തട്ടിപ്പ്! അബുദാബിയിൽ പ്രവാസി വ്യവസായിക്ക് വൻ തിരിച്ചടി: NMC സ്ഥാപകൻ ബിആർ ഷെട്ടിയും മലയാളി ബിസിനസുകാരൻ പ്രശാന്ത് മങ്ങാട്ടും കുറ്റക്കാർ;5 ലക്ഷം കോടിയിലേറെ രൂപ തിരിച്ചടയ്ക്കണം

അബുദാബി: പ്രമുഖ ആരോഗ്യ പരിചരണ ശൃംഖലയായ എൻഎംസി ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഡോ. ബി.ആർ. ഷെട്ടിക്കും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പ്രശാന്ത് മങ്ങാട്ടിനും എതിരെ അബുദാബി ഗ്ലോബൽ മാർക്കറ്റ് കോടതിയുടെ നിർണായക വിധി. വ്യാജ വ്യാപാരത്തിലും വഞ്ചനാപരമായ പ്രവർത്തനങ്ങളിലും ഇരുവർക്കും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. ഏകദേശം 539.7 കോടി ഡോളറിന്റെ ബാധ്യതയുമായി ബന്ധപ്പെട്ട തുകയിൽ ഇരുവരും ഉത്തരവാദികളാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. ജസ്റ്റിസ് സർ ആൻഡ്രൂ സ്മിത്താണ് വിധി പുറപ്പെടുവിപ്പിച്ചത്.
കമ്പനിയുടെ അഡ്മിനിസ്ട്രേറ്റർമാരും എൻ.എം.സി ഹെൽത്ത് കെയറും സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ നടപടി. ഇതിനു പുറമെ പ്രശാന്തിനെതിരെ അബുദാബി കൊമേഴ്സ്യൽ ബാങ്ക് നൽകിയ പ്രത്യേക കേസും കോടതി അംഗീകരിച്ചു. ബി.ആർ. ഷെട്ടിയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് 418.3 കോടി ദിർഹം വകമാറ്റി ചെലവഴിച്ചതായി കോടതി കണ്ടെത്തി. വിവിധ അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകൾ പരിശോധിച്ച ശേഷം, തിരികെ നൽകിയ തുക കഴിച്ചുള്ള ഇതിന്റെ യഥാർഥ മൂല്യം ഏകദേശം 260 കോടി ദിർഹത്തോളം വരുമെന്ന് കോടതി വിലയിരുത്തി. ട്രാവെക്സ് അടക്കമുള്ള സ്ഥാപനങ്ങളിലും വിമാനത്തിലും ദുബായ് ഹിൽസിലെ ആസ്തികളിലും വൈയോമിങ്ങിലെ എണ്ണ നിക്ഷേപത്തിലും ഈ തുക ഉപയോഗിച്ച് ഷെട്ടി വ്യക്തിപരമായ നിക്ഷേപങ്ങൾ നടത്തിയെന്നും കോടതി വ്യക്തമാക്കുന്നു.
വ്യക്തിപരമായ നേട്ടങ്ങൾക്കായി എൻഎംസി ഗ്രൂപ്പിൽ നിന്ന് പണം തട്ടിയെടുക്കുന്നതിൽ പ്രശാന്ത് സജീവമായി പങ്കാളിയായെന്നും കോടതി നിരീക്ഷിച്ചു. കമ്പനിയുടെ വായ്പാ വിവരങ്ങളും രഹസ്യ കടങ്ങളും രാജ്യാന്തര ഓഡിറ്റ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങ്ങിൽ നിന്നും മറച്ചുവയ്ക്കുന്നതിൽ മങ്ങാട്ട് മുഖ്യ പങ്കുവഹിച്ചു. 2012 മുതൽ 2019 വരെയുള്ള കാലയളവിൽ എൻഎംസിയുടെ കണക്കുകളിൽ കൃത്രിമം കാണിച്ച് കോടിക്കണക്കിന് രൂപയുടെ രഹസ്യ കടങ്ങൾ മറച്ചുവച്ചതായും വിധിയിൽ ചൂണ്ടിക്കാണിക്കുന്നു.
തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും മുൻ മാനേജർമാരുടെ വഞ്ചനയ്ക്ക് താൻ ഇരയാവുകയായിരുന്നു എന്നുമാണ് ഡോ. ബി.ആർ. ഷെട്ടി കോടതിയിൽ വാദിച്ചത്. തനിക്ക് സാമ്പത്തിക കാര്യങ്ങളിൽ നേരിട്ട് മേൽനോട്ടമുണ്ടായിരുന്നില്ലെന്ന പ്രശാന്തിന്റെ വാദവും കോടതി തള്ളി. ബ്രിട്ടനിലെ എഫ്ടി.എസ്ഇ 100 കമ്പനിയുടെ തലവനായിയിരുന്ന ഒരാളിൽ നിന്ന് ഇത്തരത്തിലുള്ള വാദങ്ങൾ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി.
കേസിൽ ഇരുവരുടെയും പേരിൽ ചുമത്തേണ്ട അന്തിമ തുക സംബന്ധിച്ച കാര്യങ്ങൾ പിന്നീട് കോടതി പരിഗണിക്കും. ഇതിനു മുന്നോടിയായി ബാങ്ക് ഓഫ് ബറോഡ ഉൾപ്പെടെയുള്ള കക്ഷികളുടെ വാദങ്ങളും അഡ്മിനിസ്ട്രേറ്റർമാരുടെ മറ്റു ഹർജികളും കോടതി തുടർന്നും പരിശോധിക്കും. 1975ൽ അബുദാബിയിൽ ചെറിയ രീതിയിൽ തുടക്കം കുറിച്ച എൻഎംസി പിന്നീട് വലിയ വളർച്ച നേടുകയും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അടക്കം ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്നാണ് കമ്പനി പ്രതിസന്ധിയിലാവുകയും അഡ്മിനിസ്ട്രേഷന്റെ കീഴിലാവുകയും ചെയ്തത്.

