കുടിവെള്ള പദ്ധതികൾ ഡിസംബറോടെ ജലജീവൻ മിഷന്റെ ഭാഗമാകും

കാസർകോട് ∙ ജല അതോറിറ്റി മുഖേന നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ ഡിസംബറിൽ ജലജീവൻ മിഷന്റെ ഭാഗമാകും. പഞ്ചായത്തുകൾ പദ്ധതികൾക്കായി നിക്ഷേപിച്ച തുകയ്ക്ക് പുറമേ എംഎൽഎ ഫണ്ടും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഹിതവും സർക്കാർ ഉത്തരവ് ലഭ്യമാവുന്ന മുറയ്ക്ക് ഇതിനായി ഉപയോഗപ്പെടുത്താം എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശിച്ചു.
വിവിധ പദ്ധതികൾക്കായി തദ്ദേശ സ്ഥാപനങ്ങൾ തുക നിക്ഷേപിക്കുമ്പോൾ അതത് വകുപ്പുകളെ അറിയിക്കണം. വിവിധ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് പഞ്ചായത്തുകൾ തയാറാക്കിയ ഗുണഭോക്തൃ പട്ടിക സമയബന്ധിതമായി ജില്ലാ –ബ്ലോക്ക് പഞ്ചായത്തുകൾക്കും നൽകണം. സംയുക്ത പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ പഞ്ചായത്തുകളുടെ നല്ല ഇടപെടൽ വേണം.
ജില്ലയിൽ നടപ്പാക്കുന്ന എബിസി പദ്ധതിക്കായി പല പഞ്ചായത്തുകളും തുക നീക്കിവച്ചിട്ടില്ലെന്നും തെരുവ് നായയുടെ കടിയേറ്റ് പേ വിഷബാധയെത്തുടർന്ന് ഒരു കുട്ടി മരിക്കാനിടയായ സാഹചര്യത്തിലെങ്കിലും പദ്ധതി പൂർണ തോതിൽ നടപ്പാക്കാൻ പഞ്ചായത്തുകളുടെ ഭാഗത്തു നിന്നു ശ്രമമുണ്ടാകണമെന്നും യോഗം നിർദേശിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നൂതന പദ്ധതികൾ സംബന്ധിച്ച് 13ന് അകം പഞ്ചായത്തുകൾ നിർദേശം സമർപ്പിക്കണം.
ജില്ലാതലത്തിൽ നടത്തുന്ന പരിശോധനയ്ക്കു ശേഷം കലക്ടർ അധ്യക്ഷനായ കമ്മിറ്റി നൂതന പദ്ധതികൾക്ക് അംഗീകാരം നൽകുമെന്ന് ജില്ലാ പ്ലാനിങ് ഓഫിസർ എ.എസ്.മായ അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ സി.രാമചന്ദ്രൻ, ഡിപിസി അംഗങ്ങളായ എസ്.എൻ.സരിത, കെ.ശകുന്തള, ഗീത കൃഷ്ണൻ, എം.മനു, സി.ജെ.സജിത്ത്, ഗോൾഡൻ അബ്ദുൽ റഹ്‌മാൻ, വി.വി.രമേശൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
പദ്ധതികളുടെ ഏകോപനം; ഉപസമിതി രൂപീകരിച്ചു
കാസർകോട് ∙ ജില്ലയിൽ നടപ്പാക്കുന്ന സംയുക്ത പദ്ധതികളുടെ ഏകോപനത്തിനായി ഉപസമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംയുക്ത പദ്ധതികൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ഫണ്ട് കൈമാറ്റത്തിലെ കാലതാമസം ഉൾപ്പെടെ ഒഴിവാക്കുന്നതിനായി വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോഓർഡിനേഷൻ കമ്മിറ്റി നിർദേശപ്രകാരമാണ് ഉപസമിതി രൂപീകരിച്ചത്.
ജില്ലാ പ്ലാനിങ് ഓഫിസർ എ.എസ്.മായ കൺവീനറും ജില്ലാ ആസൂത്രണ സമിതി അംഗം വി.വി.രമേശൻ ചെയർമാനുമാണ്. സി.രാമചന്ദ്രൻ, എസ്.എൻ.സരിത, ഗീതാ കൃഷ്ണൻ, അതത് വകുപ്പ് മേധാവികൾ എന്നിവർ ഉപസമിതിയിലെ അംഗങ്ങളാണ്.
ജലസംരക്ഷണം: 4.28 കോടിയുടെ അനുമതി
കാസർകോട്∙ ജില്ലയിലെ സമഗ്ര ജല സംരക്ഷണം ലക്ഷ്യമിട്ട് വിവിധ പ്രദേശങ്ങളിലെ ജലസംരക്ഷണ നിർമാണ–നവീകരണ പദ്ധതികൾക്കായി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 4.28 കോടി രൂപയുടെ ഭരണാനുമതിയായി.ചെറുവത്തൂർ രാമഞ്ചിറ അണക്കെട്ട് നവീകരണം (1.60 കോടി) ദേലംപാടി പഞ്ചായത്തിലെ ബെല്ലിപ്പാടി കുക്കുഗുഡെയിൽ വിസിബി കം ട്രാക്ടർ വേ നിർമാണം (43 ലക്ഷം), വോർക്കാടി ബാലപ്പുണി-നന്ധിമാർ വിസിബി കം ട്രാക്ടർ വേ (57.40) വോർക്കാടി ആർവാറിൽ ദേശമാർ നടിബയൽ തോടിന് വിസിബി നിർമാണം (18.30 ) എൻമകജെ പഡ്രെ വില്ലേജിൽ പത്തടുക്കയിൽ വിസിബി നിർമാണം (99.80) വെസ്റ്റ് എളേരി പ്ലാച്ചിക്കര വിസിബി കം ബ്രിഡ്ജ് നവീകരണം ( 26.10) ഉദുമ പൊടിക്കൈയിൽ ബാര തോട്ടിൽ വിസിബി നവീകരണം (18.50) കളനാട് വില്ലേജിൽ തായന്നൂർ വിസിബി നവീകരണം (4.50) ലക്ഷം രൂപയുടെ പദ്ധതികൾക്കാണു കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്രിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല കമ്മിറ്റി യോഗമാണു ഭരണാനുമതി നൽകിയത്.
പദ്ധതിയുടെ നടത്തിപ്പ് ചുമതല ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്കാണ്. റിങ് ചെക്ക് ഡാമുകളുടെ നിർമാണം, പുഴകളുടെ പുനരുജ്ജീവനം തുടങ്ങി ജലക്ഷാമ ലഘൂകരണത്തിനു ഒട്ടേറെ പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പാക്കുന്നുണ്ടെന്നു കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി.രാജ്മോഹൻ അറിയിച്ചു

