ദേശീയപാതയ്ക്കായി വഴിമാറുന്നു: വറ്റാത്ത ഓര്‍മ്മ ഇനി വെള്ളൂരിന്റെ രാമന്‍കുളം; രണ്ടര നൂറ്റാണ്ടിലേറെയുള്ള ചരിത്രത്തിന് തിരശീല

പയ്യന്നൂര്‍: വെള്ളൂരിന്റെ പ്രധാന ലാന്റ് മാര്‍ക്കായി നിലകൊണ്ടിരുന്ന രാമന്‍ കുളം ഇനി മധുരമായ ഓര്‍മ .ദേശീയപാത വികസനത്തിന്റെ ഭാഗമായി കുളം നികത്തുന്നതോടെ രണ്ടര നൂറ്റാണ്ടിലേറെ കാലത്തെ ചരിത്രത്തിനു കൂടിയാണ് തിരശീല വീഴുന്നത് .വെള്ളോറ തറവാട്ടു കാരണവര്‍ രാമപൊതുവാളാണ് ജലസേചനത്തിനായി ഈ കുളം നിര്‍മ്മിച്ചത് .രാമ പൊതുവാള്‍ പണി കഴിപ്പിച്ച കുളം പിന്നീട് രാമന്‍ കുളം എന്നറിയപ്പെടാന്‍ തുടങ്ങി .ജാതി മത ഭേദമന്യേ എല്ലാ ജനങ്ങള്‍ക്കുമായാണ് കുളം നിര്‍മ്മിച്ചത് . 1953 ല്‍ ചിണ്ടന്‍ മൂത്ത പൊതുവാള്‍ കുളം പയ്യന്നൂര്‍ ഗ്രാമ പഞ്ചായത്തിന് വിട്ടു നല്‍കിയിരുന്നു .കൃഷിപ്പണിക്കും ,വഴിയാത്രക്കാര്‍ക്കുമായി കുളത്തിന് പടിഞ്ഞാറു ഭാഗത്ത് തണ്ണീര്‍ പന്തലും ചുമടുതാങ്ങിയും ഏര്‍പ്പെടുത്തിയിരുന്നു . കാലക്രമത്തില്‍ പയ്യന്നൂര്‍ ഗ്രാമ പഞ്ചായത്ത് നഗരസഭയായി പരിണമിച്ചപ്പോള്‍ കുളം നഗരസഭയുടെ കീഴിലായി.
ദേശീയ പാതാ വികസനത്തിന്റെ പേരില്‍ സ്ഥലം നഷ്ടപ്പെടുന്ന സ്വകാര്യ വ്യക്തികള്‍ക്ക് പൊന്നും വില ലഭിക്കുമ്ബോള്‍ രാമന്‍കുളം നഗരസഭയുടെ അധീനതയിലുള്ളതായതിനാല്‍ സൗജന്യമായാണ് ദേശീയപാതാ അധികൃതര്‍ ഏറ്റെടുക്കുന്നത് .
അത്യുഷ്ണത്തിലും ജലസമൃദ്ധം
കടുത്ത വേനലില്‍ പോലും പോലും വെള്ളം വറ്റാതിരുന്ന കുളം പരിസര വാസികള്‍ക്ക് വളരെ വലിയ ആശ്വാസം കൂടിയായിരുന്നു .അത്യുഷ്ണത്തില്‍ വറ്റി വരണ്ടേക്കാവുന്ന പല കിണറുകള്‍ക്കും ജീവ ജലം നല്‍കിയിരുന്നത് രാമന്‍ കുളത്തിലെ നിലയ്ക്കാത്ത ഉറവയായിരുന്നു . ദേശീയ പാതാ വികസനത്തിനു വേണ്ടി കുളം നികത്തപ്പെടുമ്ബോള്‍ അനുയോജ്യമായ സ്ഥലത്ത് പൊതുകുളം നിര്‍മ്മിച്ച് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
നീന്തല്‍മത്സരങ്ങള്‍ക്കും വേദി
നിരവധി അക്വാറ്റിക്ക് ചാമ്ബ്യന്‍ഷിപ്പുകള്‍ക്കും ,മറ്റും സ്ഥിരം വേദിയാണ് രാമന്‍ കുളം .വര്‍ഷങ്ങളായി പ്രദേശ വാസികളും സമീപവാസികളുമടക്കം നിരവധി പേരാണ് നീന്തല്‍ പരിശീലനത്തിനായി കുളത്തെ ആശ്രയിക്കുന്നത്. സ്‌പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ പയ്യന്നൂരില്‍ പ്രവര്‍ത്തിച്ചു വന്ന റൂറല്‍ സ്‌പോര്‍ട്സ് കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ 1981 മുതല്‍ സൗജന്യ നീന്തല്‍ പരിശീലനവും ആരംഭിച്ചിരുന്നു . പയ്യന്നൂര്‍ അഗ്‌നി രക്ഷാ സേന ഫയര്‍ ടെന്റര്‍ വാഹനങ്ങളിലടക്കം വെള്ളം നിറക്കാനും ഇവിടെയാണ് വരാറുള്ളത് .

