉണ്ടായി. പ്രദേശത്തെ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടു.

