കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: കേരളത്തിന് ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമഗ്രമായ ജയിൽ പരിഷ്കരണത്തിന് സർക്കാർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയിൽ ആസ്ഥാനത്ത് കേരളത്തിലെ മൂന്ന് ജയിൽ ഡിഐജിമാരും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
തടവുപുള്ളികളെ നല്ല മാർഗത്തിലേക്ക് നയിക്കുന്ന തെറ്റുതിരുത്തൽ കേന്ദ്രങ്ങളായാണ് കേരളത്തിലെ ജയിലുകൾ പ്രവർത്തിക്കുന്നത്. തടവുപുള്ളികളുടെ എണ്ണം കൂടുകയാണ്. അതിനാൽ ഒരു സെൻട്രൽ ജയിലിന്റെ കൂടി ആവശ്യം സംസ്ഥാനത്തുണ്ട്. ആധുനികവത്കരണത്തിന്റെ പാതയിലൂടേയും ജയിലുകൾ മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജയിലുകളുമായി ബന്ധപ്പെട്ട് സമഗ്രപരിഷ്കരണം നടത്താനുള്ള ചർച്ചകൾ നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

