തേനിയിൽ 17 പേർ ജയിൽ ചാടി, ഒരാൾ അറസ്റ്റിൽ; കേരളാ അതിർത്തിയിലടക്കം പരിശോധന

ചെന്നൈ: തേനി ആണ്ടിപെട്ടിയിലെ സബ്‌ജയിലിൽ നിന്നും 17 പേർ ചാടിപ്പോയി. സുരക്ഷക്കുണ്ടായിരുന്ന ജയിൽ ജീവനക്കാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപെട്ടത്. തിരച്ചിലിനൊടുവിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ കണ്ടെത്താൻ 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കേരള തമിഴ്നാട് അതിർത്തിലെ ചെക്ക് പോസ്‌റ്റുകളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷപെട്ടവർ ഇടുക്കി വഴി കേരളത്തിലേയ്ക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാലാണിത്. വില്ലുപുരം ജില്ലയിൽ നിന്നുള്ളവരാണ് ജയിൽ ചാടിയവരിൽ ഏറെയുമെന്നാണ് സൂചന.
17 പ്രതികളും ഒരു സെല്ലിലാണ് കഴിഞ്ഞിരുന്നത്. തടവുകാരിൽ ഒരാൾക്ക് സുഖമില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ജയിൽ ജീവനക്കാർ സെല്ലിനുള്ളിൽ പ്രവേശിച്ചപ്പോൾ ജീവനക്കാരെ ആക്രമിക്കുകയും ജയിലിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ ഗ്രേഡ് II പോലീസ് ഉദ്യോഗസ്ഥൻ തങ്കപാണ്ഡിക്ക് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ജി. വിളക്കിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയിൽ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു.

