KSDLIVENEWS

Real news for everyone

ഓണക്കിറ്റൊരുങ്ങുന്നു; ജില്ലയിൽ 3.36 ലക്ഷം കുടുംബങ്ങളിലേക്ക്

SHARE THIS ON

കാഞ്ഞങ്ങാട് : പൊതു വിതരണ കേന്ദ്രങ്ങൾ വഴിയുള്ള സൗജന്യ ഓണക്കിറ്റുകൾ തയ്യാറായിത്തുടങ്ങി. ജില്ലയിൽ 3,36,324 കിറ്റുകളാണ് വേണ്ടത്. എ.പി.എൽ-ബി.പി.എൽ. വ്യത്യാസമില്ലാതെ എല്ലാവർക്കും ലഭ്യമാകുന്ന കിറ്റിൽ 13 ഇനങ്ങളാണ് ഉള്ളത്. സപ്ലൈകോ ആണ് കിറ്റുകൾ തയ്യാറാക്കുന്നത്. ഓരോ സപ്ലൈകോയുടെയും പരിധിയിൽ പത്തുമുതൽ പതിനഞ്ചുവരെ റേഷൻകടകളുണ്ട്. ഓരോ റേഷൻ കടകളിൽനിന്നും അതതിടത്തെ സപ്ലൈകോയിൽനിന്ന്‌ നേരിട്ട് ഈ ഭക്ഷ്യക്കിറ്റുകളെത്തിക്കും. ഇതനുസരിച്ച് ഓരോ സപ്ലൈകോ കേന്ദ്രങ്ങളിലും 5,000 മുതൽ 13,000 വരെ കിറ്റുകൾ തയ്യാറാക്കുന്നു. ഈ മാസം ഒന്നുമുതൽ തുടങ്ങിയ പായ്ക്കിങ് 30-നുള്ളിൽ പൂർത്തീകരിക്കും.


സപ്ലൈകോ കേന്ദ്രങ്ങൾ; 300-ലധികം തൊഴിലാളികൾ

ജില്ലയിൽ 49 സപ്ലൈകോ കേന്ദ്രങ്ങളിലായാണ് ഓണക്കിറ്റൊരുക്കുന്നത്. 300-ലധികം പേർ പണിയെടുക്കുന്നു. ഓരോ കേന്ദ്രത്തിലും നാലോ അഞ്ചോ അധിക ജോലിക്കാരെയും ഏർപ്പെടുത്തിയിട്ടുണ്ട്. അതതിടത്തെ സപ്ലൈകോ വെയർഹൗസിൽനിന്ന്‌ 50 കിലോയുടെ ചാക്കുകളിലായാണ് സാധനങ്ങൾ എത്തുന്നത്. ഇത്‌ ഓരോന്നും കണക്കുപ്രകാരമുള്ള ചെറു പായ്ക്കറ്റുകളിലാക്കി അടുക്കിവെക്കും. 13 ഇനങ്ങളും തുണിസഞ്ചിയിലാക്കി കെട്ടിവെക്കും. അതത്‌ സപ്ലൈകോ മാനേജർമാർ ഈ കിറ്റുകൾ അവരുടെ പരിധിയിൽ വരുന്ന റേഷൻകടകളിലെത്തിച്ച്‌ കൊടുക്കും. അവധിദിവസങ്ങളിലുൾപ്പെടെ പാക്കിങ് കേന്ദ്രങ്ങൾ സജീവമാണെന്ന് സപ്ലൈകോ മാനേജർമാർ പറയുന്നു.

കൂടുതൽ ഹൊസ്ദുർഗിൽ; കുറവ് വെള്ളരിക്കുണ്ടിൽ

കിറ്റുകൾ ഏറ്റവും കൂടുതൽ വേണ്ടിവരുന്നത് ഹൊസ്ദുർഗ് താലൂക്കിലാണ്. 1,20,454 എണ്ണം. ഇവിടെ 145 റേഷൻ കടകളാണുള്ളത്. കാസർകോട് താലൂക്കിൽ 103 റേഷൻകടകളിലായി 99,462 കിറ്റുകൾ വേണം. മഞ്ചേശ്വരത്ത് 66 റേഷൻകടകളിലായി 66,596 ഉം വെള്ളരിക്കുണ്ടിൽ 70 റേഷൻ കടകളിലായി 49,812 ഉം കിറ്റുകളാണ് വേണ്ടത്. ചില സപ്ലൈകോ കേന്ദ്രത്തിൽ വേണ്ടത്ര സ്ഥല സൗകര്യമില്ലാത്തത് കിറ്റുകളൊരുക്കുന്നതിന്റെ വേഗതയെ ബാധിക്കുന്നു. ഗോഡൗണിൽനിന്ന്‌ ഭക്ഷ്യസാധനങ്ങൾ എത്തുന്ന മുറയ്ക്ക് അത്‌ സ്റ്റോക്ക് ചെയ്യാനും പായ്ക്കുചെയ്ത സാധനങ്ങൾ അടുക്കിവെക്കാനും വേണ്ടിവരുന്ന സ്ഥലം കഴിഞ്ഞാൽ പായ്ക്കുചെയ്യാൻ ഒട്ടും സൗകര്യം കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്.

ചില സ്ഥാപനങ്ങൾ തൊട്ടടുത്തുള്ള സൗകര്യപ്രദമായ ഇടങ്ങളിലേക്ക് മാറ്റിയാണ് പായ്ക്കിങ് ജോലി പൂർത്തിയാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!