ആക്രമണം പുനരാരംഭിച്ചാല്‍ കനത്ത തിരിച്ചടി ഉണ്ടാകും: യുഎസിന് ഇറാന് വിപ്ലവ ഗാര്‍ഡിന്റെ മുന്നറിയിപ്പ്

തെഹ്റാന്: യുഎസ് ആക്രമണം പുനരാരംഭിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് വിപ്ലവ ഗാര്‍ഡിന്റെ മുന്നറിയിപ്പ്. ഹോര്‍മുസ് കടലിടുക്കില്‍ അനുമതിയില്ലാത്ത പാതയിലൂടെ സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകളില്‍ സ്ഫോടനങ്ങളും ശക്തമായ തീപിടിത്തവും ഉണ്ടായതായി ഐആര്‍ജിസി അറിയിച്ചു.
ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താന്‍ ഇറാഖിനുമേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന് അതിര്‍ത്തിയിലെ രണ്ട് കവാടങ്ങള്‍ ഒഴികെ മറ്റെല്ലാം അടച്ചുപൂട്ടണമെന്ന് യുഎസ് ട്രഷറി വകുപ്പ് ഇറാഖിനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈന് പറഞ്ഞു. ഇറാനുമേല്‍ നാവിക ഉപരോധത്തിന് പിന്നാലെ കരമാര്‍ഗവും ഉപരോധം കടുപ്പിക്കാന്‍ അമേരിക്ക തിരുമാനിച്ചതിന്റെ ഭാഗമായാണിത്.
അവസാനിപ്പിക്കുന്ന സാധ്യതാ കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന് പ്രതിനിധികള്‍ ദോഹയിൽ എത്തി. ഇതിനിടെ, ഇസ്രായേലിന്റെ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്ന് പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്സ്. ആണവായുധങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമം ഇറാന് പുനരാരംഭിച്ചതായും ഇത് ഇസ്രായേലിന് ഗുരുതര ഭീഷണിയാണെന്നും ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.
നിലവില്‍ ഇറാനിലെ ഖിഷം ദ്വീപില്‍ നാല് സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഫോടന കാരണം അവ്യക്തമായി തുടരുന്നു. ആക്രമണത്തിന് പിന്നിൽ അമേരിക്കയെന്ന് ഇറാൻ ആരോപിച്ചു.
അതേസമയം, ഇറാനിലെ 38 പാലങ്ങള്‍ ഒരു മണിക്കൂര്‍ കൊണ്ട് തകര്‍ക്കാന്‍ കഴിയുമെന്നും ഇറാനില്‍ തകര്‍ക്കേണ്ട ലക്ഷ്യങ്ങളുടെ പട്ടിക തയ്യാറാക്കിയെന്നും ട്രംപ് പ്രതികരിച്ചു. ചര്‍ച്ചയില്‍ പുരോഗതിയില്ലെങ്കില്‍ അക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഇപ്പോഴുള്ള ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ലെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം യുഎസിന്റെ മനസ്സ് മാറിയോ എന്ന് തങ്ങള്‍ കാത്തിരിക്കുകയാണെന്നും ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

