KSDLIVENEWS

Real news for everyone

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന; പുതിയ പാസ്‌പോര്‍ട്ടിനും തിരിച്ചറിയല്‍ കാര്‍ഡിനും അപേക്ഷിച്ച്‌ കത്ത് നല്‍കി

SHARE THIS ON

ധാക്ക: ബംഗ്ലാദേശിലേക്ക് മടങ്ങാൻ പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയല്‍ കാർഡിനുമായി അപേക്ഷിച്ച്‌ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

2024ല്‍ ബംഗ്ലാദേശ് വിട്ട ഹസീന രണ്ട് വർഷത്തോളമായി ഇന്ത്യയില്‍ തുടരുകയാണ്. രാജ്യത്ത് ജനാധിപത്യവും നിയമവാഴ്ചയും വോട്ടവകാശവും പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് തന്റെ മടങ്ങിപ്പോക്കെന്ന് ഷെയ്ഖ് ഹസീന വ്യക്തമാക്കിയതായി എപി റിപ്പോർട്ടു ചെയ്തു.

രാജ്യത്തേക്ക് തിരികെയെത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് അയച്ച കത്തിലാണ് ഹസീന പുതിയ പാസ്‌പോർട്ടും തിരിച്ചറിയല്‍ രേഖകളും നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മുൻ ഭരണകൂടം റദ്ദാക്കിയ തിരിച്ചറിയല്‍ രേഖകള്‍ തിരികെ നേടുന്നതിലൂടെ ഒരു ബംഗ്ലാദേശ് പൗര എന്ന നിലയിലുള്ള മൗലികാവകാശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നിർണായക ചുവടുവെപ്പാണിതെന്ന് ഹസീനയുടെ സഹായി അബു ഉബൈദ അരിൻ പറഞ്ഞതായാണ് റിപ്പോർട്ട്.

2024 ഓഗസ്റ്റ് 5 ന് ബംഗ്ലാദേശ് വിട്ടതിനു ശേഷം ഹസീനയുടേതായി പുറത്തുവരുന്ന ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. രാജ്യാന്തര മനുഷ്യാവകാശ ഉടമ്പടികളുടെയും ബംഗ്ലാദേശ് പൗരത്വത്തിന്റെയും അടിസ്ഥാനത്തില്‍ അപേക്ഷകളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്ന ബംഗ്ലാദേശ് സർക്കാർ, അവർക്ക് മടങ്ങിവരാൻ പുതിയ രേഖകളുടെ ആവശ്യമില്ലെന്ന നിലപാടാണ് നേരത്തെ സ്വീകരിച്ചിരുന്നത്.

കോടതിയില്‍ കീഴടങ്ങാനാണ് തന്റെ തീരുമാനമെന്ന് ഹസീന നേരത്തെ അറിയിച്ചിരുന്നു. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാകുന്ന മുറയ്ക്ക് അവരുടെ മടക്ക തീയതി പ്രഖ്യാപിക്കുമെന്ന് സഹായികള്‍ വ്യക്തമാക്കി.

വിദ്യാർത്ഥി പ്രക്ഷോഭകർക്ക് നേരെ അടിച്ചമർത്തലിന് ഉത്തരവിട്ടതുമായി ബന്ധപ്പെട്ട കേസില്‍ ബംഗ്ലാദേശിലെ യുദ്ധക്കുറ്റ വിചാരണ കോടതി മുൻ പ്രധാനമന്ത്രിക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്. 2024 ജൂലൈയിലെ പ്രക്ഷോഭങ്ങളെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട് പലായനം ചെയ്ത ഹസീന ഇന്ത്യയില്‍ അജ്ഞാത കേന്ദ്രത്തിലാണ് താമസിച്ച്‌ വരുന്നത്. ജയില്‍വാസം നേരിടാൻ തയ്യാറായി താൻ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണെന്ന് ഈ വർഷം സെപ്റ്റംബറില്‍ ഹസീന വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!