മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിനു പിന്നിൽ ഛിദ്രശക്തികൾ; പിണറായിയും സതീശനുമടക്കം വിവാഹത്തിൽ പങ്കെടുത്തു’

തൃശൂർ: മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടി വീടു സന്ദർശിച്ചതിനെതിരെ അരങ്ങേറിയ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. മാതൃകാപരമായി ഒരുമിച്ചു പോകാൻ ആഗ്രഹിക്കാത്ത ചില ഛിദ്രശക്തികളാണ് സൈബർ ആക്രമണം നടത്തുന്നതെന്ന് ഗോപാലകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു.
‘‘രാഷ്ട്രീയത്തിനും മതത്തിനും ഭാഷയ്ക്കും വേഷത്തിനുമൊക്കെ അപ്പുറത്താണു സൗഹൃദം. ഈ സൗഹൃദം എല്ലാക്കാലത്തും കേരളത്തിലുണ്ട്. സമീപകാലത്ത് ഈ സൗഹൃദത്തെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പല സിപിഎം നേതാക്കളും വിവാഹത്തിലും അതിനു ശേഷമുള്ള വിരുന്നിലും പങ്കെടുക്കാൻ വന്നിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വന്നിരുന്നു. അവരോടെല്ലാം നേരിട്ടു ബന്ധപ്പെട്ടയാളാണ് ഞാൻ. മാധ്യമരംഗത്തെ ആളുകൾ കുടുംബമായി വന്നിരുന്നു. അവരെയൊക്കെ ക്ഷണിച്ചു അവർ വന്നു.
കേരളത്തിൽ ഈ സ്നേഹവും സൗഹൃദവും വളരുകയും വളർത്തിക്കൊണ്ടു വരികയും വേണം. അതിനുള്ള വേദികളാണ് വിവാഹവും മറ്റു പരിപാടികളും. വിവാഹത്തിന് എത്തിച്ചേരാൻ കഴിയാത്തതിനാൽ വൈകുന്നേരം ബിന്ദുടീച്ചർ വീട്ടിലേക്ക് ഓടിയെത്തിയിരുന്നു. എന്താണ് വൈകിയതെന്നു ചോദിച്ചപ്പോൾ ക്ഷീണം കാരണം മറന്നു പോയെന്നും വിജയരാഘവൻ ഡൽഹിയിൽനിന്നു വിളിച്ചു പറഞ്ഞപ്പോഴാണ് ഓർത്തതെന്നും അങ്ങനെയാണ് എത്തിയതെന്നും പറഞ്ഞു. ആ സ്നേഹ സൗഹൃദ കൂട്ടായ്മകളെ എതിർക്കുന്ന ചില ആളുകൾ ഉണ്ടാകും, അതൊക്കെ വിട്ടുകളയണം എന്നേ പറയാനുള്ളൂ’’ – ഗോപാലകൃഷ്ണൻ പറഞ്ഞു.

