പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് പരിക്കേറ്റ യുവാവിന് 25 ലക്ഷം നഷ്ടപരിഹാരം

കൊല്ലം: മൈനാഗപ്പള്ളി സ്വദേശിയായ 17കാരൻ ഓടിച്ച കാറിടിച്ച് പരിക്കേറ്റ യുവാവിന് കാൽ കോടി രൂപ നഷ്ടപരിഹാരം. പട്ടത്താനം അയത്തിൽ സുരഭി നഗർ -19, തിരുവോണം വീട്ടിൽ സദാശിവന്റെ മകൻ ഷിജുവിനാണ് (37) കോടതി ചെലവും പലിശയും ഉൾപ്പെടെ കൊല്ലം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി ആർ. രാജേഷ് 25 ലക്ഷം രൂപ നൽകാൻ വിധിച്ചത്. 2022 മാർച്ച് 24നാണ് കരുനാഗപ്പളളി-ശാസ്താംകോട്ട റോഡിൽ ഐ.സി.എസ് ജങ്ഷന് സമീപം ഷിജു യാത്ര ചെയ്ത സ്കൂട്ടറിൽ 17 വയസ്സുള്ള കുട്ടി ഓടിച്ച കാർ ഇടിച്ചത്.
അപകട കാലയളവിൽ കാറിന്റെ ആർ.സി ഓണർ ശക്തികുളങ്ങര സ്വദേശി സദാശിവൻ പിള്ള ആയിരുന്നു. അപകടത്തിന് മുമ്പ് അദ്ദേഹം കാർ കൈമാറ്റം നടത്തി പുതിയത് വാങ്ങിയിരുന്നു. ഡീലർ കാറിന്റെ ആർ.സി ബുക്കിൽ മാറ്റം വരുത്താതെ മൈനാഗപ്പളളി സ്വദേശി നിസാമുദ്ദീന്‍ വിറ്റു. കാർ ഓടിച്ചയാൾ ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടി ആയതിനാൽ ഇൻഷുറൻസ് കമ്പനിയായ യുനൈറ്റഡ് ഇൻഡ്യ കമ്പനി നഷ്ടപരിഹാരം ഷിജുവിന് നൽകിയ ശേഷം കാറിന്റെ ആർ.സി ഓണർ, ഇൻഡസ് മോട്ടോഴ്സ്, കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ മൈനാഗപ്പള്ളി സ്വദേശി എന്നിവരിൽ നിന്ന് തുക തുല്യമായി ഈടാക്കണമെന്നാണ് വിധിന്യായത്തിൽ പറയുന്നത്. ഇതിനായി ഇൻഷുറൻസ് കമ്പനി വേറെ കേസ് നൽകേണ്ടിവരും.ഹരജിക്കാരന് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സുജിത്ത്, സിമി സുജിത്ത് എന്നിവർ കോടതിയിൽ ഹാജരായി.

