എയർ മാർഷൽ പദവിയിലേക്ക് ബി. മണികണ്ഠൻ; ഈ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളി

കോട്ടയം: ‘‘അമ്മേ എനിക്ക് പ്രൊമോഷനായി’’ തിങ്കളാഴ്ച രാവിലെ വ്യോമസേനയിൽ എയർ മാർഷലായി നിയമിതനാകുന്ന വിവരം തിരുവാർപ്പിലെ വീട്ടിലേക്ക് വിളിച്ച് അമ്മ ലക്ഷ്മിക്കുട്ടിയമ്മയോട് പറഞ്ഞു.
‘‘സൈനികസ്കൂളിൽ പ്രവേശനം കിട്ടി അവൻ പോകുമ്പോഴത്തെ മുഖമായിരുന്നു അപ്പോൾ എന്റെ മനസ്സിൽ; അന്ന് വലിയ വിഷമമായിരുന്നു. ഇപ്പോൾ അവൻ രാജ്യത്തിന്റെ മകനായി’’- ലക്ഷ്മിക്കുട്ടിയമ്മയുടെ മുഖത്ത് സന്തോഷവും അഭിമാനവും കണ്ണീരായി പടർന്നു.
മലപ്പുറം അരീക്കോട് എസ്.ഒ.എച്ച്.എസ്. റിട്ട. അധ്യാപകൻ തിരുവാർപ്പ് രേവതിയിൽ ബാലകൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് എയർ മാർഷൽ പദവിയിലേക്കെത്തുന്ന ബി. മണികണ്ഠൻ. ഈ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി. വ്യോമസേനാ മേധാവിയുടെ തൊട്ടുതാഴെയുള്ള പദവിയാണിത്. നിലവിൽ എയർ വൈസ്മാർഷലാണ് 55 കാരനായ മണികണ്ഠൻ. ജൂലായ് പത്തിനാണ് നാട്ടിൽ വന്നുമടങ്ങിയത്. വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രിയങ്കരനായ ‘കുട്ട’ന്റെ ഉയരങ്ങളിലേക്കുള്ള കുതിപ്പിൽ അഭിമാനിക്കുകയാണ് തിരുവാർപ്പ് എന്ന ഗ്രാമവും.

