KSDLIVENEWS

Real news for everyone

കൈക്കൂലിക്കാരെ‌ പുകച്ചു ചാടിക്കും: ഒന്നര മാസത്തിനുള്ളിൽ വിജിലൻസ് ജില്ലയിൽ പിടികൂടിയത് 3 സർക്കാർ ജീവനക്കാരെ

SHARE THIS ON

കാസർകോട് ∙ കൈക്കൂലി വാങ്ങുന്നതിനിടെ ഒന്നര മാസത്തിനുള്ളിൽ വിജിലൻസ് ജില്ലയിൽ പിടികൂടിയത് 3 സർക്കാർ ജീവനക്കാരെ. സർക്കാർ ഓഫിസുകളിലെ അഴിമതി സംബന്ധിച്ചുള്ള പരാതികൾ നൽകുന്നവരുടെ എണ്ണം കൂടുകയും വിജിലൻസ് നടപടികൾ കർശനമാക്കുകയും ചെയ്തതോടെയാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥർ അഴിയെണ്ണിത്തുടങ്ങിയത്. കൈക്കൂലി നൽകാതെ ചില ഓഫിസുകളിൽ ഫയലുകൾ നീങ്ങില്ലെന്ന പരാതി ഉയരുമ്പോഴും കഴിഞ്ഞ 4 വർഷത്തിനിടെ അഴിമതിക്കാരായ 3 ഉദ്യോഗസ്ഥരെ മാത്രമാണു വിജിലൻസിന് അറസ്റ്റ് ചെയ്യാനായത്. 2017 ഒക്ടോബർ 10ന് ബദിയടുക്കയിലെ ഒരു ഓവർസീയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരുന്നു. അതിനു ശേഷം ഇപ്പോഴാണ് 3 പേർ കൂടി പിടിയിലായത്.

കഴിഞ്ഞ 2 മാസത്തിനുള്ളിൽ 3 കേസുകളിൽ ഉദ്യോഗസ്ഥരിൽ നിന്നു കണക്കിൽപ്പെടാത്ത പണം പിടികൂടിയിരുന്നു. കാഞ്ഞങ്ങാട് മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥനു നൽകാൻ സൂക്ഷിച്ച പണം സമീപത്തെ കടയിൽ നിന്നു പിടികൂടിയിരുന്നു. തലപ്പാടി മോട്ടർ വാഹനവകുപ്പ് ചെക്പോസ്റ്റ്, പെർള ആർടിഒ ചെക്പോസ്റ്റ് എന്നിവിടങ്ങളിൽ നിന്നും അനധികൃത പണം പിടികൂടി.ചെങ്കള കൃഷിഭവനിലെ കൃഷി ഓഫിസർ എറണാകുളം സ്വദേശി പി.ജി.അജിയെ കഴിഞ്ഞ ചൊവ്വാഴ്ചയും ചീമേനി വില്ലേജ് ഓഫിസർ കരിവെള്ളൂർ തെരുവിലെ എ.വി.സന്തോഷ്, വില്ലേജ് അസിസ്റ്റന്റ് കണ്ണുർ തവിടിശ്ശേരി പെരുന്തട്ടയിലെ കെ.സി.മഹേഷ് എന്നിവരെ നവംബർ 5നുമാണ് വിജിലൻസ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുന്നത്. കൈക്കൂലിക്കാരായ ചില ഉന്നത ഉദ്യോഗസ്ഥർ വിജിലൻസിന്റെ കയ്യിൽ നിന്നു രക്ഷപ്പെടുന്നത് പതിവാണ്.

വിജിലൻസ് ജനങ്ങളോട്പറയുന്നത്

ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി കൂടുതലായി എത്തുന്നതു വില്ലേജ്, താലൂക്ക്, പഞ്ചായത്ത്, നഗരസഭ, കൃഷി, റജിസ്ട്രേഷൻ തുടങ്ങിയ ഓഫിസുകളിലാണ്. ഈ ഓഫിസുകളെ സംബന്ധിച്ചാണ് ഏറെ പരാതികൾ ലഭിക്കുന്നതും. ഫോണിലും നേരിട്ടും കത്തിലുമായാണ് പരാതികളധികവും. എന്നാൽ വിജിലൻസിന്റെ ‘കൈക്കൂലി ഓപറേഷൻ ’ പരിപാടിയിൽ പരാതിക്കാർ പലരും സഹകരിക്കാത്തതിനാലാണ് കൈക്കൂലി ആവശ്യപ്പെടുന്നവർ പിടിക്കപ്പെടാതെ പോകുന്നത്. ലൈഫ് മിഷൻ പദ്ധതിയിലേക്ക് അപേക്ഷ നൽകുന്നതിന് ആവശ്യമായ രേഖകൾ തയാറാക്കുന്നതിനു പോലും 10000 രൂപയാണ് ചില ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. ഇതു നൽകാൻ സാധിക്കാത്തവർക്കു രേഖകളും നൽകുന്നില്ല. പണം നൽകാതെ കാര്യം സാധിക്കില്ലെന്ന സാഹചര്യമുണ്ടായാൽ വിജിലൻസിനെ അറിയിക്കുകയും മറ്റു നടപടികളിൽ പരാതിക്കാർ കൂടെ ഉണ്ടാകുകയും വേണം. ഇനിയും ചില ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. കൈക്കൂലി ആവശ്യപ്പെടുന്ന ജീവനക്കാർ ഉണ്ടെങ്കിൽ വിവരം അറിയിക്കണമെന്നു വിജിലൻസ് ഡിവൈഎസ്പി കെ.വി.വേണുഗോപാൽ പറഞ്ഞു. ഫോൺ 04994 255889, 9447582442

സർക്കാർ ജീവനക്കാരുടെ അഴിമതിക്കെതിരെ ശക്തമായ നിലപാടാണു സംഘടന സ്വീകരിച്ചിട്ടുള്ളത്. അഴിമതിക്കാർ സംഘടനയിലോ അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലോ ഉണ്ടെങ്കിൽ കഴുത്തിനു പിടിച്ചു പുറത്താക്കുന്ന സമീപനമാണു സ്വീകരിക്കുന്നത്. എന്നാൽ അഴിമതി കേസുകളിൽപ്പെട്ട ജീവനക്കാരെ പ്രസ്തുത സംഘടനയിൽ നിന്നു ഒഴിവാക്കിയാൽ ചില സർവീസ് സംഘടനകൾ അവരെ ഏറ്റെടുക്കുന്നതിനോടു യോജിപ്പില്ല.

കെ.പി.ഗംഗാധരൻ,

ജില്ലാ സെക്രട്ടറി, എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി

കൈക്കൂലി വാങ്ങുന്ന അഴിമതിക്കാരായ ജീവനക്കാരെ സർവീസിൽ നിന്നു പുറത്താക്കണമെന്നാണു സംഘടന ആവശ്യപ്പെടുന്നത്. അഴിമതിക്കാരായ ജീവനക്കാരെ ഒരു കാരണവശാലും സർവീസ് സംഘടനകൾ സഹായിക്കാൻ പാടില്ല.

കെ.നരേഷ്കുമാർ, 

ജോയിന്റ് കൗൺസിൽ 

സംസ്ഥാന വൈസ് ചെയർമാൻ.

നിസാരമായ കാര്യങ്ങൾക്കു വേണ്ടി പൊതുജനങ്ങളെ ചൂഷണം ചെയ്യുകയാണ് ധനമോഹികളായ ചില ജീവനക്കാർ. കൈക്കൂലി ആവശ്യപ്പെടുന്ന ജീവനക്കാർക്കെതിരെ പരാതി നൽകാനും പ്രതികരിക്കാനും തയാറാകുന്നത് നല്ല കാര്യമാണ്. കുറവുകളും പോരായ്മകളും ഉണ്ടെങ്കിലും സർക്കാർ ജീവനക്കാർക്കു ശമ്പളം കൃത്യമായി കിട്ടുന്നു. ഇതിനു പുറമേ കൈക്കൂലിയിലൂടെ പണം സമ്പാദിക്കുന്നവരുണ്ടെങ്കിൽ അവർ സർവീസിൽ നിന്നു പുറത്താക്കണം.

വി.ദാമോദരൻ,

പ്രസിഡന്റ് എൻജിഒ അസോസിയേഷൻ

അഴിമതിക്കാരായ ജീവനക്കാരെ സർവീസിൽ നിന്നു പിരിച്ചുവിടണം. അഴിമതി നടത്താൻ സാധിക്കുന്ന രീതിയിലുള്ള സ്ഥലം മാറ്റം സംഘടിപ്പിക്കുന്ന പ്രവണത സിവിൽ സർവീസിലുണ്ട്.

പി.പീതാംബരൻ, 

എൻജിഒ സംഘ്, 

സംസ്ഥാന വൈസ് പ്രസിഡന്റ് 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!